Friday, 1 May 2020

*നമുക്കെന്ത് മെയ്ദിനം..!*

നമസ്തെ
*മഹാത്മ അയ്യങ്കാളി, ശ്രീ നാരായണ ഗുരുദേവൻ, ഭാഭാ സാഹേബ് അംബേദ്ക്കർ, ബാലഗംഗാധര തിലകൻ തുടങ്ങിയ മഹാരഥന്മാർ നിറഞ്ഞ് നിൽക്കുന്ന ഹിമവത് സൃംഗ തുല്യമായ ഭാരതീയ തൊഴിലാളി പരിപ്രേഷ്യത്തിൽ, ഒരു ദേശീയവാദിക്ക് ഒരിക്കലും സമരസപ്പെടാൻ, മാതൃകയാക്കാൻ സാധിക്കില്ല മെയ് ദിനത്തോട്..*

സോഷ്യലിസ്റ്റുകളുടേയും കമ്മ്യൂണിസ്റ്റുകളുടേയും ആഗോളകൂട്ടായ്മയുടെ രണ്ടാം ഇന്റർനാഷണലാണ് 1886 ൽ മെയ്‌ദിനം പ്രഖ്യാപിച്ചത്. എന്നാൽ ഇന്ന് പല രാജ്യങ്ങളും അവരവരുടെ പ്രാധാന്യമുള്ള ദിനമാണ് ആചരിക്കുന്നത്.

ട്രേഡ് യൂണിയനുകൾ വ്യാവസായിക വിപ്ലവത്തിന്റെ ഉത്പന്നമാണ്. വ്യാവസായിക വിപ്ലവത്തിന് തുടക്കം കുറിച്ച ഇംഗ്ലണ്ടിലാണ്, ആധുനിക ട്രേഡ് യൂണിയൻ പ്രസ്ഥാനം ആവിർഭവിച്ചത്. എന്നാൽ ഭാരതത്തിൽ അവകാശ സമരങ്ങൾക്കൊപ്പം തന്നെ നവോത്ഥാനവും സാമൂഹിക പരിഷ്കാരവും സേവനവും സാമൂഹിക നീതിയും സമരസതയും തൊഴിൽ മേഖലകളിൽ നിറഞ്ഞു നിന്നു. ഒപ്പം സ്വാതന്ത്ര സമരവും ഓരം ചേർന്ന് ശക്തി പ്രാപിച്ചിരുന്നു.

ഭാരതത്തെ, ദേശീയവാദികളെ സംബന്ധിച്ചിടത്തോളം ജെഎൻയൂവിയൻ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരും കമ്മ്യൂണിസ്റ്റ് ഭരണകൂടവും ഒരുമിച്ച് ചരിത്രത്താളുകളിൽ നിന്നും അടർത്തി മാറ്റിയ, മറച്ചുവെച്ച ഒട്ടനവധി തൊഴിൽ സമരങ്ങളുണ്ട്.

ഭാരതത്തിലും വിശിഷ്യ കേരളത്തിലും ആദ്യകാല തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയത് സാമൂഹിക പ്രവർത്തകരായിരുന്നു. മുതലാളിത്ത വ്യവസ്ഥയോടുള്ള താത്ത്വികമായ എതിർപ്പിനേക്കാൾ പ്രധാനമായി ഇവരെ ഇതിനു പ്രേരിപ്പിച്ചത് തൊഴിലാളികളുടെ ദുരിതപൂർണമായ ജീവിത സാഹചര്യങ്ങളായിരുന്നു.

സമരങ്ങളിൽ ഏറ്റവും പ്രാധാന്യം കല്ലിശ്ശേരി വേലായുധ പണിക്കരുടേയും അയ്യങ്കാളിയുടേയും നേതൃത്വത്തിൽ തിരുവിതാംകൂറിൽ നടന്ന ഐതിഹാസികമായ തൊഴിലാളി സമരങ്ങളാണ്.

ചരിത്രം കുറിച്ച മലയാള മണ്ണിലെ സമരങ്ങൾ (ചുരുക്കത്തിൽ):

*1866 ലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരം :*

1886 ലെ "മെയ് ദിന"ത്തിനും മുൻപ് 1866 ല്‍ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരം സംഘടിപ്പിച്ചത് വേലായുധപ്പണിക്കർ ആയിരുന്നു. അത് നവോത്ഥാന സമരം കൂടിയായിരുന്നു. ആദ്യത്തെ കർഷകത്തൊഴിലാളി സമരം പൂർണ വിജയം ആയിരുന്നു.

*366 ദിവസം നീണ്ട അയ്യങ്കാളിയുടെ സമരങ്ങൾ :*

അയ്യങ്കാളിയുടെ നേതൃത്വത്തിൽ 1904 മുതൽ ഏകദേശം 1905 വരെ 366 ദിവസം നീണ്ട തിരുവിതാംകൂറിലെ നവോത്ഥാന തൊഴിൽ സമരങ്ങൾ ഒരു പക്ഷേ ലോകത്തിലെ തന്നെ ആദ്യത്തെ കർഷക പണിമുടക്കിലേക്കാണ് (1913 ജൂൺ) വഴി തെളിച്ചത്. തിരുവിതാംകുറിൽ തുടങ്ങിയ പ്രക്ഷോഭം കൊല്ലത്തേക്കും ആലപ്പുഴയിലേക്കും പടർന്നു. അയങ്കാളിയുടെ ശക്തമായ സമരങ്ങൾ അവകാശങ്ങൾ നേടിയെടുക്കുക തന്നെ ചെയ്തു. തൊഴിൽ ആഴ്ചയിൽ 6 ദിനമാക്കുക, കൂലി പണമായി നൽകുക,തൊഴിലാളികളുടെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുക എന്നിവയായിരുന്നു സമരാവശ്യങ്ങൾ. കൂടാതെ സഞ്ചാര സ്വാതന്ത്ര്യവും ആരാധനാലയ പ്രവേശനവും സ്കൂള്‍ പ്രവേശനവും മഹാത്മാ അയ്യങ്കാളിയുടെ ആവശ്യങ്ങളായിരുന്നു.

*EMS തിരസ്കരിച്ച അയ്യങ്കാളി :*

ആദ്യമായി തൊഴിലാളി പ്രക്ഷോഭം നടത്തിയത് 1921ൽ കമ്മ്യൂണിസ്റ്റുകാർ ആണെന്ന പച്ച നുണയാണ് കേരള ചരിത്രം വളച്ചൊടിച്ച് കമ്മ്യൂണിസ്റ്റുകൾ പ്രചരിപ്പിച്ചത്. അയങ്കാളിയുടെ ചരിത്രം പോലും EMS തന്റെ "കേരള ചരിത്ര"മെന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയില്ല.

*ശ്രീ നാരായണ ഗുരുദേവന്റെ പങ്ക് :*

തൊഴിലാളി സമരങ്ങൾക്കായ് അയങ്കാളിക്ക് ഗുരുതുല്യമായ പിന്തുണ നൽകിയ ഗുരുദേവന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ആദ്യ തൊഴിലാളി സംഘടനയായ തിരുവിതാംകൂര്‍ ലേബര്‍ അസോസ്സിയേഷന് വാടപ്പുറം ബാവ രൂപം നല്‍കുന്നത്. 1922 മാര്‍ച്ച് 31ന് ആലുംമൂട്ടില്‍ കേശവന്റെ വക സ്ഥലത്ത് കേരളത്തിലെ ആദ്യതൊഴിലാളി പ്രസ്ഥാനം രൂപീകരിക്കാന്‍ കൂടിയ യോഗത്തിൽ വാടപ്പുറം പി.കെ. ബാവയ്ക്കൊപ്പം എന്‍. കൃഷ്ണനും ഉണ്ടായിരുന്നു. ഗുരുദേവന്‍ പറഞ്ഞിട്ടാണ് സംഘം തുടങ്ങുന്നതെന്നറിഞ്ഞപ്പോള്‍ തൊഴിലാളികള്‍ക്ക് മറിച്ച് ചിന്തിക്കാനേ തോന്നിയില്ല. 1922 ഏപ്രില്‍ 23 ന് ആലപ്പുഴ കളപ്പുര ക്ഷേത്ര മൈതാനത്തായിരുന്നു 'തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍' എന്ന ആദ്യ തൊഴിലാളി സംഘത്തിന്റെ ഉദ്ഘാടന സമ്മേളനം. അതില്‍ മുഖ്യ അതിഥിയായി എത്തിയത് ഗുരുശിഷ്യൻ സത്യവ്രതന്‍ സ്വാമികളായിരുന്നു.

ശ്രീനാരായണഗുരുവിന്റെ നിര്‍ദ്ദേശം ടി.കെ. മാധവനിലും എത്തി. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് എസ്എന്‍ഡിപി യോഗത്തിന്റെ അന്നത്തെ നേതാവായിരുന്ന ടി.കെ. മാധവനും സുപ്രധാന പങ്ക് വഹിച്ചു.

ഇനിയും ഒന്നു കൂടിയുണ്ട്. ആദ്യത്തെ തൊഴിലാളി സംഗമവും വ്യവസായ പ്രദര്‍ശനവും കൊല്ലത്ത് നടന്ന രണ്ടാം വാര്‍ഷിക യോഗത്തോടനുബന്ധിച്ച് എസ്എന്‍ഡിപി യോഗം സംഘടിപ്പിച്ചു.

തീർന്നില്ല, ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്ന, ആരാധനാ സ്വാതന്ത്ര്യം, വോട്ടവകാശം, സര്‍ക്കാര്‍ ജോലി തുടങ്ങിയ പൗരാവകാശങ്ങള്‍ക്കായ് സമരം നടത്തിയ സി. കേശവൻ ശ്രീനാരായണ ഗുരു ഭക്തനായിരുന്നു. എസ്എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം.

1937 മേയ് 22 ന് കേരളത്തിൽ ആദ്യമായി ചുറ്റിക അരിവാള്‍ ആലേഖനം ചെയ്ത ചെങ്കൊടി ആലപ്പുഴയിൽ അസോസിയേഷന്‍റെ 15 മത് വാർഷിക സമ്മേളന നഗറിൽ ഉയര്‍ത്തിയത് അസോസിയേഷൻ പ്രസിഡന്റും S N D P യോഗം ജനറൽ സെക്രട്ടറിയും ഗുരുഭക്തനുമായ വി.കെ.വേലായുധന്‍ ആയിരുന്നു. കണ്ണൂരിലെ ആദ്യ ബീഡി തൊഴിലാളി യൂണിയന്‍ ഗുരുവിന്റെ പേരിലായിരുന്നു.

*കമ്മ്യൂണിസത്തിന്റെ വർഗ്ഗ വഞ്ചനയുടെ ആരംഭം :*

ആഗോളതലത്തിൽ കമ്മ്യൂണിസത്തിന്റെ വർഗ്ഗ വഞ്ചനയുടെ ആരംഭം വെളിപ്പെടുത്തിയ നിരവധി സംഭവങ്ങൾ ഇതോടൊപ്പം ഉണ്ടായി. 1889-ൽ മെയ് ഒന്ന് അന്താരാഷ്‌ട്ര തൊഴിലാളി ദിനമായി ആചരിക്കാൻ തിരുമാനിച്ച രണ്ടാം ഇന്റർനാഷണൽ സമ്മേളനം രൂപകല്പന ചെയ്ത ഇന്റർനാഷണൽ സെക്രട്ടേറിയറ്റ് കാലക്രമേണ വേൾഡ് ഫെഡറേഷൻ ഒഫ് ട്രേഡ് യൂണിയൻസ് (World Federation of Trade Unions-WFTU) ആയി പുനഃസംഘടിപ്പിക്കപ്പെടുകയും അതിനെ കമ്മ്യൂണിസ്റ്റുകാർ പിളർത്തുകയും ചെയ്തു. (കമ്മ്യൂണിസ്റ്റിതര സംഘടനകൾ ചേർന്ന് ബ്രസ്സൽസ് ആസ്ഥാനമായി 1949-ൽ ഇന്റർനാഷണൽ കോൺ ഫെഡറേഷൻ ഒഫ് ഫ്രീ ട്രേഡ് യൂണിയൻസ് International Confederation of Free Trade Unions-ICFTU എന്ന സംഘടന രൂപീകരിച്ചു.)

1905 ൽ സെന്റ് പീറ്റേഴ്സ് ബർഗ് നഗരത്തിൽ, 'വർക്കേഴ്സ് ഡെപ്യൂട്ടീസിന്റെ സോവിയറ്റ്' എന്ന പേരിൽ ഒരു സംഘടന രൂപം കൊണ്ടതോടെയാണ്, റഷ്യയിലെ സ്വതന്ത്ര ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ഇതേ വർഷം നടന്ന റഷ്യൻ ട്രേഡ് യൂണിയന്റെ പ്രഥമ കോൺഗ്രസിൽ മോസ്കോയിലേയും ഇതര വ്യവസായ നഗരങ്ങളിലേയും നാല്പതോളം സ്വതന്ത്രയൂണിയനുകൾ പങ്കെടുത്തു.

1905 ലെ ജനാധിപത്യ വിപ്ലവത്തിന്റെ പരാജയത്തെത്തുടർന്ന് സാർ ഭരണകൂടം സ്വതന്ത്ര ട്രേഡ് യൂണിയനുകളെ നിരോധിച്ചു. പിന്നീട് 1917 ലാണ് 'പെട്രോഗ്രാഡ് സോവിയറ്റ്' എന്ന പേരിൽ തൊഴിലാളികൾ സംഘടിച്ചത്. റഷ്യയിലെ ട്രേഡ് യൂണിയൻ കൗൺസിലുകളായ സോവിയറ്റുകൾ, ഇതര രാജ്യങ്ങളിലെ ട്രേഡ് യൂണിയനുകളിൽ നിന്നു വ്യത്യസ്തമാണ്. മാർക്സിസത്തിന്റെ ഭരണകൂട സിദ്ധാന്തമായ 'തൊഴിലാളിവർഗ സർവാധിപത്യം' എന്ന സങ്കല്പത്തിന്റെ സംഘടനാരൂപമായിരുന്നു സോവിയറ്റുകൾ. തൊഴിലാളികളുടെ സാമ്പത്തികാവകാശങ്ങൾ നേടിയെടുക്കുക എന്നതിലുപരി, തൊഴിലാളിവർഗ ഭരണകൂടത്തിന്റെ അടിസ്ഥാന ഘടകം എന്ന നിലയ്ക്കാണ് സോവിയറ്റുകളെ വിഭാവന ചെയ്തിരുന്നത്. ഈ കാലഘട്ടത്തിൽ റഷ്യൻ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിനുള്ളിൽ മെൻഷെവിക്കുകൾ എന്നും ബോൾഷെവിക്കുകൾ എന്നുമുള്ള രണ്ടു വിഭാഗങ്ങൾ രൂപംകൊണ്ടു. ക്രമാനുഗതമായ പരിഷ്ക്കാരങ്ങളുടെ വക്താക്കളായ മെൻഷെവിക്കുകളെ എതിർത്ത ബോൾഷെവിക്കുകൾ സായുധവിപ്ലവത്തിലൂടെ രാഷ്ട്രീയാധികാരം പിടിച്ചെടുക്കണമെന്നു വാദിച്ചു. ലെനിനും ട്രോട്സ്കിയുമാണ് ബോൾഷെവിക്കുകൾക്കു നേതൃത്വം നൽകിയിരുന്നത്.

ഒക്ടോബർ സോഷ്യലിസ്റ്റു വിപ്ലവത്തിലൂടെ കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നു തുടർന്ന് സോവിയറ്റ് യൂണിയനിൽ "സ്വതന്ത്ര ട്രേഡ് യൂണിയൻ" എന്ന ആശയം ഉപേക്ഷിക്കപ്പെട്ടു. ഗവൺമെന്റിന്റേയും പാർട്ടിയുടേയും ഉപകരണ വാദപരമായ സമീപനത്തിനു മുൻതൂക്കം ലഭിച്ചു. സ്റ്റാലിന്റെ രഹസ്യപ്പോലീസുകാരാൽ വധിക്കപ്പെട്ട ട്രോട്സ്ക്കിയും ആദ്യനാളുകളിൽ ഇതേ വീക്ഷണം തന്നെയായിരുന്നു. മൈക്കിൾ ടോംസ്കിയെപ്പോലുള്ളവർ സ്വതന്ത്ര ട്രേഡ് യൂണിയനുകൾക്കുവേണ്ടി വാദിച്ചു. പക്ഷേ, സ്റ്റാലിന്റെ ഏകാധിപത്യവാഴ്ചയിൽ ട്രേഡ് യൂണിയനുകളെ സംബന്ധിച്ചുള്ള എല്ലാ ഭിന്നാഭിപ്രായങ്ങളും അടിച്ചമർത്തപ്പെട്ടു. സ്റ്റാലിനിസ്റ്റു സർവാധിപത്യത്തിനെതിരെ, രഹസ്യസംഘടനകൾ രൂപീകരിച്ചുകൊണ്ട് തൊഴിലാളികൾ നടത്തിയ പ്രതിഷേധം 'തൊഴിലാളി പ്രതിപക്ഷം' (വർക്കേഴ്സ് ഓപ്പസിഷൻ) എന്നാണറിയപ്പെട്ടിരുന്നത്.

*മെയ് ദിന സമര നായകനെ പുറന്തള്ളിയ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി :*

മെയ് ദിനമായി പ്രഖ്യാപിക്കപ്പെട്ട ചിക്കാഗോ സമരത്തിന് നേതൃത്വം നൽകി തൊഴിലാളികളെ സംഘടിപ്പിച്ച്‌ സമരത്തിന് ആരംഭിച്ച ഐറാ സ്റ്റുവാർഡ് എന്ന ഇരുമ്പ് പണിക്കാരനായ തൊഴിലാളി നേതാവിനെ തൊഴിലാളി സമര ചരിത്രത്തിൽ നിന്നും കമ്മ്യൂണിസ്റ്റുകാർ വെട്ടിമാറ്റുകയാണ് ചെയ്തത്.

*ലേബര്‍ യൂണിയന്‍ ഹൈജാക്ക് ചെയ്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി :*

പി. കൃഷണപിള്ളയും, ടി.വി. തോമസും, പി. കേശവദേവും ഒക്കെ തൊഴിലാളി സംഘടനയിലേക്ക് കടന്നു വന്നത് ബാവയുടെ ‘ലേബര്‍ യൂണിയന്‍’ എന്ന സംഘടനയിലൂടെ ആയിരുന്നു. പിന്നീടു 1938-39 കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി കേരളത്തില്‍ രൂപംകൊണ്ടപ്പോള്‍ പാര്‍ട്ടി ബാവ തുടങ്ങിവച്ച പ്രസ്ഥാനത്തിന്‍റെ പിതൃത്വം തട്ടിയെടുത്ത് സ്വതസിദ്ധമായ ജന വഞ്ചനയും പ്രാവർത്തികമാക്കി.

ദേശീയ തലത്തിൽ നടന്ന ചില സമരങ്ങൾ (ചുരുക്കത്തിൽ)

*1. മഹാത്മാ ഫൂലെയുടെ അനുയായിയായിരുന്ന എൻ.എം. ലോക്കാ.*

മഹാത്മാ ഫൂലെയുടെ അനുയായി ആയിരുന്ന എൻ.എം. ലോക്കാ 1880 ൽ ദീനബന്ധു എന്ന പേരിൽ ഒരു വാരിക ആരംഭിച്ചു തൊഴിലാളികളുടെ പ്രശ്നങ്ങൾ പ്രചരിപ്പിച്ചു. തൊഴിൽ സമയം കുറയ്ക്കണമെന്നാവശ്യപ്പെട്ട് സമരങ്ങൾ സംഘടിപ്പിക്കുകയും 1890 ൽ ബോംബെ മിൽ ഹാൻഡ്സ് അസോസിയേഷൻ രൂപീകരിക്കുകയും ചെയ്തു.1890 കളുടെ മധ്യത്തിൽ കൽക്കട്ട, ബോംബെ, അഹമ്മദാബാദ്, സൂററ്റ്, മദ്രാസ്, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്ന തുണിമില്ലുകൾ, റെയിൽവേ, തോട്ടങ്ങൾ, പോസ്റ്റ് ആൻഡ് ടെലഗ്രാഫ് തുടങ്ങിയ സ്ഥാപനങ്ങളിൽ തൊഴിൽ സമരങ്ങൾ നടന്നു.

*2. ശശിപാദ ബാനർജി എന്ന ബ്രഹ്മസമാജ പ്രവർത്തകൻ :*

ഇതേ കാലത്ത് ശശിപാദ ബാനർജി എന്ന ബ്രഹ്മസമാജ പ്രവർത്തകൻ ബംഗാളിലെ തുണിമിൽ തൊഴിലാളികൾക്കിടയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. അവരിൽ അവകാശ ബോധം വളർത്തുന്നതിനുവേണ്ടി അദ്ദേഹം 1874 ൽ "ഭാരത് ശ്രമജീവി" പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു.

*3. ബംഗാളി സാഹിത്യകാരനായ ദ്വാരക്നാഥ് ഗാംഗുലി :*

1880 ൽ തേയിലത്തോട്ടങ്ങളിലെ അടിമത്തപരമായ തൊഴിൽ സാഹചര്യങ്ങൾക്കെതിരായി ബംഗാളി സാഹിത്യകാരനായ ദ്വാരക്നാഥ് ഗാംഗുലിയുടെ നേതൃത്വത്തിൽ സമരങ്ങൾ നടന്നു. 1882 നും 1890 നുമിടയിൽ മദ്രാസിലും ബോംബെയിലും 25 ഓളം പണിമുടക്കുകൾ നടന്നു.

*4. ബാലഗംഗാധര തിലകൻ :*

ദേശീയ തലത്തിലെ ശക്തനായ തൊഴിലാളി നേതാവ് കൂടി ആയിരുന്നു തിലകൻ. അത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം കൂടിയായിരുന്നു. ബാലഗംഗാധര തിലകന്റെ അറസ്റ്റിനെതിരായി ബോംബെയിൽ നടന്ന പണിമുടക്കു സമരം ഇന്ത്യയിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സുപ്രധാന സംഭവമാണ്. 1920 ൽ ആൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് രൂപീകരണത്തിന് തിലകൻ സുപ്രധാന പങ്ക് വഹിച്ചു. ലാലാ ലജപത് റായി ആയിരുന്നു ആദ്യ പ്രസിഡന്റ്. 1921ൽ വെയിൽസ് രാജകുമാരന്റെ സന്ദർശന വേളയിൽ ബോംബെയിലെ ലക്ഷക്കണക്കിന് തൊഴിലാളികൾ പണിമുടക്കുകയും തെരുവിൽ പ്രകടനങ്ങൾ നടത്തുകയും ചെയ്തു.

*5. മഹാത്മാഗാന്ധി :*

1918 ൽ ഗാന്ധിജി അഹമ്മദാബാദ് ടെക്സ്റ്റൈൽ ലേബർ അസ്സോസിയേഷൻ രൂപീകരിച്ച്‌ 14,000 അംഗങ്ങളുമായ് സമരമുഖത്തിറങ്ങി.

*6. ഡോ. ബാബ സാഹേബ് അംബേദ്ക്കർ :*

ദേശീയ തലത്തിൽ ഒരാളെ കൂടി പരാമർശിക്കാതെ പോകാൻ വയ്യ. ഭാരതത്തിൽ 1932 ലെ പൂന ഫാക്റ്റും, 1938 ലെ തൊഴിലാളി സമരവും നടത്തിയ ഡോ. അംബേദ്‌കർ. കമ്മ്യൂണിസവും ജനാധിപത്യവും ഒരുമിച്ചു പോകില്ല എന്ന് വ്യക്തമാക്കിയ അംബേദ്‌കർ ദേശീയ സമൂഹത്തിന്റെ ദീർഘ ദർശിയായ നവോത്ഥാന നേതാവും സാമുഹ്യ സമരസതയുടെ സമര മുഖങ്ങൾ തുറന്ന ഭാരതീയനുമായിരുന്നു.

*സംഘടിത സമരങ്ങൾ :*

1899 ൽ ഇന്ത്യൻ റെയിൽവേയിലാണ് ആദ്യമായി സംഘടിതവും രാജ്യവ്യാപകവുമായ പണിമുടക്കു നടന്നത്. ബാലഗംഗാധര തിലകന്റെ മറാത്ത, കേസരി മാസികകൾ പണിമുടക്കിനെ പിന്തുണച്ചു.

1905 ൽ ബംഗാളിലെ പല ഭാഗങ്ങളിലും തൊഴിലാളികളുടെ പണിമുടക്കുകൾ പൊട്ടിപ്പുറപ്പെട്ടു. അതേവർഷം തന്നെയാണ് പ്രിന്റേഴ്സ് യൂണിയൻ നിലവിൽ വന്നത്.

*1906 ൽ ഈസ്റ്റ് ഇന്ത്യൻ റെയിൽവേയിലെ ക്ലെറിക്കൽ തൊഴിലാളികൾ പണിമുടക്കുകയും 'റെയിൽവേ മെൻസ് യൂണിയന്' രൂപം നൽകുകയും ചെയ്തു.*

ബംഗാളിലെ സ്വദേശി പ്രസ്ഥാനം ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്.

1905 ൽ ബംഗാൾ വിഭജനം പ്രാബല്യത്തിൽ വന്നപ്പോൾ ഒക്ടോബർ 16 ന് ബംഗാളിലുടനീളം പണിമുടക്കുകളും ഹർത്താലുമുണ്ടായി. ഇന്ത്യയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് പ്രചാരം ആരംഭിച്ചത് ഈ കാലയളവിലാണ്.

*ഭാരതത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങൾ :*

1920 കളുടെ രണ്ടാം പകുതിയിലാണ് ഇടതു ട്രേഡ് യൂണിയനുകൾ രൂപംകൊണ്ടത്. 1964 ൽ കമ്യൂണിസ്റ്റു പാർട്ടി പിളർന്നതിനെ തുടർന്ന് മാർക്സിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിൽ സി.ഐ.ടി.യു. രൂപംകൊണ്ടത്. മറ്റു രാഷ്ട്രീയ പാർട്ടികളുടെ തൊഴിലാളി സംഘടനകളായ എ.ഐ.റ്റി.യു.സി., ഐ.എൻ.ടി.യു.സി., യു.ടി.യു.സി.,എസ്.ടി.യു,  പി.ടി.യു.സി., തുടങ്ങിയവയ്ക്കു പുറമേ ചില സ്വതന്ത്രട്രേഡ് യൂണിയനുകളും ഇന്നു കേരളത്തിലും ഭാരതത്തിലും പ്രവർത്തിക്കുന്നുണ്ട്.

*ഭാരതീയ തൊഴിൽ മഹാത്മ്യത്തിന്റെ വീക്ഷണവുമായ് ബി.എം.എസ്സിന്റ കടന്നു വരവ് :*

ലോകം മുഴുവൻ പിടിച്ചുകുലുക്കി കാല ക്രമേണ തകർന്നടിഞ്ഞ കമ്മ്യൂണിസ്റ്റ് തൊഴിലാളി വർഗ്ഗ വിപ്ലവത്തെക്കാൾ "അദ്ധ്വാനം ആരാധന" എന്നു പറഞ്ഞ് കടന്നു വന്ന ബി.എം.എസ്സ് (1955 ജൂലയ് 23 ) ആണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സംഘടിത ദേശീയ തൊഴിലാളി പ്രസ്ഥാനം.

മെയ് ദിനത്തേക്കാൾ മാനവികതയുടെ ദർശനമരുളിയ വിശ്വകര്‍മ്മ ജയന്തിയാണ് സെപ്‌തംബര്‍ *17 ന് വിശ്വകര്‍മ്മ ദിനമായും ദേശീയ തൊഴിലാളി ദിനമായും* ഭാരതത്തിലെ 5,60,000 ഗ്രാമങ്ങളിലെ രണ്ടു കോടിയോളം വരുന്ന വിശ്വകര്‍മ്മജരും ദേശീയ തൊഴിലാളി സമൂഹവും ആചരിച്ചു പോരുന്നു. *ദേശീയ തൊഴിലാളി ദിനമായി ബി.എം.എസ്സും ഈ ദിനം ആചരിക്കുന്നു.*

വന്‍കിട യന്ത്രങ്ങളുടെ സഹായമില്ലാതെ ഭാരതത്തിലെ സാധാരണക്കാര്‍ മണ്ണ് കൊണ്ടും മരം കൊണ്ടും പരുത്തി കൊണ്ടും ചകിരി കൊണ്ടുമെല്ലാം ലോകോത്തര ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും തച്ച്‌ ശാസ്ത്രത്തിലും ശില്‍പ ചാരുതയിലും ലോഹപ്പണിയിലും മറ്റ്‌ കരകൗശല വിദ്യകളിലും എല്ലാം ലോകാതിശയിയായ സിദ്ധികള്‍ തലമുറകളായി കൈമാറുകയും ചെയ്യുന്ന ഇന്ത്യയിലെ ഗ്രാമീണ തൊഴിലാളികള്‍ വിശ്വകര്‍മ്മാവിന്റെ പിന്‍മുറക്കാരും ശിഷ്യന്മാരുമാണെന്ന്‌ വിശ്വാസത്തോടെ അവരുടെ ആചാര്യനായി വിശ്വകര്‍മ്മാവിനെ ആരാധിച്ചു വന്നു.

*ആധുനിക യന്ത്രങ്ങള്‍ക്കും വ്യാവസായിക വിപ്ലവങ്ങള്‍ക്കുമൊക്കെ പിന്നില്‍ സാധാരണ മനുഷ്യരുടെ വിശ്വാസ പ്രമാണങ്ങളും ബുദ്ധിയും വികസിപ്പിച്ചെടുത്ത പ്രായോഗിക തത്വശാസ്ത്രമാണ്‌ ഉള്ളത്. കോടിക്കണക്കിനുള്ള ഇത്തരം ഗ്രാമീണ തൊഴിലാളികള്‍ക്കും യുഗങ്ങളായി അവരെ സാമൂഹിക സേവനത്തിന്‌ പ്രേരിപ്പിച്ച വിശ്വാസത്തിനുമുള്ള അംഗീകാരം എന്ന നിലയിലാണ്‌ ഭാരതീയ മസ്‌ദൂര്‍ സംഘ്‌ വിശ്വകര്‍മ്മ ജയന്തി ദേശീയ തൊഴില്‍ ദിനമായി ആചരിക്കുവാൻ ആഹ്വാനം നൽകിയത്.*

കമ്മ്യൂണിസം അപകടമെന്ന് കാലം തെളിയിക്കുമ്പോൾ അവർ മുന്നോട്ടുവച്ച മെയ് ദിനവും അപകടകരമായ വിനാശകാലത്തിന്റെ ഓർമ്മയായ് തന്നെയാണ് നിലനിൽക്കുന്നത്.

ഇന്ത്യൻ ജനസംഖ്യയുടെ പകുതിയോളം, തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ കൊന്നൊടുക്കി ലോകത്ത് ചെങ്കോടി പാറിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു കാലത്ത് തൊഴിലാളി വർഗത്തെ നുണകളിലൂടെ കിഴടക്കിയിരുന്നു. കേരളത്തിൽ സവർണ്ണ കമ്മ്യൂണിസ്റ്റ് നേതാക്കൾ പുന്നപ്രയിലും വയലാറിലും ഒഞ്ചിയത്തും ആ പാവപ്പെട്ട തൊഴിലാളികളുടെ രക്തം വീഴ്ത്തിയാണ് ചുവപ്പിച്ചത് എന്നതാണ് യാഥാർത്ഥ്യം

സോഷ്യലിസ്റ്റുകളുടേയും കമ്മ്യൂണിസ്റ്റുകളുടേയും ആഗോളകൂട്ടായ്മ തീരുമാനിച്ച മെയ് ദിനത്തിന് നമ്മുക്കിടയിൽ എന്ത് പ്രസക്തി എന്നറിയാൻ സഖാവ് ലെനിൻ ട്രോസ്കിയോടെ പറഞ്ഞ ആ സംഭാഷണം ഒന്നോർത്താൽ മതിയാകും. "ലോകത്തിലെ ലക്ഷണമൊത്ത തൊഴിലാളി സംഘടന ഭാരതത്തിലെ മുംബൈയിലെ ചെങ്കൊടി പിടിച്ച യൂണിയനുകൾ ആണെന്ന്" പക്ഷെ ചരിത്രം സത്യത്തോട് ചേർന്നു നിന്നു. ഇന്ന് ആ ഇന്ത്യൻ തൊഴിലാളി പ്രസ്ഥാനത്തിന്റെ കൊടി "ചെങ്കൊടി മാറ്റി കാവിയാക്കിയ" ഒരു ആർ.എസ്സ്.എസ്സ് പ്രചാരകനിലൂടെ..

ഭാരതത്തിന്റെ തൊഴിലാളിവര്‍ഗ്ഗ സമര ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തേണ്ട നാമം ഒരിക്കലും കമ്യൂണിസ്റ്റുകാരന്റേതല്ല.

തൊഴിലാളികളുടെ ശവകല്ലറകൾക്ക് മുമ്പലിരുന്നവർ ചരിത്രത്തോട് മാപ്പിരക്കുമ്പോൾ നമ്മുക്കെന്ത് മെയ് ദിനം..!

മെയ് ദിനം : 1886 മെയ് മാസത്തിൽ ചിക്കാഗോ നഗരത്തിലെ ഹേമാർക്കറ്റ് സ്ക്വയറിൽ അമേരിക്കയിലെ ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡേഴ്‌സ് ആന്റ് ലേബര്‍ മൂവ്‌മെന്റ് എന്ന സംഘടന നടത്തിയ തൊഴിലാളി സമരത്തിന്റെ ഓർമ്മയ്ക്കായി സോഷ്യലിസ്റ്റുകളുടേയും കമ്മ്യൂണിസ്റ്റുകളുടേയും ആഗോളകൂട്ടായ്മ ആയിരുന്ന രണ്ടാം ഇന്റർനാഷണലാണ് മെയ് ഒന്ന് അന്താരാഷ്‌ട്ര തൊഴിലാളി ദിനമായി ആചരിക്കാൻ 1889 ൽ തിരുമാനിച്ചത്.

ഇന്ത്യയിൽ : 1923 ൽ മദ്രാസിലാണ് ആദ്യമായി മേയ് ദിനം ആഘോഷിക്കുന്നത്. മറുമലർച്ചി ദ്രാവിഡ മുന്നേട്ര കഴകം ജനറൽ സെക്രട്ടറി വൈക്കോ ആണ് പൊതു അവധിയാക്കണമെന്ന് പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ്ങിനോട് ആവശ്യപ്പെട്ടത്. അതിനുശേഷമാണ് മേയ് 1 ഇന്ത്യയിൽ പൊതു അവധിയായത്.

ഹരിയാന സർക്കാർ : മെയ്ദിനം തൊഴിലാളി ദിനമായി ആഘോഷിക്കുന്ന പാരമ്പര്യത്തിന് ഔദ്യോഗികമായി മാറ്റം വരുത്തിയിരിക്കുകയാണ് ഹരിയാന സര്‍ക്കാര്‍. പകരം ദീപാവലിക്ക് തൊട്ടടുത്ത ദിവസം വരുന്ന വിശ്വകര്‍മ ജയന്തി തൊഴിലാളി ദിനമായി ഔദ്യോഗികമായി ആഘോഷിക്കുകയാണ്

Note : *ഇനിയും നിരവധി ഇതിഹാസ തുല്യമായ തൊഴിലാളി പാരമ്പര്യമുണ്ട് ഭാരതത്തിൽ.. അഭിമാനിക്കാം.. ഈ ദേശീയതയിൽ.. പ്രചരിപ്പിക്കാം.. ഈ വിശ്വ മാനവികതയെ..*

No comments:

Post a Comment