@പൊഴിക്കര ടൂറിസം പദ്ധതി പാതി വഴിയിൽ ഉപേക്ഷിച്ച നിലയിൽ
പരവൂർ: പരവൂരിന്റെ ടൂറിസം സ്വപ്നങ്ങൾ അട്ടിമറിച്ചു കൊണ്ട്
പദ്ധതി പൊഴിക്കര ടൂറിസം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചു.
സംസ്ഥാന സർക്കാർ രണ്ടു കോടി രൂപ ചെലവിട്ടു നടപ്പാക്കുന്ന പരവൂർ - പൊഴിക്കര ടൂറിസം പദ്ധതിക്ക് തുടക്കമിട്ടിട്ടു ഒരു വർഷം പിന്നിട്ടിട്ടും പണികൾ പൂർത്തിയാക്കാതെ അധികാരികൾ. കഴിഞ്ഞ വർഷം നവംബർ 30 നു ആണ് ജി.എസ്. ജയലാൽ എംഎൽഎ പരവൂർ- പൊഴിക്കര ടൂറിസം പദ്ധതിയുടെ നിർമാണ പ്രവർത്തനം ഉദ്ഘാടനം ചെയ്തത്. പദ്ധതി നിർവഹണ ഏജൻസിയായ മേജർ ഇറിഗേഷൻ വകുപ്പാണ് ഇതിനുള്ള പദ്ധതി തയാറാക്കി ടൂറിസം വകുപ്പിനു സമർപ്പിച്ചത്. ടെൻഡർ നടപടികൾ തീർത്ത് എത്രയും വേഗം പണി പൂർത്തിയാക്കുമെന്ന് എംഎൽഎ അറിയിച്ചിരുന്നു. എന്നാൽ മൂന്ന് മാസംകൊണ്ട് പണി പൂർത്തിയാക്കുമെന്നാണ് മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതും. പക്ഷെ പണികൾ തുടങ്ങി വച്ചതല്ലാതെ നാളിതുവരെ ആയിട്ടും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. ഡി ടി പി സി യുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കുന്നതും.
ഒരുവശം കായലും മറുവശം കടലുമായുള്ള അതിമനോഹരമായ മണൽപരപ്പുകളുമാണ് ഇവിടേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത്. കടലിനോടു ചേർന്ന് 200 മീറ്റർ ദൈർഘ്യമുള്ള നടപ്പാത, അതിനോടു ചേർന്ന് വിശ്രമിക്കാനുള്ള ഗാലറി, ഇരിപ്പിടങ്ങൾ, പടിപ്പുര എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം കായൽ തീരത്തുള്ള നഗരസഭയുടെ പഴയ സ്ലാട്ടർ ഹൗസ് കെട്ടിടം രണ്ടു നിലകളായി പുനരുദ്ധരിച്ച് ടൂറിസം ഫെസിലിറ്റേഷൻ സെന്ററും നിർമിക്കാനാണ് ഒരുങ്ങുന്നത്. ഇതിനൊപ്പം പരവൂർ കായലിൽ ബോട്ടിങ്ങിനായുള്ള സൗകര്യപ്രദമായ ബോട്ട് ജെട്ടി, ടിക്കറ്റ് കൗണ്ടർ, കോഫിഷോപ്പ്, മുകളിലത്തെ നിലയിൽ സഞ്ചാരികൾക്ക് ഉദയാസ്തമയം കാണാനുള്ള വ്യുപോയിന്റ്, ശുചിമുറികൾ, പാർക്കിങ് സൗകര്യം എന്നിവയും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. പരവൂർ പ്രദേശവാസികളുടെ ചിരകാലസ്വപ്നമാണ് ഈ പദ്ധതി. ബോട്ട് ജെട്ടിക്കാവശ്യമായ കോൺക്രീറ്റ് തൂണുകൾ മാത്രമാണ് നിലവിൽ നിർമിച്ചിട്ടുള്ളത്. നിത്യവും വിനോദസഞ്ചാരികളുടെ എണ്ണം പൊഴിക്കര കടപ്പുറത്ത് വർധിച്ചു വരുന്ന നിലയിലാണ്. എത്രയും വേഗത്തിൽ പണികൾ പൂർത്തിയാക്കി പരവൂരിന്റെ മുഖഛായ മാറ്റണമെന്നാണ് സ്ഥലം നാട്ടുകാരുടെയും നഗരസഭയുടെയും ആവശ്യം.
പൊഴിക്കരയിൽ തന്നെ വിനോദസഞ്ചാരികൾക്കായി പാർക്ക് നിർമിച്ച് ഇരിപ്പിടങ്ങൾ കെട്ടി ഇട്ടിട്ടുണ്ട്. എന്നാൽ മത്സ്യബന്ധന തൊഴിലാളികൾ വലകൾ ഉണക്കാൻ വേണ്ടി മാത്രമാണ് ഇവിടം ഉപയോഗിക്കുന്നത്. കാടുമൂടി കിടന്ന പാർക്ക് ആഴ്ചകൾക്ക് മുൻപ് നഗരസഭ വൃത്തിയാക്കി. എന്നാൽ ടൂറിസത്തിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിച്ചാൽ നഗരസഭയുടെ പാർക്ക് നശിക്കാതെ ഉപയോഗപ്രദമാകും എന്നും ഉറപ്പാണ്.
ഫോട്ടോ : പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പാതി വഴിയിൽ നിലച്ചു.
ഫോട്ടോ: ബീച്ചിൽ സ്ഥാപിച്ച ഇരിപ്പടങ്ങൾ കാട് പിടിച്ചു കിടക്കുന്നു.
No comments:
Post a Comment