ക്രിസ്മസ് വിപണിയിൽകേക്കുകൾക്ക് ഇരട്ടിമധുരം
@ പ്ളം കേക്ക് മുതൽ ത്രീഡി കേക്കുവരെ
വില 110 മുതൽ 2000 രൂപ വരെ
ചാത്തന്നൂർ : ക്രിസ്മസ് ന്യുഇയർ
ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി വിപണിയിൽ കേക്കുകൾ മധുരം വിളമ്പിത്തുടങ്ങി. ക്രിസ്മസിന് നാലുദിവസം മാത്രം ശേഷിക്കെ, ബേക്കറികളിലും ബോർമ്മകളിലും കേക്ക് വാങ്ങാനെത്തുന്നവരുടെ തിരക്കേറി. കൊക്കോയുടെയും പ്ളമ്മിന്റെയും രുചികളിൽ നിന്ന് മാറി, പഴത്തോട്ടത്തിന്റെ മുഴുവൻ സത്തും ഉള്ളിലൊതുക്കി, ഫ്രഷ് ക്രീമിന്റെയും ചോക്ളേറ്റിന്റെയും വർണകുപ്പായങ്ങളണിഞ്ഞാണ് ഇക്കുറി കേക്കുകൾ ക്രിസ്മസ് ന്യുഇയർ ആഘോഷങ്ങളെ കാത്തിരിക്കുന്നത്.
ബേക്കറികളിൽ സ്വന്തം ഔട്ട്ലെറ്റുകളിൽ ഉണ്ടാക്കുന്ന കേക്കുകൾക്കാണ് ആവശ്യക്കാരേറെയുള്ളത്. ബേക്കറികൾക്ക് പുറമെ, പലയിടങ്ങളിലും കേക്കിന് മാത്രമായി വില്പനശാലകൾ ആരംഭിച്ചിട്ടുണ്ട്. ബ്രാൻഡഡ് കേക്കുകൾ അഞ്ചു മുതൽ 50 ശതമാനം വരെ വിലക്കിഴിവിൽ ലഭിക്കും. ചില സൂപ്പർമാർക്കറ്റുകളും ബേക്കറികളും രണ്ട് കേക്ക് വാങ്ങിയാൽ മറ്റൊന്ന് സൗജന്യമായി നൽകുന്നുണ്ട്.
400 ഗ്രാം തൂക്കമുള്ള പ്ളം കേക്കിന് വില 90 മുതൽ 120 രൂപവരെ
ചുവന്ന പ്ളം പഴങ്ങൾ നിറച്ച റെഡ് റിച്ച് പ്ളം കേക്കിന് 750 രൂപ
കാരറ്റും ഈന്തപ്പഴവും നിറച്ച കാരറ്റ് ഡേറ്റ് കേക്ക്സ്, അത്തിപ്പഴത്തിന്റെ മധുരമുള്ള ഫിഗ് ആൻഡ് ഹണി കേക്ക്, ഏത്തപ്പഴവും ബദാമും ചേർന്ന ബനാന വാൾനട്ട് കേക്ക്, പ്ളമ്മിന്റെ സമ്പുഷ്ടതയുള്ള ബ്ളാക്ക് ലേബൽ പ്രീമിയം കേക്ക്, കിവിപഴവും പിസ്തയും ചേർന്ന എമറാൾഡ് ഫോറസ്റ്റ് തുടങ്ങിയവയ്ക്ക് ആവശ്യക്കാരേറെയാണ്. 400 മുതൽ 1000വരെയാണ് വില
ക്രീം കേക്കുകളിൽ
ചാത്തന്നൂരിലെ കേക്ക് ഡ്യു ബോർമ്മയിലെ
'ഹൈഡ് ആൻഡ് സീക്ക്' സീരീസാണ് താരം. പിസ്ത, മാംഗോ, സ്ട്രോബറി, പൈനാപ്പിൾ, ഓറഞ്ച്. ചോക്ളേറ്റ് തുടങ്ങിയ രുചികളിൽ കേക്കുകൾ ലഭിക്കും. ഫ്രഷ് ക്രീമിന് പകരം ചോക്ളേറ്റാണിതിലുള്ളത്. 800രൂപയാണ് വില.
വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത രുചിക്കൂട്ടുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ത്രിഡി കേക്കിന് 1,500 മുതൽ 2,000രൂപവരെയാണ് വില.
പ്രമേഹരോഗികൾക്കും കേക്ക് കഴിക്കാം. പ്രമേഹരോഗികൾക്കും ധൈര്യമായി കേക്ക് കഴിക്കാം. ഇതിനായി പഞ്ചസാരയില്ലാത്ത 'ഷുഗർ ഫ്രീ' കേക്കുകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് കേക്ക് ഡ്യു ഉടമ സുബിപ്രഭാകരൻ പറഞ്ഞു.
മുട്ട ചേർന്നതിനാൽ കേക്ക് ഒഴിവാക്കുന്ന സസ്യഭക്ഷ്യക്കാർക്കും ശബരിമലയിൽ പോകാനായി വ്രതമെടുക്കുന്നവർക്കുമായി ശുദ്ധ വെജിറ്റേറിയൻ കേക്കുകളും ഒരുക്കിയിട്ടുണ്ട്. ഓൺലൈനിലും കേക്ക് വില്പന പൊടി പൊടിക്കുകയാണ്
പ്രമുഖ ഓൺലൈൻ മാർക്കറ്റുകളെല്ലാം ക്രിസ്മസ് കേക്കുകളും ക്രിസ്മസ് അനുബന്ധ ഉത്പന്നങ്ങളുമായി സജീവമായി കഴിഞ്ഞു. വിദേശ രുചികളിൽ നിർമ്മിച്ച ഇറ്റാലിയൻ കുക്കി, ഫ്രഞ്ച് കുക്കി, മെറിബെറി, റെഡ് റോസ് ബഞ്ച് എന്നിവയാണ് ഓൺലൈൻ മാർക്കറ്റിലെ താരങ്ങൾ. കേക്കിനൊപ്പം സൗജന്യ സമ്മാനങ്ങളുമുണ്ട്. ഒരു കുപ്പി വൈൻ, സാന്താ ക്ലോസ് മുഖം മൂടി, ക്രിസ്മസ് ട്രീ, നക്ഷത്രങ്ങൾ തുടങ്ങിയവയാണ് സമ്മാനങ്ങൾ.
എന്നാലും ഇന്ന് മുതൽ പുതുവർഷം വരെ കേക്ക് വില്പന പൊടിപൊടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം തന്നെ വിവിധ സ്നേഹ സമ്മാനങ്ങളും തയ്യാറായി കഴിഞ്ഞു.
ക്രിസ്മസിന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകാനുള്ള സമ്മാനപ്പൊതികളും ബേക്കറികളിൽ തയ്യാറായി. ജിഞ്ചർ ബ്രഡ്, പ്ളം കേക്ക്, ചോക്ളേറ്റ് പായ്ക്കറ്റ്, സർപ്രൈസ് ഗിഫ്റ്റ് എന്നിവയടങ്ങിയ സമ്മാനപ്പൊതിക്ക് 450 രൂപയാണ് വില. മഞ്ഞുവീടിന്റെ മാതൃകയിലാണ് സമ്മാനപ്പൊതികൾ തയ്യാറാക്കിയിരിക്കുന്നത്.
No comments:
Post a Comment