@ റോഡ് പുനർനിർമിക്കുമെന്ന എം എൽ എ യുടെ വാക്ക് പാഴായി.
കൊട്ടിയം: മയ്യനാട് - മുക്കം റോഡിലൂടെ സഞ്ചരിക്കാൻ തോണിയിറക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. റോഡ് തകർന്ന് തോടായി മാറിയതോടെയാണ് ജനങ്ങൾ ദുരിതത്തിലായത്. സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളുമടക്കം ഇതുവഴി സർവ്വീസ് നടത്താൻ മടിക്കുന്നു. ഇതോടെ ഇവിടെ യാത്രാക്ലേശം രൂക്ഷമായി. വെള്ളക്കെട്ടായ റോഡിലെ ഗർത്തങ്ങളിൽ വീണ് ഇരുചക്രവാഹന യാത്രികർക്കും കാൽനടക്കാർക്കും പരിക്കേൽക്കുന്നതും നിത്യസംഭവമായിട്ടുണ്ട്. റോഡ് ആധുനിക രീതിയിൽ പുനർനിർമിക്കുമെന്ന് എം എൽ എ വാഗ്ദാനം നൽകിയിരുന്നതായി നാട്ടുകാർ പറയുന്നു. പക്ഷേ മാസങ്ങൾ പിന്നിട്ടിട്ടും ഒരനക്കവുമില്ല. തകർന്നു കിടന്ന റോഡിൽ മഴ പെയ്തതോടെയാണ് ദുരിതം ഇരട്ടിച്ചത്. ജൻമംകുളം ക്ഷേത്രത്തിന്റെ ഭാഗത്താണ് റോഡിൽ വൻകുഴിയും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുള്ളത്. ഇതുവഴിയുള്ള യാത്ര ദുസ്സഹമായതോടെ പലരും ചുറ്റി കറങ്ങിയാണ് യാത്ര ചെയ്യുന്നത്. റോഡിനിരുവശവും വെള്ളം ഒഴുകിപ്പോകാൻ ഓടകൾ ഇല്ലാത്തതാണ് പ്രശ്നം. റോഡ് പുനർനിർമിക്കുന്നതിനൊപ്പം മയ്യനാട് നിന്നും മുക്കത്തേക്ക് ഓട കൂടി നിർമിക്കുകയാണെങ്കിൽ റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാകും. ആധുനിക രീതിയിൽ നവീകരിച്ചില്ലെങ്കിലും അപകടമില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന തരത്തിൽ ഉടൻ റോഡ് പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചിത്രം: വെള്ളക്കെട്ടായി മാറിയ മയ്യനാട്-മുക്കം റോഡ്.
റോഡ് പുനർനിർമാണം എം എൽ എ ജനങ്ങളെ കബളിപ്പിക്കുന്നു ബിജെപി
കൊട്ടിയം: റോഡ് പുനർനിർമാണത്തിൽ വാഗ്ദാനങ്ങൾ നൽകി എം എൽ എ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ബിജെപി മയ്യനാട് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
തകർന്ന റോഡുകൾ സഞ്ചാര യോഗ്യമാക്കുവാൻ യാതൊരു നടപടിയും സ്വീകരിക്കാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചും പത്രക്കുറിപ്പ് ഇറക്കിയും എം എൽ എ കാലം കഴിക്കുകയാണ്. ഇരവിപുരം മണ്ഡലത്തിലെ പല പ്രധാന റോഡുകളും സഞ്ചാരയോഗ്യമല്ലാതായിട്ട് കാലങ്ങളായി. മയ്യനാട് പഞ്ചായത്തിൽ മയ്യനാട് - മുക്കം റോഡടക്കം പലതും തകർന്നു കിടക്കുകയാണ്. ഇവിടങ്ങളിലെ യാത്രാദുരിതം ചൂണ്ടിക്കാട്ടുന്നവരോട് നിർമാണത്തിനായി കോടികൾ അനുവദിച്ചതിന്റെ കണക്കു നിരത്തുക മാത്രമാണ് എം എൽ എ ചെയ്യുന്നത്. ജനവഞ്ചന അവസാനിപ്പിച്ച് റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ എം എൽ എ നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി ഇരവിപുരം മണ്ഡലം പ്രസിഡന്റ്
എ.ജി ശ്രീകുമാർ, മയ്യനാട് മേഖല സമിതി ഭാരവാഹികളായ സജീവ്കുമാർ ജി സാലു എന്നിവർ പറഞ്ഞു
No comments:
Post a Comment