Wednesday, 6 January 2016

മനമുരുകി ജനസാഗരം, നിരഞ്ജന്‍ അമര്‍ രഹേ…








തീര്‍ന്നിരുന്നില്ല അപ്പോഴും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയ ജനങ്ങളുടെ നീണ്ട നിര. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവര്‍, ഒരിക്കല്‍ പോലും കേട്ടിട്ടില്ലാത്തവര്‍.. പക്ഷെ അവരെല്ലാം ഇടനെഞ്ച് പിടയുന്ന വേദനയോടെ ഒഴുകിയെത്തി ഭാരതമാതാവിന്റെ ആ വീരപുത്രന്, ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന് അന്തിമോപചാരം അര്‍പ്പിക്കാന്‍. മണിക്കൂറുകള്‍ കാത്തുനിന്ന് അവര്‍ ധീരജവാന്റെ ഭൗതിക ശരീരം ദേശീയ പതാകയില്‍ പൊതിഞ്ഞ് കിടത്തിയിരിക്കുന്ന പന്തലിലേക്ക് കടന്നെത്തി.

ഒന്നു കണ്ണടച്ച് പ്രാര്‍ഥിക്കാന്‍, ഒരു മിഴിനീര്‍ത്തുള്ളി പൊഴിക്കാന്‍. നിരതെറ്റാതെ വന്ന അവര്‍ നിരഞ്ജന്റെ ചേതനയറ്റ ശരീരം അടക്കിയ പേടകത്തില്‍ തൊട്ടുതൊഴുതു, മനസില്‍ ആ ധീരതയെ വാഴ്ത്തി. രാജ്യത്തിന്റെ സ്വസ്ഥതയും ശാന്തിയും തകര്‍ക്കുന്ന ഭീകരരെ, അതു വിതയ്ക്കുന്നവരെ അവര്‍ മനസാ ശപിച്ചു.

തിങ്കളാഴ്ച വൈകിട്ട് എളമ്പിലാശേരിയിലെ കളരിക്കല്‍ തറവാട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനു വച്ചിരുന്നു. ഇന്നലെ രാവിലെ ഏഴുമുതല്‍ കെപി സ്‌കൂളിലായിരുന്നു അന്ത്യോപചാരമര്‍പ്പിക്കാന്‍ വച്ചിരുന്നത്. പതിനായിരങ്ങളാണ് അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയത്.

സമ്പൂര്‍ണ്ണ സൈനിക ബഹുമതികളോടെയാണ് നിരഞ്ജന് നാട് യാത്രാമൊഴി നേര്‍ന്നത്. മൂന്നു സൈനിക വിഭാഗങ്ങളും സല്യൂട്ട് നല്‍കി അദ്ദേഹത്തിന് വിട നല്‍കി. പതിനൊന്നേ മുക്കാലോടെ ഭൗതികശരീരം ്രപത്യേകം തയ്യാറാക്കിയ, പൂക്കളാല്‍ അലങ്കരിച്ച വാഹനത്തിലേക്ക് മാറ്റി. ആ സമയം തിങ്ങിനിറഞ്ഞ ജനക്കൂട്ടം ഭാരത് മാതാ കീ ജയ്, നിരഞ്ജന്‍ അമര്‍ രഹേ… എന്നിങ്ങനെ വിളിച്ചുകൊണ്ടേയിരുന്നു. വിലാപയാത്ര എളമ്പിലാശേരി കളരിക്കല്‍ തറവാട്ടുവീട്ടിലേക്ക് പുറപ്പെട്ടു. വന്‍ ജനാവലിയും വിലാപയാത്രയ്ക്കു പിന്നാലെ നീങ്ങി. അല്‍പം അകലെയുള്ള തറവാട്ട് പറമ്പില്‍ ഇതിനകം, പത്താന്‍കോട്ടില്‍ രാജ്യരക്ഷയ്ക്കുവേണ്ടി ജീവന്‍ ത്യജിച്ച നിരഞ്ജന്റെ ഭൗതികദേഹം സംസ്‌ക്കരിക്കാനുള്ള കുഴിയൊരുക്കിയിരുന്നു.

വിലാപയാത്രയുടെ മുന്‍പില്‍ കരസേനയുടെ ബാന്‍ഡ് സംഘമാണ് നീങ്ങിയത്. തൊട്ടുപിന്നാലെ മൃതദേഹം വഹിച്ചുള്ള വാഹനവും. 12.30ന് സംസ്ഥാന സര്‍ക്കാരിന്റെയും പട്ടാളത്തിന്റെയും സാന്നിധ്യത്തില്‍ ഔദ്യോഗിക ചടങ്ങുകള്‍ ആരംഭിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ പ്രതിനിധിയായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്തു. തുടര്‍ന്ന് ആചാര വെടികളോടെ സൈന്യം നിരഞ്ജന് വിട നല്‍കി. നിരഞ്ജന്റെ സഹോദരന്‍ ശശാങ്കന്‍, പിതൃസഹോദരപുത്രന്‍മാരായ വിഷ്ണു, ജിഷ്ണു, ചിക്കു എന്നിവര്‍ അന്ത്യകര്‍മങ്ങള്‍ നടത്തി.

ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍, ബിജെപി ജില്ലാ പ്രസിഡണ്ട് സി.കൃഷ്ണകുമാര്‍, തുടങ്ങിയവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു.

ചലച്ചിത്രതാരങ്ങളായ സുരേഷ് ഗോപി, മേജര്‍ രവി, സ്വാമി സുനില്‍ദാസ്, എംപിമാരായ എം.ബി. രാജേഷ്, പി.കെ.ബിജു, എംഎല്‍എമാരായ ഷാഫി പറമ്പില്‍, സി.പി.മുഹമ്മദ്, എന്‍.ഷംസുദ്ദീന്‍, എം.ഹംസ, ലീഗ് നേതാവ് പാണക്കാട് സാദിഖ് അലി ശിഹാബ് അലി തങ്ങള്‍, ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി, ഒറ്റപ്പാലം സബ് കളക്ടര്‍ പി.ബി നൂഹ്, ജില്ലാ സൈനിക ഓഫീസര്‍ വി കെ കുട്ടന്‍, ജന്മഭൂമിക്കു വേണ്ടി ജില്ലാ ലേഖകന്‍ സുരേന്ദ്രന്‍ കുത്തനൂര്‍ അസി. ഓഫീസര്‍ ജോസ് ടോംസ് തുടങ്ങിയവരും രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും സേനയിലെയും പോലീസിലെയും ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.

No comments:

Post a Comment