ദുര്‍ബലതയുടെതല്ല, ശക്തിയുടെ ഭാഷയാണ് ലോകം അംഗീകരിക്കുന്നത്-മോഹന്‍ജി ഭാഗവത്
രാഷ്ട്രത്തിനായുള്ള നിസ്വാര്‍ത്ഥ സേവനമെന്ന ലക്ഷ്യത്തിനുവേണ്ടി രാജ്യത്തെ ജനങ്ങളുടെ വ്യത്യസ്ത വിശ്വാസങ്ങളും ആശയങ്ങളും സ്വയംസേവകര്‍ ഉള്‍ക്കൊള്ളണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. പശ്ചിമ മഹാരാഷ്ട്ര ഘടകം സംഘടിപ്പിച്ച ശിവശക്തി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
സംഘടിത സമാജത്തിന് മാത്രമാണ് രാജ്യത്തെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുവാനാവുകയുള്ളൂവെന്ന് ഡോ. അംബേദ്കറും മഹാത്മാഗാന്ധിയും വിശ്വസിച്ചതായും ഭാഗവത് പറഞ്ഞു. ഏഴ് ജില്ലകളിലെ 5,877 ഗ്രാമങ്ങളില്‍ നിന്നും ഒന്നര ലക്ഷത്തിലധികം സ്വയം സേവകരാണ് ശിവശക്തി സംഗമത്തില്‍ പങ്കെടുത്തത്. ഉയര്‍ന്ന മൂല്യങ്ങളുണ്ടെങ്കിലും ദുര്‍ബല രാഷ്ട്രത്തിന്റെ ശബ്ദം ലോകം ശ്രദ്ധിക്കിെല്ലന്ന് രവീന്ദ്രനാഥ് ടാഗോറിന്റെ അനുഭവം വിശദീകരിച്ചുകൊണ്ട് ഭാഗവത് പറഞ്ഞു. വന്‍ശക്തി ചെയ്യുന്ന മോശം കാര്യങ്ങളെക്കുറിച്ച് ആരും ചര്‍ച്ച നടത്തുന്നില്ല. അതുപോലെ ദുര്‍ബല രാഷ്ട്രം നടത്തുന്ന നല്ലകാര്യങ്ങളെക്കുറിച്ചും ആരും ശ്രദ്ധിക്കുന്നില്ല. ആഗോള രാഷ്ട്രീയത്തെ നേരിട്ടല്ലാതെ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ ആത്മാഭിമാനം ഉയരാന്‍ ആരംഭിച്ചത് മൂന്ന് യുദ്ധ വിജയങ്ങള്‍ക്കും അടിയന്തരാവസ്ഥയെ വലിച്ചെറിഞ്ഞതിനും ശേഷമായിരുന്നു. ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാന്‍ ആരംഭിച്ചത് തെളിയിക്കുന്നത് ഭാരതത്തിന്റെ ശബ്ദം മറ്റ് രാഷ്ട്രങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയെന്നാണ്. എല്ലാ വൈവിധ്യങ്ങളും സ്വീകരിക്കുകയും എല്ലാ സാഹചര്യങ്ങളിലും മറ്റുള്ളവരുടെ താത്പര്യങ്ങള്‍ നോക്കികാണുകയുമാണ് ചെയ്യുന്നത്. സ്വന്തം സ്ഥലത്ത് മറ്റുള്ളവരെ പരിഗണിക്കുക. കാരണം നമ്മള്‍ ഒന്നാണ്.
ഐക്യത്തിലൂടെയാണ് സമൂഹം ശക്തമാകുന്നത്. എല്ലാവരെയും ഒന്നായി കാണുവാന്‍ ഓരോരുത്തര്‍ക്കുമാകണമെന്നും ഭാഗവത് പറഞ്ഞു. സാമ്പത്തിക സമത്വവും സാമൂഹ്യ ഐക്യവും ഇല്ലാതെ രാഷ്ട്രീയ ഐക്യം ഉണ്ടാവില്ലെന്നാണ് അംബേദ്കര്‍ നിര്‍ദ്ദേശിച്ചത്. ഐക്യത്തോടെയും സാമൂഹ്യ അസമത്വങ്ങളില്ലാതെയും നാം ജീവിച്ചില്ലെങ്കില്‍ ഒരിക്കലും ഭരണഘടന നമ്മളെ രക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരും ആരെയും ചൂഷണം ചെയ്യില്ലെന്ന് തീരുമാനിച്ചാല്‍ മാത്രമെ സമത്വം ഉണ്ടാക്കുവാനാകൂവെന്ന് അംബേദ്കറുടെ അഭിപ്രായവും ഭാഗവത് ചൂണ്ടിക്കാട്ടി.
എല്ലാ വൈവിധ്യങ്ങളെയും ഒന്നിപ്പിക്കുന്ന പൊതുഘടകമാണ് ഹിന്ദുത്വമെന്ന് ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാറിന്റെ വാചകങ്ങളും ഭാഗവത് ഉദ്ധരിച്ചു. ഭൂമിശാസ്ത്രപരമായിട്ട് മാത്രമല്ല എല്ലാത്തരത്തിലും ഭാരതം ഭാരതീയരുടെതാണ്. വലിയ പ്രതീക്ഷയോടെയാണ് ലോകം ഭാരതത്തെ നോക്കികാണുന്നത്. ശക്തമായ സംഘടന ഉണ്ടായാല്‍ മാത്രമെ ലോകത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഭാരതത്തിന് നിലയുറപ്പിക്കുവാനാവുകയുള്ളുവെന്നും ഭാഗവത് പറഞ്ഞു.
No comments:
Post a Comment