Friday, 28 August 2015

അയ്യൻകാളി.....The great... greater....greatest

ഇന്ന്  അയ്യങ്കാളി ജന്മദിനം

തിരുവനന്തപുരത്തിന് പതിനഞ്ച് കിലോമീറ്റർ അയ്യന്റെയും മാലയുടെയും പ്രദേശം. ആ ദമ്പതികൾക്കു പിറന്ന ആദ്യത്തെ ആൺകുഞ്ഞിന് കാളി എന്നവർ പേരിട്ടു. 1039 ചിങ്ങം 14 വെള്ളിയാഴ്ച അവിട്ടം നാളിലാണ് ജനനം.


അധഃസ്ഥിതജനവിഭാഗങ്ങൾ അയിത്തത്തിന്റെ തീഷ്ണതയിൽ നട്ടം തിരിഞ്ഞ ഒരു കാലഘട്ടം. അഴക്ക നെല്ലിനും പഴഞ്ചോറിനും മേലാളന്റെ ശാസനയിൽ ജീവിതം കഴിച്ചു കൂട്ടിയിരുന്ന സാധുജനങ്ങൾക്ക് വിദ്യാഭ്യാസം ചെയ്യാനുള്ള അവസരം സവർണർ തന്നിഷ്ടമാക്കി വിലക്കുകല്പിച്ചിരുന്നു. മാതാപിതാക്കളെ കാളയോടും പോത്തിനോടും സമമായി നുകത്തിൽ വച്ചുകെട്ടി അടിമപ്പണി ചെയ്യിച്ചിരുന്നതും കൂലിയില്ലാവേലയും വയലിന്റരികിൽ ഒടിച്ചുകുത്തിയ മൺമാടങ്ങളിൽ സുരക്ഷിതരല്ലാതെ വൃഥാ ജീവിച്ചുപോന്നിരുന്ന ഒരു പറ്റം സാധുക്കളുടെ ദുഃഖനിവാരണത്തിന് കൗമാരപ്രായത്തിലെത്തിയ കാളി ചിന്തിച്ചുതുടങ്ങി. വിദ്യാഭ്യാസം വിലക്കു കല്പിച്ച സമൂഹത്തോട് നേർക്കുനേർ മല്ലിടാൻ കളമൊരുക്കി.
ജീവിതസാഹചര്യങ്ങൾ വഴിമുട്ടി നിൽക്കുന്ന സാധുജനങ്ങളുടെ വിദ്യാഭ്യാസത്തിന് 1904 ൽ വെങ്ങാനൂരിൽ സ്വന്തമായി ഒരു നിലത്തെഴുത്ത് പള്ളിക്കൂടം തുടങ്ങി. ഇത് സവർണരെ ചൊടിപ്പിച്ചു.
1904ൽ കാർഷിക മേഖലയിലെ പണി സാധുജനങ്ങൾ നിറുത്തിവച്ചു. 1907 വരെ സമരം തുടർന്നു. അയിത്തത്തിനെതിരെ പോരാടി സ്വജനങ്ങളുടെ ദുഃഖമകറ്റാൻ കാളി യുവജനങ്ങളെ സംഘടിപ്പിച്ചു. ഒരു സംഘടന 1907ൽ രൂപീകരിച്ചു. പ്രവർത്തനം തിരുവിതാംകൂറിലങ്ങോളമിങ്ങോളം വ്യാപിച്ചു. നാടകസംഘങ്ങളും ഗായകസംഘങ്ങളും രൂപീകരിച്ചുകൊണ്ട് യുവജനങ്ങളുടെ പിൻതുണ കൂട്ടി. സുവർണമേധാവികളുടെ പ്രഹരവും എതിർപ്പും അതിജീവിക്കാൻ മലബാറിൽ നിന്നുള്ള കളരി ആശാന്മാരെ വരുത്തി അഭ്യാസമുറകൾ പഠിച്ചു. പൊതുവഴി സഞ്ചാരയോഗ്യമാക്കാൻ പ്രാമാണികത്വത്തിന്റെ അക്കാലത്തെ അടയാളമായ വില്ലുവണ്ടി സജ്ജമാക്കി 1893 ൽ ബാലരാമപുരം, ആറാലുമ്മൂട്, ചാലിയാർതെരുവ്, കഴക്കൂട്ടം, കണിയാപുരം, മണക്കാട് എന്നിവിടങ്ങളിലൂടെ സധൈര്യം സഞ്ചരിച്ചു. ആയുധങ്ങളേന്തിയ സവർണർ വില്ലുവണ്ടിയാത്ര തടയുകയും സംഘട്ടനം നടത്തുകയും ചെയ്തു. അതെല്ലാം സധൈര്യം നേരിട്ട് കൊണ്ടും കൊടുത്തും സ്വസമുദായതാത്പര്യത്തെ സംരക്ഷിച്ചു.


വിദ്യാഭ്യാസ ആവശ്യത്തിനായി കാർഷിക മേഖല സ്തംഭിപ്പിച്ച് സർക്കാരിന്റെ കണ്ണുതുറപ്പിച്ച കാളി പിന്നീട് അറിയപ്പെട്ടത് അയ്യങ്കാളി എന്നായിരുന്നു.
ഇതിനിടയിൽ അയ്യങ്കാളി ഗുരുദേവന്റെ നിർദ്ദേശങ്ങൾക്കായി അദ്ദേഹത്തെ കണ്ടു. നീണ്ടചർച്ചയ്ക്കുശേഷം ഗുരുദേവന്റെ ആത്മപ്രചോദനമാണ് അയ്യങ്കാളിയിൽ പ്രകടമായ മാറ്റമുണ്ടായത്.
കാർഷികമേഖല സ്തംഭിപ്പിച്ച് വിദ്യാഭ്യാസ ആവശ്യം നേടിയെടുക്കാൻ ഉപയോഗിച്ച ബുദ്ധിയെ ഗുരുദേവൻ പ്രശംസിച്ചു. ചാവടിനട സ്കൂളിലും പ്രവേശനം നിഷേധിച്ചതിൽ സംഘട്ടനങ്ങൾ നടത്തേണ്ടിവന്നു.
കാർഷിക മേഖലയുടെ സ്തംഭനം കണക്കിലെടുത്ത് ശ്രീമൂലം തിരുനാൾ മഹാരാജാവ് അന്വേഷണ ഉത്തരവിട്ടു. അന്നത്തെ ദിവാൻ ആയിരുന്ന പി. രാജഗോപാലാചാരി സമരം തികച്ചും ന്യായമാണെന്നു കണ്ടതിനാൽ കണ്ടള നാഗംപിള്ളയെ അനുരഞ്ജനത്തിനായി നിയോഗിച്ചു. അയ്യങ്കാളിയുടെ ധർമ്മസമരം സർക്കാർ അംഗീകരിച്ചു. 1911 ഡിസംബർ 5ന് ഗസ്റ്റ് വിജ്ഞാപനത്തിലൂടെ ശ്രീമൂലം പ്രജാസഭയിൽ സാധുജനങ്ങളുടെ നേതാവെന്ന നിലയിൽ അയ്യങ്കാളിയെ പ്രജാസഭാ മെമ്പറായി ശ്രീമൂലം പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്തു. 1912 മുതൽ സാധുക്കളുടെ ഇന്നു കാണുന്ന ഉയർച്ചയ്ക്കു നിദാനമായതൊക്കെ പ്രസംഗത്തിലൂടെയും നിവേദനങ്ങളിലൂടെയും നേടിയെടുക്കാൻ അക്ഷീണം പ്രവർത്തിച്ചു. സാധുസ്ത്രീജനങ്ങളുടെ മാറുമറയ്ക്കാൻ ഉപയോഗിച്ചിരുന്ന കല്ലുമാല മാറ്റി പകരം റൗക്ക തയ്പിച്ചു നൽകിയ കൊല്ലം പെരുനാടു ലഹള പ്രായമായവർ ഭയവിഹ്വലതയോടുകൂടി മാത്രമേ സ്മരിക്കുകയുള്ളൂ. കല്ലുമാല മാറ്റുന്നതിന് ജനങ്ങളെ സംഘടിപ്പിച്ചത് ഗോപാലദാസ് ആയിരുന്നു. അതിനുശേഷം ഗോപാലദാസ് എങ്ങോ അപ്രത്യക്ഷനായി. പെരിനാട് കുഴിയം എന്ന സ്ഥലത്തായിരുന്നു സംഭവം. അത് 1915 ൽ ആയിരുന്നു. നേതൃത്വം നൽകിയ പ്രജാസഭ മെമ്പർ അയ്യൻകാളി സാധുജനങ്ങളുടെ അവകാശം സംരക്ഷിച്ചു. 1937 ജനുവരി 14 ന് ഗാന്ധിജി വെങ്ങാനൂരിൽ എത്തി അയ്യങ്കാളിയുടെ കോടതിയും സ്കൂളും തയ്യൽസ്കൂളും നൂൽനൂല്പുശാലകളും അത്ഭുതത്തോടുകൂടി വീക്ഷിച്ചു എന്നുമാത്രമല്ല, മഹാസമ്മേളനത്തിൽ സാധുജനങ്ങളുടെ കരുത്തനായ നേതാവിനെ ആദരിച്ച് ആശ്ലേഷിച്ച് പ്രസംഗിച്ചു.

No comments:

Post a Comment