ചാത്തന്നൂർ : തെരുവ് വിളക്കുകൾ
സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി പ്രതിവർഷം
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ മുടക്കുന്നത് ലക്ഷങ്ങളാണ് എന്നിട്ടും
വർഷത്തിൽ പകുതിയിലധികം ദിവസവും
അണഞ്ഞു തന്നെ കിടക്കുന്ന അവസ്ഥയിലാണ്. എം പി മുതൽ പഞ്ചായത്ത് അംഗം വരെയുള്ള
ജനപ്രതിനിധികളുടെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ലക്ഷങ്ങൾ ചിലവഴിച്ചു
അശാസ്ത്രീയമായി സ്ഥാപിക്കുന്ന വിളക്കുകൾ മാസങ്ങൾക്കുള്ളിൽ പ്രവർത്തനരഹിതമാകുന്നതോടെ ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. രണ്ടായിരം രൂപയ്ക്ക് മുകളിൽ വിലയുള്ള വിളക്കുകൾ കരാറുകാരെ ഏല്പിച്ചാണ് സ്ഥാപിക്കുന്നത്. മാസങ്ങൾക്കുള്ളിൽ 90 ശതമാനം വിളക്കുകളും പ്രവർത്തനരഹിതമാകും. ഓരോവർഷവും വഴിവിളക്കിനായി വലിയൊരു തുക പഞ്ചായത്തുകൾ മുടക്കുന്നതല്ലാതെ കാര്യമായ പ്രയോജനമില്ല.
@ എർത്തിങ് സംവിധാനമില്ല
പോസ്റ്റുകളിൽ സ്ഥാപിക്കുന്ന വഴിവിളക്കുകൾക്ക് എർത്തിങ് സംവിധാനമില്ലാത്തതാണ് വിളക്കിന്റെ ആയുസ്സ് കുറയുന്നതിന് പ്രധാന കാരണമെന്ന് പറയുമ്പോഴും അത് പരിഹരിക്കാൻ സംവിധാനം ഒരുക്കാറില്ല എന്നുള്ള പരാതിയാണ് വ്യാപകമാകുന്നത്
അമിതവൈദ്യുതിപ്രവാഹം ഉണ്ടാകുമ്പോഴും മിന്നലേറ്റുമാണ് വിളക്കുകൾ നശിക്കുന്നത്. വൈദ്യുതി ഉപഭോഗം കുറയ്ക്കാനായി എൽ ഇ ഡി സംവിധാനമുള്ള വിളക്കുകളാണ് ഇപ്പോൾ സ്ഥാപിക്കുന്നത്. ലൈറ്റ് ഒന്നിന്
2000 മുതൽ 2500 രൂപവരെയാണ് വില. ഇത് സ്ഥാപിക്കാൻ മുന്നൂറുമുതൽ അഞ്ഞൂറ് രൂപവരെ പഞ്ചായത്ത് അധികമായി മുടക്കണം. ഇവയ്ക്ക് ഒരുവർഷ കാലാവധിയാണ് കമ്പനികൾ നൽകുന്നത്. എന്നാൽ മൂന്നുമാസത്തിനുള്ളിൽത്തന്നെ 80 ശതമാനം വിളക്കുകളും നശിക്കുകയാണ്.
@ പാഴാക്കിയത് ലക്ഷങ്ങൾ
വാർഷികപദ്ധതിയിൽ എല്ലാ പഞ്ചായത്തുകളും വലിയൊരു തുക തെരുവ് വിളക്കിനായി മാറ്റിവെയ്ക്കാറുണ്ട്. തെരുവ് വിളക്കുകൾ സ്ഥാപിച്ചാൽ
ആറുമാസത്തിനുള്ളിൽത്തന്നെ വിളക്കുകൾ പൂർണമായി നശിക്കും. ലക്ഷങ്ങൾ പാഴാകുന്നതല്ലാതെ എന്ത് പ്രയോജനമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.
@ ഹൈമാസ്റ്റ് വിളക്കുകൾ ബാധ്യത
എ പി, എംഎൽ എ. ഫണ്ടുകളിൽനിന്ന് ലക്ഷങ്ങൾ മുടക്കി പ്രതിവർഷം നിരവധി ഹൈമാസ്റ്റ് വിളക്കുകളാണ് സ്ഥാപിക്കുന്നത്. ഇത് വളരെപ്പെട്ടെന്ന് തകരാറിലാകും. ഇവയ്ക്ക് ഒരുവർഷത്തോളമാണ് വാറന്റി കാലാവധി. ഇതിനുശേഷം അറ്റകുറ്റപ്പണികൾ നടത്തുക പഞ്ചായത്തിന്റെ ചുമതലയാണ്. ഒരു ഉയര വിളക്ക് അറ്റകുറ്റപ്പണി നടത്താൻ 10,000 മുതൽ 25,000 രൂപവരെ ചെലവുണ്ട്. എന്നാൽ, ഇത്രയും വലിയ തുക കണ്ടെത്താൻ പഞ്ചായത്തുകൾക്ക് ഏറെ ബുദ്ധിമുട്ടാണ്. ഇതിനാലാണ് മിക്ക ഹൈമാസ്റ്റ് വിളക്കുകളും തകരാറിലായാൽ ഉപേക്ഷിക്കുന്നത്.
ഫോട്ടോ : ചാത്തന്നൂരിൽ ജി. എസ്. ജയലാൽ എം എൽ എയുടെ ഗ്രാമവെളിച്ചം പദ്ധതിയിൽ ഉൾപ്പെടുത്തി കെ എസ് ആർ ടി സി ഡിപ്പോ ജംഗഷനിൽ സ്ഥാപിച്ച ലൈറ്റുകൾ കേടായതിനെ തുടർന്ന് ശരിയാക്കാതെ പകരം വലിയ ബൾബ് തൂക്കിയിട്ടിരിക്കുന്നു.
ഫോട്ടോ :കെ എസ് ആർ ടി സി ഡിപ്പോ ജംഗഷനിൽ ചാത്തന്നൂർ പഞ്ചായത്ത് സ്ഥാപിച്ച ഉയരവിളക്ക് അറ്റകുറ്റപണികൾ നടത്താത്തത് മൂലം നശിക്കുന്നു.