Saturday, 26 July 2025

റിസോർട്ട് മാലിന്യങ്ങൾ പേറി പരവൂർ കായൽ നാറുന്നു നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

റിസോർട്ട്  മാലിന്യങ്ങൾ പേറി പരവൂർ കായൽ നാറുന്നു നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

പരവൂർ:   ഗ്രാമീണതയുടെ ഭംഗി ആസ്വദിക്കാൻ  പരവൂർ കായലിന്റെ തീരങ്ങളിൽ സഞ്ചാരികൾക്കായി ഒരുങ്ങി നില്ക്കുന്ന സ്വകാര്യ റിസോർട്ടുകളിലെ മാലിന്യങ്ങൾ കായലിനെ മാലിന്യ വാഹികളാക്കി മാറ്റുന്നു. കായലോരത്തും കായലുകളിലെ ചെറുദ്വീപുകളിലുമായി സഞ്ചാരികളെ ആകർഷിക്കും വിധമാണ് പല റിസോർട്ടുകളുടെയും നിർമ്മാണം
നടത്തിയിരിക്കുന്നത്.എന്നാൽ ഇവിടെ നിന്നുള്ള കക്കൂസ് മാലിന്യങ്ങളുൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത് കായലിലേക്കാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 
പരവൂർ കായലിൽ വന്ന് ചേരുന്ന ചെറു തോടുകളും ഇത്തിക്കരയാറിലും
സ്വകാര്യ റിസോർട്ടുകളിലെ മാലിന്യങ്ങൾ തള്ളുന്നതിനുള്ള പ്രധാന ഇടങ്ങളായി മാറുന്നത്. മയ്യനാട് കൊട്ടിയം ഭാഗത്ത് 
മയ്യനാട് കായലിലേക്ക് വന്ന് ചേരുന്ന ചെറു അരുവികൾ പലതും മാലിന്യ വാഹിയായി മാറികഴിഞ്ഞു പരമ്പരാഗത മത്സ്യത്തൊഴിലാളികളടക്കം തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്  കായലോര മേഖലകൾ. റിസോർട്ടുകളിലെ മാലിന്യങ്ങൾ തള്ളുന്നത് പതിവായതോടെ കയലുകളിൽനിന്ന് സുലഭമായി ലഭിച്ചിരുന്ന പല മത്സ്യങ്ങളും ഇന്ന് ഈ കായലുകളിൽ നിന്ന് ലഭിക്കുന്നില്ല. ചെറു ദ്വീപുകളിലടക്കം അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടുകളിലെ ചീഞ്ഞഴുകിയ ഭക്ഷണ പദാർത്ഥങ്ങളും മുറികളും കക്കൂസുകളും വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങളുടെ അവശിഷ്ടങ്ങളും  അടക്കം കായലോരത്ത് തള്ളുന്നത് പതിവാണ്.  
ഇത് മൂലം
കായലോരത്ത് താമസിക്കുന്നവർ രൂക്ഷമായ ദുർഗന്ധമാണ് അനുഭവിക്കുന്നത്. 
കൂടാതെ ടാങ്കർ ലോറി കളിൽ കക്കൂസ് മാലിന്യങ്ങളും ഇവിടെ  തള്ളുന്നുണ്ട്.  കായലുകളുമായി ബന്ധപ്പെട്ട് കിടക്കുന്ന തോടുകളും നിരവധിയാണ്. ഈ തോടുകളെ പ്രാഥമിക കാര്യങ്ങൾക്കും മറ്റുമായി നിരവധി ആളുകളാണ് ആശ്രയിക്കുന്നത്. രാസ പദാർത്ഥങ്ങൾ കലർന്ന മാലിന്യങ്ങൾ തോടുകളിലും മറ്റും കെട്ടി കിടക്കുന്നത് മൂലം ഈ പ്രദേശത്തെ ജല സ്രോതസ്സുകളിൽ ഇറങ്ങുന്നവർക്ക് ത്വക്ക് രോഗങ്ങൾ അടക്കമുള്ള അസുഖങ്ങൾ ഉണ്ടാകുന്നു. സ്വകാര്യ റിസോർട്ടുകളിൽ നിന്ന് കായലിലേക്ക് മാലിന്യം തള്ളുന്നത് തടയണം എന്ന വർഷങ്ങളായുള്ള മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള തീരത്തെ ജനങ്ങളുടെ ആവശ്യം അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ സമരങ്ങൾക്ക് തയ്യാറെടുക്കുകയാണ് ജനങ്ങൾ.

No comments:

Post a Comment