ചാത്തന്നൂർ: പ്രകൃതിഭംഗി മാറ്റുരയ്ക്കുന്ന പോളച്ചിറയോട് അധികൃതരുടെ അവഗണന ടൂറിസം സാധ്യതകൾ മങ്ങുന്നു.
ചരിത്രരേഖകളിൽ 'കാടിച്ചിറ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന പോളച്ചിറ ഏലാ ചിറക്കര ഗ്രാമപഞ്ചായത്തിൽ രണ്ടായിരം ഏക്കറിലേറെ വിസ്തൃതിയുള്ള, സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന പൊക്കാളി പാടശേഖരമാണ്. വർഷത്തിൽ ഒരു വിളവ് നെൽകൃഷിയും മറ്റുള്ള സമയങ്ങളിൽ പരമ്പരാഗത നാടൻ മത്സ്യസമ്പത്തുമാണ് ഇവിടെയുള്ളത്. നവംബർ മാസത്തോടെ വ്യത്യസ്തവും അപൂർവവുമായ ദേശാടന പക്ഷികളാണ് ഇവിടേക്ക് കൂട്ടമായി എത്തുന്നത്. അവ ഇവിടത്തെ കാലാവസ്ഥയിൽ ജീവിച്ച് മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ച് ഏപ്രിൽ മാസത്തോടെ പറക്കമുറ്റിയ കുഞ്ഞുങ്ങളുമായി പോകുകയാണ് പതിവ്. വിനോദസഞ്ചാരികളെ ആകർഷിക്കാനുതകും വിധം നയനാന്ദകരമായ കാഴ്ചകളാണ് പോളച്ചിറ ഏലായിലും പരിസരപ്രദേശങ്ങളിലുമായുള്ളത്.
പ്രകൃതി സുന്ദരമായ പോളച്ചിറയുടെ അനന്തമായ സാധ്യതകൾ മനസിലാക്കി വർഷങ്ങൾക്ക് മുമ്പ് പക്ഷി വളർത്തൽ കേന്ദ്രത്തിനും ദേശാടന പക്ഷികളുടെ സംരക്ഷണത്തിനുമായി ഏലായുടെ തീരത്ത് സ്ഥലം വാങ്ങുന്നതിന് ജില്ലാ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല. പ്രകൃതിസുന്ദരവും മത്സ്യസമ്പത്തിന്റെ അക്ഷയഖനിയുമായ പോളച്ചിറയിൽ ടൂറിസത്തിന് ഊന്നൽ നൽകിയുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതോടെ ചിറക്കര പഞ്ചായത്തിൽ ഒട്ടനവധി വികസന സാധ്യതകളും തൊഴിലവസരങ്ങളും കടന്നുവരുമെന്ന് നാട്ടുകാർ പ്രതീക്ഷിക്കുന്നു. പോളച്ചിറ കേന്ദ്രീകരിച്ച് ഫാം ടൂറിസം, വില്ലേജ് ടൂറിസം, ഫെസ്റ്റിവൽ ടൂറിസം, കൾച്ചറൽ ടൂറിസം, ഹോം സ്റ്റേ എന്നിവ ഏകീകരിച്ചുള്ള പദ്ധതികൾ നടപ്പിലാക്കുന്നതോടെ പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾ വർദ്ധിക്കുകയും പ്രദേശവാസികൾക്ക് ടൂറിസം അനുബന്ധ തൊഴിലുകളിലൂടെ ഉപജീവനമാർഗവും ഒരുങ്ങും. ജില്ലയിലെ ഏറ്റവും വലിയ നെല്ലറയും ദേശാടന പക്ഷികളുടെ പറുദീസയുമായ പോളച്ചിറ ഏലാ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസന പദ്ധതി നടപ്പിലാകാൻ ഇനിയുമെത്ര നാൾ കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
പോളച്ചിറയിൽ ടൂറിസം പദ്ധതി നടപ്പാക്കണം - ബിജെപി
ചിറക്കര ഗ്രാമപഞ്ചായത്തിനെ ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടനാകുന്ന വിധത്തിൽ പോളച്ചിറ ടൂറിസം പദ്ധതി വിദഗ്ദ്ധരുമായി ആലോചിച്ച് നടപ്പാക്കണമെന്ന് ബിജെപി ചിറക്കര പഞ്ചായത്ത് സമിതി പ്രസിഡന്റ് ചിറക്കര സന്തോഷ് ആവശ്യപ്പെട്ടു.
ഇതിന്റെ ആദ്യഘട്ടമായി പോളച്ചിറയ്ക്ക് കുറുകെ റോപ് വേ, ചുറ്റുമുള്ള പത്ത് കിലോമീറ്ററിലേറെയുള്ള ബണ്ട് റോഡ് വഴി കുതിര സവാരി എന്നിവ ആരംഭിക്കണം
അപൂർവ ഇനത്തിലുള്ള വിവിധയിനം ദേശാടന പക്ഷികൾ പ്രജനനത്തിനായി എത്തിച്ചേരുന്ന പോളച്ചിറയ്ക്ക് അനന്തമായ ടൂറിസം സാധ്യതകളുണ്ട്.
പക്ഷി നിരീക്ഷണത്തിനായി വാച്ചിംഗ് ടവറുകൾ, പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിൽ ഗതാഗത സൗകര്യമൊരുക്കണം പോളച്ചിറയിൽ മികച്ച പദ്ധതികൾ നടപ്പിലാക്കാൻ അധികൃതർ നടപടിയെടുക്കണമെന്നും
ചിറക്കര സന്തോഷ് ആവശ്യപ്പെട്ടു.
No comments:
Post a Comment