പെറ്റിയടിയിൽ മത്സരിച്ച് മോട്ടോർ വാഹനവകുപ്പും പൊലീസും ഇരുചക്ര- മുച്ചക്ര വാഹനക്കാർ ഇരകൾ
കൊല്ലം : മോട്ടോർ വാഹന വകുപ്പും പൊലീസും പെറ്റിയടിയിൽ മുന്നിലെത്താൻ മത്സരിച്ച് തുടങ്ങിയതോടെ ഇരുചക്ര വാഹനയാത്രക്കാർക്ക് റോഡിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയായി.
ഒരു വശത്ത് എ ഐ ക്യാമറയിൽ കുടുങ്ങാതിരിക്കാൻ ഹെൽമറ്റ് ധരിച്ചു എത്തിയാലും പോലീസും എം വി ഡിയും വെറുതെ വിടില്ല.മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും തലങ്ങും വിലങ്ങും നിന്ന് പെറ്റിയടിക്കാൻ മത്സരിക്കുകയാണ്. പിഴ ഈടാക്കൽ മൽസരത്തിൽ മോട്ടോർ വാഹന വകുപ്പ് പൊലീസിനെ കടത്തിവെട്ടിയതാണ് മുന്നേറുന്നത്. പരസ്പര മേൽക്കോയ്മയ്ക്കായി നിയമവിരുദ്ധമായി വളവുകളിലും ഇടവഴികളിലും പതുങ്ങിയിരുന്നും വാഹനങ്ങളെ അശാസ്ത്രീയമായി മറികടന്നും നിയമപാലകർ ഇരുചക്രവാഹനങ്ങളും മുച്ചക്രവാഹനങ്ങളും വള
ഞ്ഞിട്ട് പിടികൂടുന്നത് അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ജില്ലയിലുടനീളം
നടത്തിയ പരിശോധനയിൽ ലക്ഷകണക്കിന്
രൂപ പിഴ അടപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പോലീസും വ്യാപകമായി പെറ്റിയടിക്കാനിറങ്ങി.
മോട്ടോർ വാഹന വകുപ്പിനെ റെക്കോഡ് തകർക്കാനാണ് പൊലീസിന്റെ ശ്രമം.
മോട്ടോർ വാഹന വകുപ്പും പോലീസും മത്സരത്തിന്റെ ഭാഗമായി ഒരേ റൂട്ടിൽ തന്നെ മീറ്ററുകളുടെ വ്യത്യാസത്തിൽ നിരവധി സ്ഥലങ്ങളിലാണ് പരിശോധനകൾ നടത്തുന്നത്. നേരത്തെ പരിധോധന നടത്തിയതാണെന്നോ, പിഴ ലഭിച്ചതാണെന്നോ പറഞ്ഞാലും ഇവിടെയും പരിശോധന നടത്തിയിട്ട് പോയാൽ മതിയെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഒരു ദിവസം ഒരാൾക്ക് ഒന്നിൽ കൂടുതൽ തവണ പിഴ ഈടാക്കരുതെന്ന ചട്ടം നിലനിൽക്കെ രണ്ടും മൂന്നും പിഴകൾ അടയ്ക്കേണ്ട ഗതികേടുണ്ടായവരും ജില്ലയിലുണ്ട്.
പൊലീസിന്റെ പരിശോധനയ്ക്ക് ശേഷം മോട്ടോർ വാഹന വകുപ്പിന്റെ അടുത്ത് എത്തിയാൽ അവർ വാഹനം പരിശോധിച്ച് പിഴ ഈടാക്കാനുള്ള അധികാരമില്ലെന്നും അത് തങ്ങൾക്ക് മാത്രമാണെന്നും പറഞ്ഞ് വിവിധ വകുപ്പുകൾ ചുമത്തി പിഴ ഈടാക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമാണ് ഇപ്പോഴത്തെ പതിവത്രേ. ട്രാഫിക് പൊലീസിന്റെ പകൽ പിഴ നൽകരുതെന്ന നിർദ്ദേശവും ഇവർ നൽകാറുണ്ടത്രേ. തകർന്ന് കിടക്കുന്ന
റോഡുകൾ ഒരു ഭാഗത്തും അതിന് പിന്നാലെയുള്ള തുടർച്ചയായുള്ള വാഹന പരിശോധനയും കാരണം ആവശ്യക്കാർക്ക് യഥാസമയം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനും കഴിയാറില്ല. പരിധോധന കഴിഞ്ഞ വാഹനങ്ങൾക്ക് പ്രത്യേക സ്റ്റിക്കർ നൽകുകയോ ഒരേ റൂട്ടിലെ ഒന്നിലധികം പരിശോധന ഒഴിവാക്കുകയോ വേണമെന്നാണ് ഇരുചക്ര - മുച്ചക്ര ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ആവശ്യമെങ്കിലും മോട്ടോർ വാഹനവകുപ്പും - പൊലീസും ഇതിന് തയ്യാറായിട്ടില്ല. സാധാരണക്കാരുടെ വാഹനങ്ങളെ മാത്രം വേട്ടയാടിപ്പിടിക്കുന്ന നിയമപാലകർ കാറുകളും ബസുകളും ടിപ്പറുകളും ഉൾപ്പടെയുള്ള വാഹനങ്ങളുടെ നിയമ ലംഘനങ്ങൾക്കെതിരെ കണ്ണടയ്ക്കുകയാണ് ചെയ്യുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല കൊച്ചുവാഹനങ്ങൾക്ക് പിഴ ഈടാക്കലിൽ മാത്രമാണ് ഇരുവിഭാഗങ്ങളുടെയും ശ്രദ്ധയെന്ന ആക്ഷേപവും ശക്തമാണ്. റോഡ് അപകട രഹിതമാക്കുക, അപകട മുന്നറിയിപ്പുകൾ നൽകുക തുടങ്ങിയ നിവരധി ചുമതലകൾ ഇവരിൽ അധിഷ്ഠിതമാണെങ്കിലും ഇവയൊന്നും തങ്ങളുടെ ജോലിയല്ലെന്ന നിലപാടിലാണ് ഇവരുടെ പെരുമാറ്റം. റോഡിലെ വൻ കുഴികളിൽ വീണും വശങ്ങളിൽ സ്വകാര്യ വ്യക്തികളും റോഡ് നിർമ്മാണ കമ്പനികളും ഉൾപ്പടെയുള്ളവർ ഇറക്കിയിട്ടിരിക്കുന്ന മെറ്റൽ, പാറപ്പൊടി, മണൽ തുടങ്ങിയവയുടെ കൂനകളിൽ കയറിയും അപകടങ്ങളും മരണങ്ങളും അനുദിനം വർദ്ധിച്ചിട്ടും ഇവയ്ക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ല.
ചെറിയ വാഹനങ്ങൾക്ക് പിന്നാലെ മാത്രം നിരന്തരമായി പായുമ്പോൾ ഹെവി വാഹനങ്ങൾ ഉൾപ്പടെയുള്ളവയിൽ നിയമലംഘനങ്ങൾ നിർബാധം തുടരുകയാണ്. ഇത്തരത്തിൽ പായുന്ന വാഹനങ്ങൾക്ക് നേരെ അധികൃതർ മുഖം തിരിക്കുന്നതോടെ വൻ അപകട ഭീഷണിയാണ് ഉയർന്നിരിക്കുന്നത്. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും പ്രധാന ജോലി ഇപ്പോൾ ഇരുചക്രക്കാരുടെ ഹെൽമെറ്റും മുച്ചക്രകാരുടെ കാക്കിയും നോക്കി പെറ്റിയടിക്കുക എന്നതാണ്.
ഹൈവേ പൊലീസിനും ട്രാഫിക് പൊലീസിനും പുറമെ ലോക്കൽ പൊലീസും വേട്ടയ്ക്കിറങ്ങിത്തുടങ്ങതോടെ ക്രമസമാധാന പാലനവും മറ്റ് സ്റ്റേഷൻ ജോലികളും താറുമായിട്ടുണ്ട്. ചെറുവാഹനങ്ങളെ മാത്രം വേട്ടയാടിത്തുടങ്ങിയതോടെ സ്വകാര്യ ബസുകളുടെ അമിതവേഗതയും ടിപ്പർ ലോറികളുടെ മരണപ്പാച്ചിലും എയർ ഹോണുകളും സൺഫിലീം ഒട്ടിച്ച വാഹനങ്ങളുടെയും നിയമലംഘനം ജില്ലാ ആസ്ഥാനത്ത് ഉൾപ്പടെ തകൃതിയാണ്.
ഫിറ്റ്നസ് സർട്ടിഫിക്കേറ്റും മതിയായ രേഖകളുമില്ലാതെ സർവ്വീസ് നടത്തുന്ന ബസുകൾ പിടികൂടമെന്ന് ട്രാൻസ്പോർട്ട് കമ്മീഷ്ണർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും കാര്യമായ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.സ്വകാര്യ ബസുകളാണ് നിയമ ലംഘനത്തിൽ മുന്നിൽ നിൽക്കുന്നത്. സർവ്വീസ് നടത്തുന്ന ബസുകളിലും സ്റ്റാന്റിലും കാര്യമായ പരിശോധന ഇല്ലാതെയായി. സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും നടപടിക്കെതിരെ പ്രതിഷേധിച്ച് തുടങ്ങിയതോടെ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് പോലും പരിശോധിക്കാറില്ല. സ്പീഡ് ഗവർണർ കർശനമാക്കിയിരുന്നെങ്കിലും മിക്കവയിലും പ്രവർത്തന രഹിതമാണ്. ബസുകൾ വാതിൽ തുറന്നിട്ടും യൂണിഫോം ധരിക്കാതെയും മൊബൈൽ ഫോണിൽ സംസാരിച്ചുമുള്ള ഡ്രൈവിംഗും അമിത വേഗതയും വ്യാപകമാണ്. വിദ്യാർത്ഥികളെ കയറ്റാതെയും സ്റ്റോപ്പുകളിൽ നിർത്താതെയും പോകുന്ന ബസുകൾ നിരവധിയാണ്.