Thursday, 19 November 2015

ശബരിമലയിലേക്ക് കാനന പാതയിലൂടെ ഒരു യാത്ര

കറുപ്പോ നീലയോ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നു. താല്‍ക്കാലികമായി താനൊരു സന്ന്യാസിയാണെന്ന ബോധം തീര്‍ത്ഥാടകനുണ്ടാകുന്നു. നഗ്നപാദനായി നടന്നുനീങ്ങുന്നു. ആഹാരത്തിനെ ഭിക്ഷയെന്നാണ് പറയുന്നത്. സാധാരണ ജീവിതചര്യകളില്‍നിന്ന് അല്‍പ്പം മാറി മനസ്സിനെ ആത്മബോധത്തിലേയ്ക്ക് എത്തിപ്പിടിക്കാന്‍ സജ്ജമാക്കുകയാണ് വ്രതനിഷ്ഠകള്‍കൊണ്ട് ഉദ്ദേശിക്കുന്നത്. എത്ര വില നല്‍കിയാലും ലഭ്യമല്ലാത്ത സമാധാനവും ചൈതന്യവും തീര്‍ത്ഥാടകര്‍ സമ്പാദിക്കുന്നു. ഒരു തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ അടുത്ത മണ്ഡലകാലത്തിനായുള്ള കാത്തിരിപ്പാകും ഓരോ തീര്‍ത്ഥാടകനും.

സാധാരണ ജീവിതരീതികളുടെ വീര്‍പ്പുമുട്ടുന്ന ചട്ടക്കൂടുകളില്‍നിന്ന് വിമുക്തമാകാനുള്ള മനസ്സിന്റെ ഇച്ഛ കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടനത്തിന് ശക്തിപകരുന്നു. കാല്‍നൂറ്റാണ്ടിന് മുമ്പുള്ള തീര്‍ത്ഥാടകര്‍ക്ക് അസാധ്യവും അനുഭൂതിദായകവുമായ കാനന കാന്തി അനുഭവിച്ചറിയാനും ആ പാതയിലൂടെയുള്ള ദുര്‍ഘട യാത്ര മനുഷ്യാതീതമായ പ്രകൃതിയുടെ ഭീതിദഭാവം അനുഭവിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ഒരു തരം വിനോദസഞ്ചാരത്തിന്റെ മനോഭാവത്തില്‍ എത്തുന്നവരും വിരളമല്ല. മേല്‍പ്പറഞ്ഞ വ്രതനിഷ്ഠകളുടെ ശാസ്ത്രീയഭാവത്തെ വിസ്മരിക്കുകയോ വെല്ലുവിളിക്കുകയോ ചെയ്യുന്നു ഇവര്‍. ഇവര്‍ക്കാവശ്യം വന മധ്യത്തിലും നല്ല സുഖസൗകര്യങ്ങളാണ്. ശബരിമല വിഭാവനം ചെയ്യുന്ന അനുഗ്രഹപ്രദമായ ശക്തിയും ശാന്തിയും അവര്‍ക്ക് അനുഭവവേദ്യമാകുന്നില്ല.

മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത് എന്ന പ്രസിദ്ധമായ ചൊല്ല് ഇവിടെ സ്മരണീയമാണ്. ആദ്ധ്യാത്മിക മൂല്യങ്ങളുടെ വികാസം നല്‍കുന്ന സംതൃപ്തി ജീവിതത്തില്‍ ലഭ്യമാകുന്നില്ലെങ്കില്‍ ഭൗതികപ്രമത്തത നല്‍കുന്ന ആനന്ദം ദുഃഖത്തെ ക്ഷണിച്ച് വരുത്തുക തന്നെ ചെയ്യും. തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കുമ്പോള്‍ ഈ ലക്ഷ്യം വിസ്മരിക്കരുത്. സാധാരണ ഭൗതികജീവിതത്തില്‍നിന്ന് ഒഴിഞ്ഞ് മാറി ആദ്ധ്യാത്മിക വികാസത്തില്‍ മനസ്സൂന്നിക്കഴിയുന്ന വിധമാണ് പ്രതിഷ്ഠകളും തീര്‍ത്ഥാടനവും ആവിഷ്‌കരിച്ചിട്ടുള്ളത്.

വീട്ടില്‍ പട്ടുമെത്തയില്‍ കിടക്കുന്ന ആള്‍ക്ക് വനമദ്ധ്യത്തില്‍ വെറും തറയില്‍ പുല്‍പായ വിരിച്ച് അതില്‍ കിടന്ന് ഉറങ്ങേണ്ടിവരും. ആഡംബര വാഹനങ്ങളില്‍മാത്രം യാത്ര ചെയ്ത് ശീലിച്ചവര്‍ക്ക് നഗ്നപാദരായി മുള്ളും കല്ലും നിറഞ്ഞ കാനനപാതയിലൂടെ സഞ്ചരിക്കേണ്ടിവരും. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നമ്മുടെ ഋഷീശ്വരന്മാര്‍ ശീലിച്ചതും ചൂണ്ടിക്കാട്ടിയതുമായ ധ്യാനജീവിതത്തിന്റെ അമൃത് നുകരാന്‍ ആണ്ടിലൊരിക്കലെങ്കിലും ലഘുവായ രീതിയില്‍ ശബരിമല ഭക്തന്മാര്‍ക്ക് അനുഷ്ഠിക്കേണ്ടിവരും. മനസ്സും ശരീരവും പ്രകൃതിയും തമ്മിള്ള അഭേദ്യമായ ബന്ധത്തെ ആസ്പദമാക്കി ബുദ്ധിപൂര്‍വം ആവിഷ്‌കരിക്കപ്പെട്ടതാണ് ശബരിമല തീര്‍ത്ഥാടനം. പാവനവും ആത്മശക്തിദായകവുമായ ഈ യാത്രയെ വികസനത്തിന്റെ മറവില്‍ കച്ചവടച്ചരക്കായി മാറരുത്

No comments:

Post a Comment