Wednesday, 4 November 2020

ഉയരങ്ങളിലേക്കു പറക്കാൻ കൊതിക്കുന്ന ഊന്നിൻമൂട്


കൊല്ലം: കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ അതിർത്തിപ്രദേശമാണ്‌ ഊന്നിൻമൂട്‌. പൂതക്കുളം, കല്ലുവാതുക്കൽ, ഇലകമൺ പഞ്ചായത്ത് പ്രദേശങ്ങൾ ഒത്തുചേരുന്ന സ്ഥലം. വീതിയുള്ള റോഡുകളോ പൊതുശൗചാലയങ്ങളോ ഇനിയുമില്ലാത്ത ഊന്നിൻമൂട് വികസനം കാക്കുകയാണ്‌. പൂതക്കുളം ഗ്രാമപ്പഞ്ചായത്തിലെ 18 വാർഡുകളിൽ അഞ്ചാമത്തേതാണ് ഊന്നിൻമൂട്. ഇതിന്റെ ഏറിയ ഭാഗവും പൂതക്കുളം പഞ്ചായത്തിലാണ്. ഇവിടെനിന്ന് കൂടുതൽ നികുതിവരുമാനം ലഭിക്കുന്നതും പൂതക്കുളം പഞ്ചായത്തിനുതന്നെ. എന്നാൽ, വികസനത്തിനായി ഒരു ശ്രമവും പഞ്ചായത്ത്‌ നടത്തുന്നില്ലെന്ന പരാതിയാണ് പ്രദേശവാസികൾക്കുള്ളത്.

കൃഷി ജീവനോപാധിയാക്കിയ സമൂഹമായിരുന്നു ഒരുകാലത്ത് ഊന്നിൻമൂട്ടിലുണ്ടായിരുന്നത്‌. പ്രദേശത്തെ ഏറ്റവും വലിയ നെല്ലറകളായിരുന്നു തലക്കുളം, കുരകുളം, പുന്നേക്കുളം ഏലാകൾ. ഊന്നിൻമൂടിന്റെ കാർഷികസമൃദ്ധിയുടെ കേന്ദ്രങ്ങളായിരുന്ന ഈ കൃഷിയിടങ്ങളുടെ സ്ഥിതി ഇന്ന്‌ ദയനീയമാണ്‌. ഇവിടെ ഇരുപ്പൂവും മുപ്പൂവും കൃഷിയിറക്കാനുള്ള ജലസേചന സൗകര്യത്തിനാണ് തലക്കുളം ഏലായിൽ ഉണ്ടായിരുന്ന കുളം ചുറ്റുമതിൽ കെട്ടിയും കമ്പിവേലിവെച്ചും സംരക്ഷിച്ചത്. കുളത്തിനോടു ചേർന്ന് ജലസംഭരണിയും പമ്പ് ഹൗസും സ്ഥാപിച്ചു. ഇതെല്ലാം തകർന്നതോടെ ചെലവിട്ട ലക്ഷങ്ങളാണ് പാഴായത്. തലക്കുളം ഏലായോടു ചേർന്നുകിടക്കുന്ന 50 ഏക്കറിലധികം വരുന്ന കുരകുളം ഏലാ പതിറ്റാണ്ടുകളായി തരിശായിക്കിടക്കുകയാണ്‌. പഞ്ചായത്തിന്റെ തരിശുരഹിത പദ്ധതിപ്രകാരം പൂതക്കുളം സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ ഇവിടെ കൃഷിയിറക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്‌.

@ പുന്നേക്കുളം ഏലായിൽ പാഴായത് ലക്ഷങ്ങൾ

ഏക്കറുകൾ വിസ്തൃതിയുള്ള പുന്നേക്കുളം ഏലായിൽ കൃഷിയുടെ പേരിൽ പാഴായത് ലക്ഷങ്ങൾ. ഏലായുടെ കിഴക്കുഭാഗത്ത്‌ നിർമിച്ച ചിറയും ഏലായിലേക്ക് വെള്ളമിറക്കാൻ സ്ഥാപിച്ച ഒറ്റ ഷട്ടർ സ്പിൽവേയും കൈത്തോടുമെല്ലാം നാമാവശേഷമായി.

ചിറയുടെ വശങ്ങൾ മണ്ണിടിയാതെ സംരക്ഷിക്കാൻ ലക്ഷങ്ങൾ ചെലവിട്ട് കയർ ഭൂവസ്ത്രം വിരിച്ചതും പാഴായി. മുൻപ്‌ രണ്ടേക്കർ 90 സെന്റായിരുന്നു ചിറയുടെ വിസ്തീർണം. ഇത്‌ ഒരേക്കറിൽ താഴെയായി. നഷ്ടമായ ഭൂമി റവന്യൂ വകുപ്പിന്റെ സഹായത്തോടെ തിരിച്ചുപിടിക്കണമെന്നാണ് പ്രദേശവാസികളും കർഷകരും ആവശ്യപ്പെടുന്നത്.

ദശാബ്ദങ്ങൾക്കുശേഷം കർഷകർ പുന്നേക്കുളം ഏലായിൽ കൃഷിയിറക്കിവരികയാണ്. മുൻപ്‌ ഇതേ ഏലായിലെ കർഷകർക്ക് കൃഷിഭവൻ ഒരു ട്രാക്ടർ നൽകിയിരുന്നു. കൃഷി ഇല്ലാതായതോടെ ഇത് തുരുമ്പുകയറി മുൻ ഏലാ വികസനസമിതി ഭാരവാഹിയുടെ വീട്ടുവളപ്പിൽ കിടക്കുകയാണ്‌.

ഏലായുടെ മധ്യത്തിലൂടെയുള്ള തോട്‌ പാർശ്വഭിത്തികൾ കെട്ടി സംരക്ഷിക്കുകയും ജലസേചനം സുഗമമാക്കുകയും ചെയ്താൽ ഏലായുടെ പഴയകാല പ്രതാപം വീണ്ടെടുക്കാനാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതിനു ചിറയും അതിലെ പഴയ സ്പിൽവേയും പരിഷ്കരിക്കണമെന്ന ആവശ്യവും കർഷകർ മുന്നോട്ടുവയ്ക്കുന്നു.

2005-2006ലാണ്  കുടിവെള്ളത്തിനായി കുഴൽക്കിണറും ജലസംഭരണിയും സ്ഥാപിച്ചത്. പിന്നീട് ഇതിന്റെ പ്രവർത്തനം നിലച്ചു. എം എൽ എ ഫണ്ട് ഉപയോഗിച്ചു നിർമിച്ച കുഴൽക്കിണർ പ്രവർത്തിപ്പിക്കാനുള്ള കറൻറ് ചാർജ് പഞ്ചായത്തിൽനിന്ന് നൽകാനാകില്ലെന്ന ന്യായം പറഞ്ഞ്‌ വൈദ്യുതിനിരക്ക്‌ മുടക്കിയതോടെയാണ്‌ പ്രവർത്തനം മുടങ്ങിയതെന്ന്‌ പ്രദേശവാസികൾ പറഞ്ഞു.

ഫോട്ടോ:പുന്നേക്കുളം ഏലായ്ക്കടുത്ത് സ്ഥാപിച്ച കുഴൽക്കിണറും പമ്പ്‌ ഹൗസും ഉപയോഗശൂന്യമായനിലയിൽ

@ ചുങ്കം പിരിക്കാത്ത ചന്ത

ഊന്നിൻമൂട്ടിൽ വൃത്തിയോടെ കാലങ്ങളായി പ്രവർത്തിച്ചുവരുന്ന നീലംബി മാതേവൻ സ്മാരക ട്രസ്റ്റിന്റെ ചന്ത ഒരു രൂപപോലും ചുങ്കമില്ലാതെയാണ് പ്രവർത്തിക്കുന്നത്‌. ട്രസ്റ്റ് 25 സെൻറ് സ്ഥലത്താണ്‌ ചന്ത പ്രവർത്തിപ്പിക്കുന്നത്‌.

ഏറെക്കാലംമുൻപ്‌ ചന്ത ജനങ്ങൾക്കായി സമർപ്പിക്കുമ്പോൾ നീലംബിയും മാതേവനും എഴുതിവെച്ച ഒസ്യത്തിൽ ചുങ്കം പിരിക്കരുതെന്ന് എഴുതിവെച്ചിരുന്നു. നിലവിലെ ട്രസ്റ്റും ഇത് അക്ഷരംപ്രതി പാലിക്കുന്നു.

ട്രസ്റ്റ് ചന്തയിൽ മേൽക്കൂരയുള്ള വലിയ ഷെഡ് നിർമിച്ചത് കച്ചവടക്കാർക്ക് ആശ്വാസമായി. ഊന്നിൻമൂട്ടിൽ രാവിലെ മണിക്കൂറുകൾമാത്രമാണിപ്പോൾ ചന്തയുടെ പ്രവർത്തനം. എങ്കിലും തിരക്കിനു കുറവില്ല.

@ വേണം, ഒരു പോലീസ് സ്റ്റേഷൻ

ക്രമസമാധാനപ്രശ്നങ്ങളും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും പ്രദേശത്ത്‌ മുൻപത്തേക്കാൾ രൂക്ഷമാണ്‌. ഇതിനു പരിഹാരമായി വേണ്ടത് ഒരു പോലീസ് സ്റ്റേഷനാണ്. ഊന്നിൻമൂട്ടിൽ പ്രശ്നമുണ്ടായാൽ പരവൂരിലോ പാരിപ്പള്ളിയിലോ ഉള്ള പോലീസ് സ്റ്റേഷനുകളിൽനിന്നു വേണം പോലീസ് എത്താൻ. എന്നാൽ, അത്യാവശ്യ ഘട്ടങ്ങളിൽപ്പോലും രണ്ട് സ്റ്റേഷനിൽനിന്നും ആരും സമയത്ത് എത്തിയ ചരിത്രമില്ല.

ഊന്നിൻമൂട് ജങ്‌ഷനിലും ശാരദാമുക്ക് കവലയിലും ചെമ്പകശ്ശേരി സ്കൂൾ പരിസരങ്ങളിലും തെങ്ങുവിള, കൂനംകുളം, തലക്കുളം, താവണംപൊയ്ക, കലയ്ക്കോട് പ്രദേശങ്ങളിലും ഇടയ്ക്കിടെ ഉണ്ടാകുന്ന ക്രമസമാധാനപ്രശ്നങ്ങൾ ജനങ്ങളിൽ ഭീതി വളർത്തുന്നുണ്ട്. അക്രമങ്ങൾ അമർച്ചചെയ്യാൻ ആരുമില്ലാത്ത സ്ഥിതിയാണ്.

2014-ൽ  പോലീസ്‌ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങൾ നടന്നെങ്കിലും നടപടികളുണ്ടായില്ല. സ്റ്റേഷനുവേണ്ടി തുടക്കംമുതൽ രംഗത്തുണ്ടായിരുന്ന ഗണപതിപ്പിള്ള ഭരണം മാറിയശേഷം ഡി ജി പി ലോക്നാഥ്‌ ബെഹ്റയ്ക്ക് വീണ്ടും നിവേദനം നൽകി. അദ്ദേഹവും അനുകൂല നിലപാടാണ് സ്വീകരിച്ചത്.

എന്നിട്ടും നടപടിയില്ലാതെ വന്നതോടെ ഹൈക്കോടതിയിൽ ഹർജി നൽകി. ആറുമാസത്തിനകം സ്റ്റേഷൻ സ്ഥാപിക്കാൻ നടപടികളെടുക്കണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. ഒന്നും നടക്കാതായപ്പോൾ കോടതിയലക്ഷ്യ നടപടിക്കായി നീങ്ങിയിരിക്കുകയാണ്‌. സമരം ശക്തമാക്കാനാണ് നാട്ടുകാരും സംഘടനകളും വ്യാപാരിസമൂഹവും തീരുമാനിച്ചിട്ടുള്ളത്

എം.എൽ.എ.യുടെ ഗ്രാമവെളിച്ചം പദ്ധതിപ്രകാരം ഇവിടെ സ്ഥാപിച്ച വിളക്കുകൾ കണ്ണടച്ചിട്ട് നാളുകളായി. ഇന്ത്യയിലെ ആദ്യത്തെ ഹരിജൻ മാനേജ്മെന്റ് സ്കൂൾ എന്ന ഖ്യാതിയുള്ള ചെമ്പകശ്ശേരി സ്കൂൾ ഊന്നിൻമൂടിനു സമീപത്താണ്. എം.എൽ.എ.യും എം.പി.യും ആയിരുന്ന ആർ.അച്യുതനാണ്‌ ഈ വിദ്യാഭ്യാസ സ്ഥാപനവും ഇടയാടിയിൽ ടീച്ചേഴ്‌സ് ട്രെയിനിങ്‌ ഇൻസ്റ്റിറ്റ്യൂട്ടും പടുത്തുയർത്തിയത്. ഈ സ്ഥാപനങ്ങളും വികസനം കാക്കുകയാണ്‌.

ഊന്നിൻമൂട്ടിൽ ഉടൻ വേണ്ടത്

1 പഞ്ചായത്ത് മുൻകൈയെടുത്ത്‌ ഊന്നിൻമൂട്ടിൽ പൊതുശൗചാലയം സ്ഥാപിക്കണം.

2 റോഡുകൾക്ക് വീതികൂട്ടാൻ പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കണം.

3. തെരുവുവിളക്കുകൾ കത്തിക്കുകയും കൂടുതൽ സ്ഥാപിക്കുകയും വേണം.

4. ഊന്നിൻമൂട് കേന്ദ്രീകരിച്ച് കമ്യൂണിറ്റി ഹാൾ നിർമിക്കണം.

5. കുട്ടികൾക്ക് ഗ്രൗണ്ടും മുതിർന്നവർക്ക് വിശ്രമിക്കാൻ പാർക്കും നിർമിക്കണം.

6. ജങ്‌ഷനിലെയും പൊതുവഴികളിലെയും ചന്തയിലെയും മാലിന്യങ്ങൾ അന്നന്ന് നീക്കണം.

7. പോലീസ് സ്റ്റേഷനുവേണ്ടിയുള്ള ശ്രമം ശക്തിപ്പെടുത്തണം.

No comments:

Post a Comment