Saturday, 16 February 2019

സപ്ലൈകോ ഔട്ട്‌ലെറ്റുകൾ  നോക്കുകുത്തി  നിത്യോപയോഗസാധനങ്ങൾ കിട്ടാനില്ല

@ സബ്‌സിഡി നിരക്കിലുള്ള സാധനങ്ങൾ ജനങ്ങൾക്ക് കിട്ടാക്കനിയായി മാറുന്നു.

@ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായി മാറുബോൾ പൊതുവിപണിയിൽ പൊള്ളും വില 

കൊല്ലം : സബ്‌സിഡി നിരക്കിലുള്ള
നിത്യോപയോഗസാധനങ്ങൾ സാധാരണക്കാർക്ക്  ലഭിക്കണം എന്ന  ഉദ്ദേശ്യത്തോടെയാണ്‌ സ്ഥാപിച്ച മാവേലി സ്റ്റോറുകളും  
സപ്ലൈകോ സൂപ്പർ മാർക്കറ്റുകളും സാധനങ്ങൾ ഇല്ലാതെ നോക്കുകുത്തിയായി മാറുന്നു. 
സാധാരണക്കാരന് സബ്ഡിസി നിരക്കിൽ നൽകുമെന്നു പറഞ്ഞ 14 ഇനങ്ങളിൽ പലതും സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ലഭ്യമല്ല. എന്ന് മാത്രമല്ല 
സബ്ഡിസി സാധനങ്ങൾക്കൊപ്പം  ന്യായമായ വിലയ്ക്കു ലഭിച്ചുകൊണ്ടിരുന്ന സാധനങ്ങളും ഇപ്പോൾ ലഭിക്കാത്ത സ്ഥിതിയായി. മിക്ക സാധനങ്ങളും പൊതുവിപണിയിലെ വിലയ്ക്കു തുല്യമായതോടെ ഉപഭോക്താക്കൾ  തിരിഞ്ഞുനോക്കാതെയായി. എല്ലാ സാധനങ്ങളും ഒരേ സമയത്ത് ഒരേ ഔട്ട്‌ലെറ്റിൽ നിന്നും  ലഭിക്കാത്ത സ്ഥിതി വിശേഷമാണ് ഇപ്പോൾ ഇത് ജനങ്ങളെ  വല്ലാതെ ബുദ്ധിമുട്ടിയ്ക്കുന്ന അവസ്ഥയിൽ എത്തിക്കുന്നു.

സബ്‌സിഡി അരിയുള്ള വില്പനകേന്ദ്രങ്ങളിൽ പഞ്ചസാരയില്ല. പഞ്ചസാരയും അരിയുമുള്ള സ്ഥലങ്ങളിൽ വെളിച്ചെണ്ണയില്ലാത്ത അവസ്ഥയാണ്. മാസങ്ങളായി ഇതാണ് സ്ഥിതി മാത്രമല്ല 
ലഭിക്കുന്ന സാധനങ്ങൾക്ക്‌ തീരെ നിലവാരമില്ല. ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ വരെ പല മാവേലി സ്റ്റോറുകളിലും വിൽക്കുന്നുണ്ട്.

പൊതുവിപണിയിൽ 
വൻകിട ചില്ലറവില്പന കേന്ദ്രങ്ങളിലും സൂപ്പർമാർക്കറ്റുകളിലും  ലഭിക്കുന്ന ചില സാധനങ്ങൾക്ക്‌, ന്യായവില മാവേലി സ്റ്റോറിലും സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും ലഭിക്കുന്ന വിലയെക്കാൾ  കുറവാണ്. ചിലയിടങ്ങളിൽ ആയിരക്കണക്കിന്  വിൽപ്പനകേന്ദ്രങ്ങളുള്ള മാവേലി സ്റ്റോറിനേക്കാൾ കുറഞ്ഞ വിലയ്ക്ക് സ്വകാര്യസ്ഥാപനങ്ങൾ സൂപ്പർമാർക്കറ്റ് ശ്രിഖല വഴി  
വിൽക്കുന്നുണ്ട്. ഇവിടെ എല്ലാ സാധനങ്ങളും ഒരേ സമയം ലഭ്യമാണ് അത്‌ കൊണ്ട് ജനങ്ങൾ ഇവിടേക്ക് കൂടുതലായി പോകുന്നു. പൊതുവിപണിയിൽ ഇത്തരത്തിൽ വിലകുറച്ചു ലഭിക്കുബോഴും 
മാവേലി സ്റ്റോറുകളിൽ എന്തുകൊണ്ടാണ് ഇവ കുറഞ്ഞ വിലയ്ക്കു ലഭിക്കാത്തതെന്നാണ് ഉപഭോക്താക്കൾ ചോദിക്കുന്നത്.

പഞ്ചസാര, അരി, വെളിച്ചെണ്ണ തുടങ്ങി 14 ഇനം സാധനങ്ങളാണ് സപ്ലൈകോ വഴി വിതരണം ചെയ്യുന്നത്. മൂന്നിനം സാധനങ്ങൾ കൂടി സപ്ലൈകോ വഴി നൽകുമെന്നു പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെ നടപ്പായില്ല. ജില്ലയിൽ 28 മാവേലി സ്റ്റോറുകളും 10 സൂപ്പർ മാർക്കറ്റുകളുമാണുള്ളത്. 
മൊബൈൽ മാവേലി സ്റ്റോറുകൾ  ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതും നിലച്ചു.
വാഹനങ്ങൾ അറ്റകുറ്റപണികൾ വന്നതോടെയാണ് മൊബൈൽ മാവേലി സ്റ്റോറുകൾ നിലച്ചത്.

സബ്‌സിഡി നിരക്കിലുള്ള സാധനങ്ങളുടെ വിതരണത്തിൽ ഇടയ്ക്കു തടസ്സം നേരിടാറുണ്ടെങ്കിലും ഇപ്പോൾ കടകളിലെല്ലാം സാധനം ലഭ്യമാണ്. ടെൻഡറിലുണ്ടായ കാലതാമസം മൂലമാണ് ചില സാധനങ്ങളുടെ ലഭ്യതയിൽ തടസ്സം നേരിടുന്നത് കൂടാതെ പ്രളയ ദുരിത ബാധിതർക്ക് കഴിഞ്ഞ മൂന്ന് മാസം ആഹാരസാധനങ്ങൾ കൊടുത്തതും വിപണിയിൽ കടുത്ത മത്സരവുമായി സ്വകാര്യ സൂപ്പർ ശ്രിഖല മത്സരത്തിൽ എത്തിയതും  സപ്ലൈകോ ഔട്ട്‌ലെറ്റുകൾക്കും മാവേലി സ്റ്റോറുകളിലേക്ക് ജനങ്ങൾ എത്താത്തതിന് കാരണമാകുന്നു.

Monday, 4 February 2019

ഭരണഘടനയല്ല തന്ത്രവിധിക്ക് ആധാരം

ഭരണഘടനയല്ല തന്ത്രവിധിക്ക് ആധാരം

ഒരേ വ്യക്തി വിഭിന്ന അവസ്ഥകളില്‍ വിഭിന്ന രീതിയിലാണ് പെരുമാറുന്നത്. മകന്റെ ഭാവത്തില്‍ നിന്ന് വിഭിന്നമാണ് ഭര്‍ത്താവിന്റേത്. ഇതില്‍ നിന്നു വ്യത്യസ്തമാണ് അച്ഛന്റേത്. മുത്തച്ഛന്‍ ആകുമ്പോള്‍ മറ്റൊന്ന്. ഭാവത്തിനനുസരിച്ച് ആ വ്യക്തിക്ക് കിട്ടേണ്ട ഉപചാരങ്ങളും മാറും. ശബരിമലയില്‍ നൈഷ്ഠികബ്രഹ്മചാരീ ഭാവത്തില്‍ കുടികൊള്ളുന്ന അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠയാണുള്ളത്. തന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത്, ഉപഗ്രഹവിക്ഷേപണം നടത്തുന്നത് ഇന്ത്യന്‍ പീനല്‍ കോഡുവച്ചാണ് എന്ന് പറയും പോലെ ബാലിശമാണ്.

കേരളത്തിലെ ക്ഷേത്രാചാരങ്ങള്‍, തന്ത്രശാസ്ത്രത്തിലെ കേരളീയ സമ്പ്രദായത്തിന്റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. അങ്ങനെയൊരു ആചാരവും അനുഷ്ഠാനവും അതത് ക്ഷേത്രങ്ങളില്‍ നിശ്ചയിക്കാന്‍ അതിന്റേതായ കാരണങ്ങളുമുണ്ട്. പ്രതിഷ്ഠാ സമയത്ത് ആ ദേവതയെ ഏത് ഭാവത്തിലാണോ സങ്കല്‍പിച്ചത്, അതിന്റെ അടിസ്ഥാനത്തിലാണ് ആചാരാനുഷ്ഠാനങ്ങള്‍. ഇതിന് ഭംഗം വരുത്തുന്നതു ദേവകോപത്തിനിടയാക്കും. ദുര്‍നിമിത്തങ്ങള്‍ ഉണ്ടാകും. ദേശത്തിനും ഭക്തര്‍ക്കും  ദോഷാനുഭവങ്ങളും കഷ്ടതകളും ഉണ്ടാകും. ഇതിന് കാരണവും പരിഹാരവും തേടിയാണ് ദേവപ്രശ്നം നടത്തുകയും പ്രായശ്ചിത്ത പരിഹാരങ്ങള്‍ നടത്തുകയും ചെയ്യുന്നത്. 

പ്രതിഷ്ഠാ സമയത്തെ ദേവന്റെ ഭാവത്തിനുള്ള പ്രാധാന്യം, രാമായണത്തിലെ ഒരു കഥാ സന്ദര്‍ഭംകൊണ്ടു വ്യക്തമാകും. വനവാസക്കാലത്ത് ജടാവല്‍ക്കല ധാരിയായി ശ്രീരാമചന്ദ്രന്‍ ഭരദ്വാജാശ്രമത്തിലെത്തി. ഭരദ്വാജ മഹര്‍ഷി അദ്ദേഹത്തെ അതിഥിയായി കണ്ട് ഉപചരിച്ചു. കാലം കടന്നുപോയി. രാവണവധം കഴിഞ്ഞ് ത്രിലോകാധിപതിയായി ശ്രീരാമന്‍, സീതാലക്ഷ്മണ സമേതനായി അയോദ്ധ്യയിലേക്ക് തിരിച്ചുപോകും വഴി വീണ്ടും ഭരദ്വാജാശ്രമത്തിലെത്തി. ത്രിലോകാധിപത്തിക്ക് വേണ്ട സ്വീകരണങ്ങള്‍ മഹര്‍ഷി അവിടെ ഒരുക്കി. ഇതുകണ്ട രാമന്‍ ചോദിച്ചു :  ''ഇതൊക്കെ എന്തിനാണ് മഹാമുനേ? വനവാസക്കാലത്തും ഞാന്‍ ഇവിടെ വന്നതല്ലേ.....? അന്നു ചെയ്ത അതേ ഉപചാരങ്ങളുടെ ആവശ്യമല്ലേ ഉണ്ടായിരുന്നുള്ളൂ??

മഹര്‍ഷിയുടെ മറുപടി ശ്രദ്ധേയമാണ് : 'അവസ്ഥാം പൂജ്യതേ രാമാ!'

''അല്ലയോ രാമാ...അവസ്ഥയെയാണ് പൂജിക്കുന്നത്. ഇന്ന് അങ്ങ് ത്രിലോകാധിപതിയാണ്. ആ അവസ്ഥയ്ക്ക് അര്‍ഹമായ കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്യുന്നത്. നേരത്തെ അങ്ങ് വന്നപ്പോഴുള്ള അവസ്ഥ ഇതല്ലായിരുന്നു. അവസ്ഥാഭേദം അനുസരിച്ച് ഉപചാരങ്ങള്‍ക്ക് വ്യത്യാസമുണ്ടാകും.  

ഒരേ വ്യക്തി വിഭിന്ന അവസ്ഥകളില്‍ വിഭിന്ന രീതിയിലാണ് പെരുമാറുന്നത്. മകന്റെ ഭാവത്തില്‍ നിന്ന് വിഭിന്നമാണ് ഭര്‍ത്താവിന്റേത്. ഇതില്‍ നിന്നു വ്യത്യസ്തമാണ് അച്ഛന്റേത്. മുത്തച്ഛന്‍ ആകുമ്പോള്‍ മറ്റൊന്ന്. ഭാവത്തിനനുസരിച്ച് ആ വ്യക്തിക്ക് കിട്ടേണ്ട ഉപചാരങ്ങളും മാറും. ശബരിമലയില്‍ നൈഷ്ഠികബ്രഹ്മചാരീഭാവത്തില്‍ താപസനായി കുടികൊള്ളുന്ന അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠയാണുള്ളത്. അഷ്ടവിധ മൈഥുനങ്ങളെയും വര്‍ജ്ജിച്ച താപസനായിട്ടാണ് സ്വാമിയുടെ ഭാവം. 

വാക്കില്‍ അര്‍ത്ഥം പോലെയും പൂവില്‍ ഗന്ധം പോലെയും വിഗ്രഹത്തില്‍ അദൃശ്യമായി കുടികൊള്ളുന്ന ചൈതന്യത്തിനു വ്യത്യാസങ്ങളുണ്ട്. എല്ലാ വാക്കിനും ഒരേ അര്‍ത്ഥമല്ല, എല്ലാ പൂവിനും ഒരേ ഗന്ധമല്ല. അതുപോലെ എല്ലാ ചൈതന്യത്തിനും ഒരേ ഇഷ്ടാനിഷ്ടങ്ങളല്ല. അമ്പലപ്പുഴ ശ്രീകൃഷ്ണനു പാല്‍പായസം പ്രിയമാണെങ്കില്‍, ഭദ്രകാളിക്ക് പ്രിയം ഗുരുതിയാണ്, ശിവന് ധാരയാണ്, സുബ്രഹ്മണ്യന് പഞ്ചാമൃതമാണ്. എന്താ കൃഷ്ണന് ഗുരുതികഴിച്ചാല്‍ എന്ന ചോദ്യം യുക്തിഭദ്രമല്ല, യുക്തിഹീനമാണ്.

ഒരു ദേവതയുടെ തന്നെ വ്യത്യസ്ത ഭാവത്തിനനുസൃതമായി ആചാര പദ്ധതികള്‍ മാറുന്നു. ഗുരുവായൂരപ്പന്‍ ഗജപ്രിയനാണ്. ക്ഷേത്ര അടിയന്തിരങ്ങളില്‍ എല്ലാം തന്നെ ആനകള്‍ക്ക് പ്രാധാന്യമുണ്ട്. ഗുരുവായൂരപ്പന് ആനയെ നടയ്ക്ക് ഇരുത്തുന്നത് വിശേഷ വഴിപാടായി ആചരിച്ചു പോരുന്നു. എന്നാല്‍ തളിപ്പറമ്പ്, തൃച്ചംബരം ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ ആനകള്‍ നിഷിദ്ധമാണ്. ശ്രീകൃഷ്ണ ബലരാമമന്മാരെ വധിക്കാന്‍ കംസന്‍ നിയോഗിച്ച കുവലയാപീഡം എന്ന മദയാനയെ വധിച്ച് അതിന്റെ കൊമ്പുമായി കംസ നിഗ്രഹം ചെയ്ത ഉഗ്രഭാവത്തിലാണ് ശ്രീകൃഷ്ണ സ്വാമിയെ അവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഭാവത്തിന്റെ പ്രാധാന്യപ്രകാരം തൃച്ചംബരം ക്ഷേത്രത്തിലും അടിയന്തിരങ്ങള്‍ക്കും ആനകള്‍ നിഷിദ്ധമായിരിക്കുന്നു.

ഭാരതത്തിന്റെ ഇതരഭാഗങ്ങളില്‍ ഉള്ളതില്‍ നിന്നു വളരെ വ്യത്യസ്തമാണ് കേരളീയക്ഷേത്രങ്ങളുടെ രൂപകല്‍പനയും ആചരണ പദ്ധതികളും. കേരളത്തിന് പുറത്ത് ക്ഷേത്രങ്ങള്‍ പലപ്പോഴും പ്രാര്‍ത്ഥനാലയങ്ങളാണ്. ആളുകള്‍ക്ക് ഒത്തുകൂടി പ്രാര്‍ത്ഥനകളും ഭജനകളും നടത്തുന്നതിനുള്ള ഒരിടം മാത്രമായിരിക്കുമവിടം. കേരളീയ ക്ഷേത്രങ്ങളാകട്ടെ പ്രപഞ്ചശരീരത്തിന്റെയും വ്യക്തി ശരീരത്തിന്റെയും പ്രത്യക്ഷപ്രതീകങ്ങള്‍ തന്നെയാണ്. മന്ത്രസാധന അനുഷ്ഠിക്കുന്ന സാധകനായിട്ടാണ് നമ്മള്‍ ക്ഷേത്രത്തെ കാണുന്നത്. ശ്രീകോവിലില്‍ കുടികൊള്ളുന്ന വിഗ്രഹം ദേവന്റെ സൂഷ്മ ശരീരമായും ക്ഷേത്രം ദേവന്റെ സ്ഥൂല ശരീരമായും കണക്കാക്കുന്നു. പ്രസിദ്ധ ക്ഷേത്രശില്‍പ ഗ്രന്ഥമായ 'വിശ്വകര്‍മ്മ്യ'ത്തില്‍ ക്ഷേത്രത്തിന്റെ പ്രാകാരങ്ങളെ സ്ഥൂല ശരീരാവയവങ്ങളുമായി അന്വയിപ്പിക്കുന്നു.

ഗര്‍ഭഗൃഹം ശിരസ്സായും അകത്തെ പ്രദക്ഷിണ വഴി (അകത്തെ ബലിവട്ടം) മുഖമായും വേദമന്ത്രോച്ചാരണം നടത്തുന്ന മണ്ഡപം ഗളമായും നാലമ്പലം കൈകളായും പുറത്തെ പ്രദക്ഷിണവഴി വയറായും സങ്കല്‍പിച്ചിരിക്കുന്നു. പുറത്തെ മതില്‍ മുട്ടുകളും കണങ്കാലുകളും ഗോപുരം ദേവപാദങ്ങളുമാണ്. ശബരിമലയില്‍ ഗോപുരസ്ഥാനത്ത് പതിനെട്ടാം പടിയാണ്. എങ്ങനെയാണോ മനുഷ്യന്റെ അംഗങ്ങള്‍ക്ക് അനുപാതങ്ങള്‍ ഉള്ളത്, അതുപോലെതന്നെ ദേവശരീരമാകുന്ന ക്ഷേത്രത്തിനും അളവുകളും അനുപാതങ്ങളുമുണ്ട്. അവയുടെ ശാസ്ത്രമാണ് വാസ്തു. ഈ അനുപാതങ്ങളിലൂടെയും ക്രിയാപദ്ധതികളിലൂടെയും ക്ഷേത്രത്തെ ദേവശരീരമാക്കുന്നു. എപ്രകാരമാണോ മനുഷ്യന്റെ സ്ഥൂല - സൂഷ്മ ശരീരങ്ങള്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നത്, അതുപോലെയാണ് ക്ഷേത്രവും വിഗ്രഹവും അതില്‍ കുടികൊള്ളുന്ന ചൈതന്യവും. 

സ്ഥൂല - സൂഷ്മ ശരീരങ്ങളുടെ ദോഷാവസ്ഥ പ്രാണനാശത്തെ വരുത്തുന്നതുപോലെ ക്ഷേത്രത്തില്‍ സംഭവിക്കുന്ന ദോഷങ്ങള്‍ ചൈതന്യഹാനി വരുത്തും. അതു ദേവകോപത്തിന് കാരണമാകുന്നു. അതിന്റെ പ്രതിവിധിയാണ്, രോഗത്തിന് മരുന്ന് എന്നതുപോലെ ക്ഷേത്ര ദോഷങ്ങള്‍ക്ക് പ്രായശ്ചിത്തങ്ങളും. 

ഈ വിഷയങ്ങളില്‍ ഇന്ന് ആചരിക്കുന്ന പദ്ധതി ഒരു കുടുംബമോ വ്യക്തിയോ തന്നിഷ്ടം കാണിച്ചു ചെയ്യുന്നതല്ല. ഓരോ മേഖലയിലെ പ്രവര്‍ത്തനത്തിനും ചില ചിട്ടകളും നിയമാവലികളുമുണ്ട്. വ്യവഹാരങ്ങള്‍ക്ക് ആധികാരിക ഗ്രന്ഥം ഭരണഘടനയും പീനല്‍ കോഡുമാണ്. പക്ഷേ ഡോക്ടര്‍ മരുന്നെഴുതുന്നതിന് ആശ്രയിക്കുന്ന ഗ്രന്ഥം  ഭരണഘടനയോ പീനല്‍ കോഡോ അല്ല. ഭൗമശാസ്ത്രജ്ഞന്‍ ഗവേഷണം നടത്തുന്നതിന് വൈദ്യരംഗത്തെ പുസ്തകങ്ങളെയല്ല നോക്കുന്നത്. എന്നതുപോലെ ഒരു തന്ത്രി കേരളതന്ത്രശാസ്ത്രത്തിന്റെ ആധികാരിക ഗ്രന്ഥമായ ''തന്ത്രസമുച്ചയവും'' ''കുഴിക്കാട്ടുപച്ചയും'' ഒക്കെ അടിസ്ഥാനപ്പെടുത്തിയാണ് പ്രായശ്ചിത്തം വിധിക്കുകയും നടപ്പാക്കുകയുംചെയ്യുന്നത്.  തന്ത്രശാസ്ത്ര ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ അതിനെക്കുറിച്ച്  അഭിപ്രായം പറയുന്നത്, ഉപഗ്രഹവിക്ഷേപണം നടത്തുന്നത് ഇന്ത്യന്‍ പീനല്‍ കോഡുവച്ചാണ് എന്ന് പറയും പോലെ ബാലിശമാണ്.

കുഴിക്കാട്ടു പച്ചയില്‍ പറയുന്നതിപ്രകാരം :  ഇഹ - ഇവിടെ , അതായത് അശുദ്ധി വരുന്നിടത്ത് (വിഹിതമല്ലാത്ത കാര്യങ്ങള്‍ ചെയ്തയിടം) നിവേദിച്ച നിവേദ്യം അശുദ്ധമായാണ് കരുതുന്നത്. (പ്രത്യേകം സ്മരണീയം).  പ്രാസാദ: അര്‍ച്ചാച - പ്രാസാദവും ബിംബവും ദേവന്റെ സ്ഥൂല സൂക്ഷ്മ ശരീരങ്ങളെന്ന്  ഹേതുവായിട്ട് ആധാരാധേയത്വമുണ്ടാകയാല്‍ പ്രാസാദബിംബങ്ങളൊന്നില്‍ അശുദ്ധി ബാധിച്ചാല്‍ പ്രാസാദശുദ്ധിയും ബിംബശുദ്ധിയും ഒരുമിച്ച് ചെയ്യണം.  

ഇതാണ് സന്നിധാനത്തില്‍ സ്ത്രീപ്രവേശനം ഉണ്ടായതിനെത്തുടര്‍ന്ന് ശബരിമലയില്‍ തന്ത്രി ശുദ്ധി ചെയ്തതിന്റെ അടിസ്ഥാനം. ഇത് തന്ത്രശാസ്ത്ര നിയമമാണ്. തന്ത്ര ശാസ്ത്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തന്ത്രി പ്രവര്‍ത്തിക്കേണ്ടത്. തന്ത്രശാസ്ത്ര നിയമങ്ങള്‍ക്കും വിധികള്‍ക്കും വിപരീതമായി പ്രവൃത്തിക്കുന്നത് ആ ശാസ്ത്രത്താല്‍ സ്ഥാപിതമായിരിക്കുന്ന ക്ഷേത്രത്തിന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള അബദ്ധജഡിലമായിരിക്കും. പ്രത്യക്ഷ ദൃഷ്ടിയില്‍ അശുദ്ധി വെളിപ്പെട്ടാല്‍ ചെയ്യേണ്ട ശുദ്ധിക്രിയകള്‍ ചെയ്യണമെന്നും എന്നാല്‍ പ്രത്യക്ഷമായി കാണാത്ത അശുദ്ധികളോ അഹിതങ്ങളോ സംഭവിച്ചിട്ടുള്ളത് മനസ്സിലാക്കാനും പരിഹരിക്കാനും ദേവപ്രശ്നത്തെ അവലംബിക്കണമെന്നും ശാസ്ത്രം നിഷ്‌കര്‍ഷിക്കുന്നു.

അറിയണം തന്ത്രിയുടെ സ്ഥാനം

അറിയണം തന്ത്രിയുടെ സ്ഥാനം

തന്ത്രസമുച്ചയത്തില്‍ ആദ്യ ആറു പടലങ്ങള്‍ ക്ഷേത്ര പ്രതിഷ്ഠയിലൂന്നിയതാണ്. അത്യന്തം സങ്കീര്‍ണമായ ക്ഷേത്ര പ്രതിഷ്ഠയുടെ പരമ പ്രധാന ഘടകമാണ് തന്ത്രി. അനേകം ക്രിയകളിലൂടെ ക്ഷേത്രം സ്ഥാപിക്കുന്ന വ്യക്തി.

തന്ത്രി എന്ന സ്ഥാനം വിശ്വാസികള്‍ക്ക് പവിത്രമാണ്. ദേവതയുടെ പിതൃസ്ഥാനീയനാണ് തന്ത്രി. ശബരിമല തന്ത്രിക്കെതിരായി ഇപ്പോള്‍ ഉയരുന്ന ആക്രമണങ്ങള്‍, അതുന്നയിക്കുന്നവരുടെ അറിവില്ലായ്മ മൂലമാണ്. ബ്രാഹ്മണ വിരോധം വളര്‍ത്താനായി ചിലര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി തന്ത്രിയെ അടുത്തറിയാന്‍ വിശ്വാസികള്‍ ശ്രമിക്കേണ്ട സമയമാണിത്. തന്ത്രസമുച്ചയത്തില്‍ ആദ്യ ആറു പടലങ്ങള്‍ ക്ഷേത്ര പ്രതിഷ്ഠയിലൂന്നിയതാണ്. അത്യന്തം സങ്കീര്‍ണമായ ക്ഷേത്ര പ്രതിഷ്ഠയുടെ പരമ പ്രധാന ഘടകമാണ് തന്ത്രി. അനേകം ക്രിയകളിലൂടെ ക്ഷേത്രം സ്ഥാപിക്കുന്ന വ്യക്തി. ക്ഷേത്രമെന്ന ചിന്ത പ്രാവര്‍ത്തികമാവുന്നിടത്തു തന്ത്രിയുടെ ഉത്തരവാദിത്വങ്ങള്‍  തുടങ്ങുന്നു. പല ഘട്ടങ്ങള്‍ പരിശോധിക്കാം. 

ആചാര്യവരണം

ക്ഷേത്ര പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് ആചാര്യ വരണത്തോടെ ആണ്. ക്ഷേത്രം നിര്‍മിക്കാന്‍ പോകുന്ന ദേശത്തെ യജമാനസ്ഥാനത്തുള്ള വ്യക്തി ആചാര്യന്മാരായ തന്ത്രിയെയും പരികര്‍മികളെയും ദേവതാഭാവേന പൂജിച്ചു നിവേദ്യവും താംബൂലവും സമര്‍പ്പിച്ചു നമസ്‌കരിക്കുന്നു. ക്രിയകള്‍ക്കായി പവിത്ര മോതിരവും, തറ്റുടുക്കാനുള്ള വസ്ത്രവും, യജ്ഞോപവീതവും നല്‍കുന്നു. 

ഭൂപരിഗ്രഹം

ക്ഷേത്രത്തിന് ലക്ഷണയുക്തമായ ഭൂമി തിരഞ്ഞെടുത്ത ശേഷം, ഖര്‍ഷണം ചെയ്ത്, സ്ഥല ശുദ്ധി ചെയ്ത് ക്ഷേത്ര ഭൂമി ഏറ്റു വാങ്ങി വാസ്തുശാസ്ത്ര പ്രകാരം പ്രതിഷ്ഠാ സ്ഥാനം നിശ്ചയിച്ച ശേഷം നിശ്ചിത മുഹൂര്‍ത്തത്തില്‍ തന്ത്രി ഷഡാധാര പ്രതിഷ്ഠ നടത്തുന്നു. ക്ഷേത്രം ഷഡ്ചക്ര ശരീര പ്രതീകവും ദേവത ബ്രഹ്മചൈതന്യവും എന്ന സങ്കല്‍പ്പമാണല്ലോ.

വാസ്തുബലി, വാസ്തുപൂജ, വാസ്തുഹോമം എന്നിവ ചെയ്ത് ആധാര ശിലയാകുന്ന മൂലാധാര പ്രതീകവും, അതിന്റെ മുകളില്‍ സ്ഥാപിക്കുന്ന സ്വാധിഷ്ഠാന പ്രതീകമായ ധ്യാനപീഠവും, അതിനു മേല്‍ മണിപൂരകത്തെ പ്രതിനിധാനം ചെയ്യുന്ന നിധികുംഭവും, അതിനുമേല്‍ അനാഹത ചക്ര പ്രതീകമായ പത്മവും, പദ്മത്തില്‍ ഹൃദയസ്ഥാനമായ പ്രാണശക്തിയും അതിനു മുകളിലായി വിശുദ്ധി ചക്ര പ്രതീകമായ യോഗനാളത്തേയും പൂജിച്ചു പ്രതിഷ്ഠിച്ചു തന്ത്രി ഷഡാധാര പ്രതിഷ്ഠ നടത്തുന്നു.

ഇഷ്ടകാന്യാസം, ഗര്‍ഭപാത്ര സ്ഥാപനം

ശ്രീകോവില്‍ ദേവന്റെ സ്ഥൂല ശരീര സങ്കല്‍പമാണ്. ക്ഷേത്രപുരുഷ ശരീരത്തിന്റെ മാതൃത്വം വഹിക്കുന്നത് ഭൂമിദേവിയാണ്. വിഗ്രഹം എന്ന പുത്രനെ ക്ഷേത്ര ഭൂമി പ്രസവിക്കുന്നതായാണ് സങ്കല്‍പം. അതിനായി ഭൂമിയില്‍ ഗര്‍ഭപാത്ര സ്ഥാപനം  നടത്തുന്നു. താമ്രം കൊണ്ട് അടപ്പോടുകൂടി ഉണ്ടാക്കുന്ന ഗര്‍ഭപാത്ര രൂപം ഭൂത്വത്തെ സൂചിപ്പിക്കുന്നു. ശേഷം ഈ ഗര്‍ഭപാത്രത്തില്‍ മൂലമന്ത്രം കൊണ്ട് ദേവനെ ആവാഹിച്ച് ത്രിമധുര നിവേദ്യത്തോടെ പൂജ നടത്തുന്നു.

ശിലാപരിഗ്രഹം

 തന്ത്രി ശില്‍പികളെ ക്ഷണിച്ച് അവരുടെ ആയുധങ്ങള്‍ പൂജിക്കുന്നു. വിഗ്രഹത്തിനുള്ള ശില തിരഞ്ഞെടുക്കേണ്ടതും തന്ത്രിയുടെ ചുമതലയാണ്. ലക്ഷണങ്ങള്‍ തികഞ്ഞ ശില കണ്ടെത്തിയാല്‍ ദേഹശുദ്ധ്യാദികള്‍ ചെയ്തു പുറപ്പെട്ട് ശിലയെ അഭിവാദ്യം ചെയ്ത്, ശിലക്കു മുകളില്‍ പത്മമിട്ട്, ദേവതകളെയും പരിവാരങ്ങളെയും ആവാഹിച്ചു പൂജിച്ചു ദിക്പാലബലികളും കൊടുത്ത് ദേവതാസാന്നിധ്യം കൊടുത്ത് തന്ത്രി അന്നവിടെ ഉറങ്ങണം. സ്വപ്‌ന ദര്‍ശനത്തെ പ്രാര്‍ത്ഥിച്ച ശേഷം അതിനനുസൃതമായി ശിലാഖണ്ഡങ്ങളെ ശില്‍പികള്‍ വെട്ടിമാറ്റുന്നു. ശേഷം വിഗ്രഹ ശിലയെ വാദ്യഘോഷങ്ങളോടെ പണിപ്പുരയിലേക്കു എഴുന്നള്ളിക്കുന്നു .

മുളയിടല്‍

ബിംബ നിര്‍മാണം പൂര്‍ത്തിയായാല്‍ തന്ത്രി വിധി പ്രകാരം പരിഗ്രഹിച്ചു ശുദ്ധീകരിക്കുന്നു. സോമമണ്ഡലം നിര്‍മ്മിച്ചാണ് ശുദ്ധീകരണം. മുളയിടല്‍ എന്ന ചടങ്ങില്‍ മുളപ്പാലികകളില്‍ മഹാവിഷ്ണുവിനേയും ബീജത്തില്‍ സോമനെയും ആവാഹിച്ചു പൂജിക്കുന്നു. മുള എത്ര ദിവസം നില്‍ക്കുന്നുവോ അത്രയും നാള്‍ മൂന്നു പൂജയും രാത്രി ബലിയും നടത്തുന്നു .

ബിംബ പരിഗ്രഹം

ശില്‍പി ശയ്യ വിരിച്ചു ബിംബത്തെ അതില്‍ കിടത്തുന്നു. പൂജിച്ച സ്വര്‍ണസൂച്യഗ്രം കൊണ്ട് തന്ത്രി വിഗ്രഹത്തിന്റെ കണ്ണ് കീറി ശില്‍പിയെക്കൊണ്ട് നേത്രോല്ലേഖനം നടത്തുന്നു. ശില്‍പിയില്‍ നിന്നു ശില്‍പത്തെ ക്ഷേത്ര യജമാനന്‍ ഏറ്റു വാങ്ങി തന്ത്രിക്കു സമര്‍പ്പിക്കുന്നു.

ബിംബശോധന

നെയ്യ്, തേന്‍, നാല്‍പ്പാമരത്തൊലികള്‍, പുറ്റു മണ്ണ്, ചെറുപയര്‍, മഞ്ഞള്‍ മുതലായവ ബിംബത്തില്‍ തേച്ച് വെള്ളം കൊണ്ടോ അഷ്ടഗന്ധ ജലം കൊണ്ടോ ബിംബ ശോധന ചെയ്യുന്നു. പിന്നീട് നടക്കുന്ന അക്ഷത ഹോമത്തിന്റെ സമ്പാതം ബിംബത്തിന്റെ പാദം മുതല്‍ ശിഖ വരെയുള്ള ഏഴു സ്ഥാനങ്ങളില്‍ സ്പര്‍ശിക്കുന്നു.

കൗതുക ബന്ധനം

അനന്തരം ഒരു പട്ടു വസ്ത്രത്തില്‍ നല്ല പോലെ പൊതിഞ്ഞ കടുകും മുത്തും സ്വര്‍ണവും ചരടില്‍ കെട്ടി തന്ത്രി ദേവന്റെ വലതു കയ്യില്‍ കെട്ടുന്നു. സ്വര്‍ണം സൂര്യമണ്ഡലവും, കടുക് അഗ്‌നിമണ്ഡലവും, മുത്ത് സോമമണ്ഡലവും ആകുന്നു. ബിംബദേഹത്തിന്റെ പഞ്ച ഭൗതിക ശുദ്ധി വരുത്തി കുണ്ഡലിനി ഉത്പാഥനമാണ് ഈ ക്രിയ.

ജലാധിവാസം

കുണ്ഡലിനി ഉത്പാഥനശേഷം ജീവചൈതന്യം സമാധി അനുഭവിക്കുന്ന സങ്കല്‍പ്പം ആണ് ഇത്. ബിംബത്തെ ക്ഷേത്ര കുളത്തിലേക്ക് എഴുന്നള്ളിക്കുന്നു. വരുണദേവനെ തന്ത്രി തീര്‍ത്ഥമായി ആവാഹിച്ചു പൂജിക്കുന്നു. ശേഷം ബിംബത്തെ അരയാല്‍ പലകമേല്‍ കിഴക്കു ശിരസായി കിടത്തി വെള്ളത്തില്‍ താഴ്ത്തി ഉറപ്പിച്ചു എട്ടു ദിക്കുകളിലും ബന്ധനം ചെയ്തു രക്ഷിച്ചു വെക്കുന്നു. ഇത് മൂന്ന് ദിവസവും മൂന്നു രാത്രിയും തുടരും.

പ്രാസാദ ശുദ്ധി

പ്രാസാദം എന്നാല്‍ ശ്രീകോവില്‍. തന്ത്രി ബിംബത്തെ ദര്‍ഭ, ഗോമയ ജലം, കടുക്, പഞ്ചഗവ്യം, വികിരം എന്നിവ ഉപയോഗിച്ചു പ്രാസാദ ശുദ്ധി വരുത്തുന്നു. ദുഷ്ട ഭൂത രാക്ഷസാദികളെ നിഷ്‌കാസനം ചെയ്ത്, അഷ്ടഗന്ധ ജലം തളിച്ച്, ഗന്ധ പുഷ്പാക്ഷതം വിതറി, ധൂപദീപാദികള്‍ കാണിച്ചു പ്രാസാദ ശുദ്ധി പൂര്‍ത്തിയാക്കുന്നു

അസ്ത്രകലശ പൂജ

ദേവന്റെ അസ്ത്ര മന്ത്രം കൊണ്ട് കലശം പൂജിച്ചു വെക്കുന്നു . ഗര്‍ഭഗൃഹത്തില്‍ ദേവന്റെ മന്ത്രം കൊണ്ട് പൂജ ചെയ്തു അഗ്നിപ്രതീകമായ കടുക് മന്ത്രപുരസ്സരം വിതറുകയും, പഞ്ചഗവ്യം ജപിച്ചു തളിച്ച് ശുദ്ധീകരിക്കുകയും ചെയ്യുന്നു

അഗ്‌നികോണില്‍ നടത്തുന്ന രക്ഷോഘ്ന ഹോമം

ഈശ കോണില്‍ നടത്തുന്ന വാസ്തു ഹോമം, വാസ്തു ബലി എന്നിവയ്ക്കു ശേഷം തന്ത്രി ഗര്‍ഭ ഗൃഹത്തിന്റെ മധ്യത്തില്‍ പ്രാസാദ മൂര്‍ത്തിയെ ആവാഹിച്ചു പൂജിച്ചിടത്തു കലശങ്ങള്‍ ആടുകയും വാസ്തുദേവനെ പ്രീതിപ്പെടുത്തി പുണ്യാഹം തളിക്കുകയും ചെയ്യുന്നു .

ബിംബ ശുദ്ധി കലശം

ക്ഷേത്രത്തിന്റെ ഈശ കോണില്‍ പത്മങ്ങള്‍ വരച്ച് ബിംബ ശുദ്ധി കലശങ്ങള്‍ സ്ഥാപിച്ച ശേഷം തന്ത്രി ദേവത ഭാവേന ദ്രവ്യങ്ങള്‍ നിറയ്ക്കുന്നു. ഇവ ജലാധിവാസം കഴിഞ്ഞ ബിംബത്തില്‍ ആടുന്നു.

മണ്ഡപ സംസ്‌കാരം

ബിംബത്തിന്റെ ധ്യാനാധിവാസത്തിനായി മണ്ഡപം ഉണ്ടാക്കി അതിനകത്തു തോരണങ്ങളും ധ്വജങ്ങളും പ്രതിഷ്ഠിച്ചു പൂര്‍വാദി ദ്വാരത്തില്‍ ദ്വാര കലശങ്ങളെ പൂജിച്ചു മണ്ഡപത്തെ തന്ത്രി പൂജിക്കുന്നു .

അഗ്‌നിജനനം

മണ്ഡപത്തിന്റെ കിഴക്കായി ശയ്യാ പൂജക്കുള്ള ശിരസ്ഥാനത്തില്‍ ആചാര്യ കുണ്ഡമുണ്ടാക്കി അഗ്‌നിജനനം ചെയ്യുന്നു. കുണ്ഡത്തില്‍ അഗ്‌നി പകരുന്നത് പ്രകൃതിയുടെ ഗര്‍ഭപാത്രത്തില്‍ പരമ പുരുഷ ബീജം സ്ഥാപിക്കലാണ്. ഗര്‍ഭാധാന പ്രക്രിയക്ക് ശേഷം മറ്റു സംസ്‌കാരങ്ങള്‍ നടത്തി ദേവന്റെ മന്ത്രങ്ങളെക്കൊണ്ടു ഹോമിക്കുന്നു .

ശയ്യാപൂജ

മണ്ഡപത്തില്‍ ശയ്യ വിരിച്ചു ശയ്യാ പദ്മത്തിന്റെ തലയ്ക്കല്‍ നിദ്രാകലശവും എട്ടു ദിക്കിലും വിദ്വേശ്വര കലശവും സ്ഥാപിക്കുന്നു. ശയ്യയുടെ ശിരോഭാഗത്തും, പാദാഗ്രത്തിലും, ഇടതും, വലത്തും, കിരീടാഗ്ര ഭാഗത്തും പ്രതിഷ്ഠ കഴിഞ്ഞാല്‍ ഉപഹാര ദ്രവ്യങ്ങള്‍ വച്ച് പൂജിച്ചു അഷ്ട ദിക്കുകളിലും ദേവന് വേണ്ട അഷ്ടമംഗല്യങ്ങള്‍ വെയ്ക്കുന്നു.

ജലോദ്ധാരം

തീര്‍ത്ഥസ്ഥാനത്തു പോയി ജലാധിവാസം ചെയ്ത ബിംബത്തെ പുറത്തെടുത്തു ഭദ്രാപീഠത്തില്‍ നിര്‍ത്തി ശിരസ്സ് മുതല്‍ പാദം വരെ മുന്‍പ് സംഹരിച്ചതായ പഞ്ച ഭൂതങ്ങളെയും പ്രാണായാമരൂപേണ സൃഷ്ടിച്ചു വെള്ളം കൊണ്ട് കഴുകി തന്ത്രി നേത്രോന്മീലനം ചെയ്യണം. ഇത് സമാധി കഴിഞ്ഞുള്ള കണ്ണ് തുറക്കലാണ്. നേത്രോന്മീലനം കഴിഞ്ഞ ബിംബത്തെ പശുവിനെ കാണിക്കുകയും മണ്ഡപത്തിനു പ്രദക്ഷിണമായി കൊണ്ട് വന്നു ശയ്യയില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു