Wednesday, 28 February 2018

ശ്രീദേവിയ്ക്ക് പ്രണാമം

ആധുനിക ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ മരിക്കുംവരെ സാന്നിധ്യമറിയിക്കുകയും തുടര്‍ ചര്‍ച്ചകളിലെന്നോണം നിറഞ്ഞു നില്‍ക്കുകയും ചെയ്ത നടിയാണ് ശ്രീദേവി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളില്‍ നടിച്ച ശ്രീദേവി അറിയപ്പെട്ടിരുന്നത് ബോളിവുഡ് താരമായാണ്. മുഖശ്രീയും അഭിനയശേഷിയുമായി എണ്‍പതുകളിലും തൊണ്ണൂറുകളിലും ഹിന്ദി സിനിമകളില്‍ കത്തിനിന്ന ശ്രീദേവി അന്ന് കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരംകൂടിയായിരുന്നു. ബോളിവുഡ് നടിമാര്‍ ഗ്‌ളാമറസായ കൃത്രിമ സൗന്ദര്യത്തില്‍ തിളങ്ങുമ്പോള്‍ തിളക്കമുള്ള കണ്ണും പ്രത്യേകതയുള്ള മൂക്കുമായി നിഷ്‌ക്കളങ്കതയുടെ മുഖശ്രീയായിരുന്നു എന്നും അവര്‍ക്ക്. ഉലച്ചിലില്ലാത്ത സൗന്ദര്യ സംരക്ഷണത്തില്‍, 54ാം വയസില്‍ മരിക്കുമ്പോഴും കാഴ്ചയില്‍ ചെറുപ്പംതന്നെയായിരുന്നു അവര്‍.
     ഒരുപക്ഷേ ഇന്ത്യന്‍ സിനിമാ നടികളില്‍ നായകനെക്കാള്‍ നായികയുടെ പേരു നോക്കി സിനിമാകാണാന്‍ വരെ കാണികളെ പ്രചോദിപ്പിച്ച പേരാണ് ശ്രീദേവി എന്നത്. വിവാദ വ്യവസായംകൊണ്ട് നടികള്‍ നിലനില്‍പ്പുറപ്പിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അത്തരം കൃത്രിമങ്ങളൊന്നും കൂടാതെ നിലനില്‍ക്കാന്‍ ഈ നടിക്കുകഴിയുമായിരുന്നു. റൊമാന്‍സും കോമഡിയും ആക്ഷനും തുടങ്ങി വിവിധ വൈഭവങ്ങളില്‍ തിളങ്ങി ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവി നേടിയ നടിയാണ് ശ്രീദേവി. ബാലതാരം മുതല്‍ സൂപ്പര്‍താരംവരെയായിത്തിയ ഇവര്‍ ഇന്ത്യാക്കാരുടെ മുഴുവന്‍ സ്‌നേഹവും പിടിച്ചു പറ്റിയ അപൂര്‍വം നടികളില്‍ ഒരാളാണ്. മുന്നൂറോളം സിനിമകളില്‍ അവര്‍ അഭിനയിച്ചു.
      ശ്രീദേവിയോട് മലയാളിക്കും വല്ലാത്തൊരു സ്‌നേഹമായിരുന്നു. പതിറ്റാണ്ടുകള്‍ക്കു മുന്‍പേ ആ മുഖം മലയാളത്തില്‍ കണ്ടിരുന്നു. ബോളിവുഡ് നടിയെന്ന് അവരെവാഴ്ത്തുമ്പോഴും മലയാള നടിയെന്നു പറയാനായിരുന്നു നമുക്കിഷ്ടം. തമിഴത്തിയാണെങ്കിലും മലയാളിയാണ് ശ്രീദേവിയെന്നായിരുന്നു പലരുടേയും ധാരണ. ഇരുപത്താറോളം മലയാള സിനിമകളിലാണ് അവര്‍ അഭിനയിച്ചിട്ടുള്ളത്.
     സിനിമാ താരങ്ങള്‍ മരിച്ചാലും അവരുടെ സിനിമകള്‍ അവരെ ജീവിപ്പിച്ചുകൊണ്ടിരിക്കുമെന്നത് വലിയൊരു ഭാഗ്യമാണ്. കഥ പറയുന്ന കണ്ണുകളും മുഖശ്രീയുമായി  ശ്രീദേവിയും പ്രേക്ഷകരില്‍ ഇനിയും ജീവിച്ചിരിക്കും.

തല്ലിക്കൊല്ലും മുമ്പ് പശിയടക്കാന്‍ രണ്ടു മണി വറ്റ് തരൂ


''തല്ലിക്കൊല്ലും മുമ്പ് പശിയടക്കാന്‍ രണ്ടു മണി വറ്റ് തരൂ'' എന്നാര്‍ത്തു കരഞ്ഞ 35 കാരനായ വനവാസിയുടെ വേദന ദൈവത്തിന്റെ സ്വന്തം നാട്ടുകാരുടെ മനസ്സിനെ എന്നും മുറിവേല്‍പ്പിച്ചുകൊണ്ടേയിരിക്കും. കള്ളന്‍, മോഷ്ടാവ്, മനോരോഗി എന്നിത്യാദി വിശേഷണങ്ങളുടെ പെരുവഴിയോരത്താണ് പാലക്കാട്, അട്ടപ്പാടി അഗളി, മുക്കാലിയില്‍ ആ ഹതഭാഗ്യന്‍ പിടഞ്ഞുവീണു മരിച്ചത്. ആ പാപത്തിന്റെ തീച്ചൂടില്‍ നിന്ന് ഭരണകൂടത്തിനും അതിനെ താങ്ങിനിര്‍ത്തുന്ന രാഷ്ട്രീയ കക്ഷിക്കും സാക്ഷരസമൃദ്ധമെന്ന് ഘോഷിക്കുന്ന ജനസമൂഹത്തിനും ഒഴിഞ്ഞുമാറാനാവുമോ? ഈ സംസ്ഥാനത്തിന്റെ അപമാനഭരിതമായ മുഖത്തിന് നേരെ ചൊവ്വെ ലോകത്തിനു മുമ്പില്‍ ഉയര്‍ന്ന് നില്‍ക്കാനാവുമോ?
ആരെയും മോഷ്ടാവെന്നും അക്രമിയെന്നും ചൂണ്ടിക്കാണിച്ച് സമൂഹത്തിന് വിചാരണ നടത്തി കൊല്ലാനാവുന്ന തരത്തില്‍ നമ്മുടെ സാക്ഷരത അധപ്പതിച്ചതിന്റെ ചിത്രമാണ് അഗളിയില്‍ കണ്ടത്. പാര്‍ട്ടിയുടെ അന്വേഷണത്തിനാണ് വിലകല്‍പിക്കുന്നതെന്നും, പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും പറയുന്ന നേതാക്കളുടെ സ്വഭാവം ആള്‍ക്കൂട്ടത്തിന്റെ അക്രമാസക്ത സമീപനത്തിന് ഒത്താശ ചെയ്യുന്നതിലേക്ക് മാറിമറിഞ്ഞിരിക്കുന്നു. ദിവസങ്ങളോളം പട്ടിണികിടന്ന് ഗതികെട്ട വനവാസിയുവാവ് ഇത്തിരി ഭക്ഷണം കഴിക്കാനാണല്ലോ സാധനങ്ങളുമായി തന്റെ വാസസ്ഥലമായ കാടുകയറിത്. അയാള്‍ അതൊക്കെ മോഷ്ടിച്ചു നേടിയതാണെന്ന മ്ലേച്ഛചിന്താഗതിയിലേക്ക് ഒരു കൂട്ടം ആളുകള്‍ എത്തുകയായിരുന്നു. ഒരു ജനപ്രതിനിധിയുടെ അടുത്തബന്ധുവാണ് മധുവെന്ന വനവാസിയുവാവിനെ ഭേദ്യം ചെയ്തതും, അര്‍ധനഗ്നനാക്കി സെല്‍ഫിയെടുത്ത് സമൂഹത്തിനുമുമ്പില്‍ അയാളെ അപമാനിച്ചതും. അക്രമിക്കൊപ്പം ആളുകള്‍ ക്രൂരമായി അതൊക്കെ  ആസ്വദിക്കുകയും ചെയ്തു.
മണ്ണും മാനവും വനവാസികളില്‍ നിന്ന് കവര്‍ന്നെടുത്ത് ഗതികേടിന്റെ പെരുവവഴിയിലാക്കിയവര്‍ അവരെ ഉന്മൂലനം ചെയ്യുന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണ്. മണ്ണിന്റെ നേരവകാശികളുടെ അവകാശങ്ങള്‍ തട്ടിപ്പറിക്കുന്നവര്‍ സാക്ഷരത നേടിയവരും വനവാസികള്‍ നിരക്ഷരരുമാണെന്നോര്‍ക്കുക. കോടിക്കണക്കിനു രൂപ വനവാസിക്ഷേമത്തിനായി നീക്കിവയ്ക്കുന്ന സര്‍ക്കാര്‍ വാസ്തവത്തില്‍ അവര്‍ക്ക് അതൊക്കെ ലഭ്യമാവുന്നുണ്ടോ എന്ന് പ്രാഥമികമായിപോലും അന്വേഷിച്ചിട്ടില്ല. വനവാസി ക്ഷേമത്തിന്റെ മറവില്‍ ബന്ധപ്പെട്ടവര്‍ക്ക് തടിച്ചുകൊഴുക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ്. പട്ടിണിയും പരിവട്ടവുമായി ആ പാവങ്ങള്‍ ആരെയും ഉപദ്രവിക്കാതെ കഴിയുന്നു.  പൊതുസമൂഹത്തിനു മുമ്പിലെത്തിയാല്‍ ആട്ടിയോടിക്കുന്നു; തല്ലിക്കൊല്ലുന്നു.
ഉത്തര്‍പ്രദേശിലും ബിഹാറിലുമുള്ളവരെ നിരന്തരം പുലഭ്യം പറയുന്ന കേരളത്തിലെ സാംസ്‌കാരിക സമ്പന്നരെന്ന് അഭിമാനിക്കുന്നവര്‍ക്ക് അഗളിയില്‍ മധു കൊല്ലപ്പെട്ടതിനെ എങ്ങനെ ന്യായീകരിക്കാനാവും? എല്ലാം ശരിയാക്കുമെന്ന് പുരപ്പുറത്ത് കയറിനിന്ന് ഘോഷിച്ചവരൊക്കെ ഇത്തരമൊരു സംഭവം അറിയില്ലെന്ന ഭാവത്തിലാണ്. വനവാസിയെ മര്‍ദ്ദിച്ചുകൊന്നവര്‍ക്കെതിരെ യുക്തമായ നടപടിയെടുത്ത് മാതൃക കാട്ടുന്നതിനൊപ്പം ഈ നിസ്സഹായരെ വേണ്ടുംവണ്ണം സംരക്ഷിക്കാനുള്ള നടപടിയെടുക്കുകയും വേണം. മട്ടന്നൂരില്‍ ഷുഹൈബിനെ വെട്ടിക്കൊന്ന രാഷ്ട്രീയവെറിയും മണ്ണാര്‍ക്കാട് മധുവിനെ മര്‍ദ്ദിച്ചുകൊന്ന സമൂഹഭ്രാന്തും എന്നെന്നേക്കുമായി അവസാനിപ്പിച്ചേ മതിയാവൂ.

സിപിഎം ഇരുട്ടില്‍ തപ്പുന്നുവോ...അതോ പിളര്‍പ്പിലേക്ക് നീങ്ങുന്നുവോ


നമസ്തെ
സിപിഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സംസ്ഥാന സമ്മേളനം തൃശൂരില്‍ സമാപിച്ചപ്പോള്‍ ആ പാര്‍ട്ടി എത്തിപ്പെട്ട ദുര്യോഗമാണ് വ്യക്തമായത്. ദേശീയതലത്തില്‍ വ്യക്തമായ നയമോ പരിപാടിയോ ഉണ്ടെന്നുപോലും വ്യക്തതയില്ലാതെ അണികളെയും അനുഭാവികളെയും ആശയക്കുഴപ്പത്തിലെത്തിച്ചു എന്നതാണ് സമ്മേളനത്തിന്റെ നേട്ടം. തൃശൂരില്‍ രണ്ടാംപൂരം സൃഷ്ടിക്കാനും അധികാരത്തിന്റെ തണലില്‍ പണക്കൊഴുപ്പ് പ്രകടിപ്പിക്കാനും സിപിഎമ്മിന് കഴിഞ്ഞുവെന്ന് അഭിമാനിക്കാം.
കേരളമാകെ ശതകോടിയെങ്കിലും ചെലവിട്ടാണ് സമ്മേളനപൂരം നടത്തിയത്. പദ്ധതികള്‍ക്ക് പണമില്ലെന്നു പറയുകയും പാവപ്പെട്ടവരുടെ ആവശ്യങ്ങളും അവകാശങ്ങളും നിര്‍വഹിക്കാന്‍ കഴിയാതെ പഞ്ഞപ്പാട്ട് പാടുകയും ചെയ്യുന്ന മന്ത്രിമാരുടെ പാര്‍ട്ടി എത്രമാത്രം സമ്പന്നമാണെന്ന് തെളിയിക്കാന്‍ സമ്മേളനത്തിന് സാധിച്ചുവെന്ന് ആശ്വസിക്കാം. സമ്മേളനത്തിന് ആളെ കൂട്ടാനും, തകര്‍പ്പന്‍ പ്രസംഗം നടത്താനും കഴിയുന്ന പാര്‍ട്ടി ഇരുട്ടില്‍ തപ്പുകയാണെന്ന് തെളിയിക്കുകയാണ് നേതാക്കളുടെ വാക്കുകളും പുറത്തുവന്ന തീരുമാനങ്ങളും. കാല്‍നൂറ്റാണ്ടിനിപ്പുറം പാര്‍ട്ടിയിലെത്തിയവരാണ് ഏറിയകൂറും. അവര്‍ക്ക് ആശയ അടിത്തറ പകരാനുള്ള പ്രയത്‌നമെന്തെങ്കിലുമുണ്ടായോ എന്ന് സംശയമാണ്. അധികാരം പങ്കുവയ്ക്കുന്നതിനപ്പുറമൊരു ഗൗരവവും ഉണ്ടായിട്ടില്ലെന്നാണ് സൂചന.
കേരളത്തില്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ ഇരുപത് മാസം പിന്നിട്ടിട്ടും എടുത്ത് പറയാനുള്ള ഒരു നേട്ടവും ഉണ്ടായിട്ടില്ല. പ്രതീക്ഷയ്ക്ക് വക നല്‍കുന്ന എന്തെങ്കിലും തീരുമാനങ്ങളും ഉണ്ടായിട്ടില്ല. ഇടതുഭരണം വന്നാല്‍ എല്ലാം ശരിയാകുമെന്ന് ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ശരിയായുള്ളതെല്ലാം തകിടം മറിക്കുകയും, തെറ്റായ നടപടികള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു എന്നാണ് ജനങ്ങളുടെ അനുഭവം. അഴിമതിക്കെതിരെ ശക്തമായ നിലപാടുണ്ടെന്ന് വോട്ടെടുപ്പിന് മുന്‍പ് തോന്നിപ്പിച്ച സിപിഎം, ഭരണം ലഭിച്ചപ്പോള്‍ അഴിമതിക്കാര്‍ക്ക് ജാമ്യം നല്‍കുന്നവരായി. സോളാര്‍ തട്ടിപ്പിനെതിരെ അതിരൂക്ഷമായ സമരം നയിച്ചവര്‍ ഇതിലെ കുറ്റക്കാരെ സഹായിക്കുന്നതാണ് കാണാനായത്. ബാര്‍കോഴക്കേസില്‍ കെ.എം.മാണിക്ക് കുരിശൊരുക്കിയ മുന്നണി അദ്ദേഹത്തിന് ചുകപ്പ് പരവതാനി വിരിക്കാന്‍ മുന്നിട്ടിറങ്ങുന്ന കാഴ്ചയും കാണുന്നു. ഇതിനെതിരെ ഒരു ശബ്ദവും സമ്മേളനത്തില്‍ ഉയര്‍ന്നതായി കേട്ടില്ല. വിഭാഗീയത പൂര്‍ണമായും പിഴുതെറിഞ്ഞെന്നും തീരുമാനങ്ങളെല്ലാം ഏകകണ്ഠമായിരുന്നുവെന്നും മറുശബ്ദം ഉയര്‍ന്നില്ലെന്നുമാണ് നേതാക്കളുടെ അവകാശം. എന്നാല്‍ ഇതൊക്കെ ശ്മശാന മൂകതയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ശക്തമായ ഭിന്നാഭിപ്രായമുണ്ടെങ്കിലും അധികാരദണ്ഡ് ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു.
ഏപ്രിലില്‍  ഹൈദ്രാബാദിലാണ് പാര്‍ട്ടികോണ്‍ഗ്രസ്. അവിടെ മത്താപ്പ് മാത്രമാവില്ലെന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കിയ സൂചന. വെടിക്കെട്ടിനുള്ള എല്ലാ ചേരുവകളുമുണ്ട്. തൃശൂര്‍ സമ്മേളന പ്രതിനിധികളില്‍ ചിലര്‍ ജനറല്‍ സെക്രട്ടറിക്കെതിരെ സംഘടിതവിമര്‍ശനമാണ് നടത്തിയത് സംസ്ഥാന നേതൃത്വത്തിന്റെ പ്രേരണയോടെയായിരുന്നു ഇത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, സംസ്ഥാന നേതാവ് എ.എം.ഷംസീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച യെച്ചൂരിയുടെ ലൈനിനെ നിശിതമായി വിമര്‍ശിച്ചത്. 
ഇതിനെതിരെ സീതാറാം യെച്ചൂരി സമ്മേളന പ്രതിനിധികള്‍ക്ക് മുന്നില്‍ ആഞ്ഞടിച്ചു. സിപിഎം കേരള പാര്‍ട്ടിയല്ലെന്നുവരെ യെച്ചൂരിക്ക് പറയേണ്ടിവന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം യെച്ചൂരിക്ക് പിന്തുണ നല്‍കാനെത്തിയില്ല. മാത്രമല്ല, ജനറല്‍ സെക്രട്ടറിയെ വിമര്‍ശിച്ചവര്‍ക്ക് പ്രമോഷന്‍ നല്‍കി സംസ്ഥാന കമ്മിറ്റിയില്‍ എത്തിച്ചു. ഇതിന്റെ  പ്രതിഫലനമാണ് യെച്ചൂരിയുടെ പൊതുസമ്മേളന പ്രസംഗത്തില്‍ പ്രതിഫലിച്ചത്. പ്രസംഗം മുഴുവന്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയേയും വിമര്‍ശിക്കാനാണ് വിനിയോഗിച്ചത്. ആര്‍എസ്എസിനെയും ബിജെപിയേയും നശിപ്പിച്ചേ അടങ്ങൂ എന്ന നിലപാട് ആവര്‍ത്തിച്ച യെച്ചൂരി, കോണ്‍ഗ്രസിനെക്കുറിച്ച് അധികമൊന്നും മിണ്ടിയില്ല. യെച്ചൂരിയുടെ നിലപാടിന് പാര്‍ട്ടികോണ്‍ഗ്രസില്‍ അംഗീകാരം ലഭിക്കുമോ എന്നതാണ് ഇപ്പോഴുയരുന്ന ചോദ്യം. ഏതായാലും സംസ്ഥാനത്ത് വിഭാഗീയത നാടുനീങ്ങി എന്ന് സന്തോഷിക്കുന്ന നേതാക്കള്‍ക്ക് ആശ്വാസം നല്‍കുന്നതാവില്ല ഹൈദരാബാദില്‍ കേള്‍ക്കാനാവുക

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനപ്രസംഗത്തില്‍ കോണ്‍ഗ്രസ് ബന്ധത്തെ ന്യായീകരിച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെതിരെ സമ്മേളനത്തില്‍ പ്രതിനിധികള്‍ കടുത്ത വിമര്‍ശനമുയര്‍ത്തി. സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് യെച്ചൂരിയെ വിമര്‍ശിച്ചത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡണ്ട് മുഹമ്മദ് റിയാസ് ഉള്‍പ്പെടെ പുതുതലമുറ നേതാക്കളും ജനറല്‍സെക്രട്ടറിയുടെ നിലപാടിനെ വിമര്‍ശിച്ചു.
പൊതുചര്‍ച്ചക്ക് മറുപടി പറയുമ്പോള്‍ സീതാറാം യെച്ചൂരി പഴയനിലപാട് ആവര്‍ത്തിക്കുമെന്ന ആശങ്കയും സംസ്ഥാന നേതൃത്വത്തിനുണ്ടായിരുന്നു. ഇതോടെ യെച്ചൂരിയുടെ പ്രസംഗത്തിന് മുന്‍പ് തന്നെ ദേശാഭിമാനിയില്‍ പ്രകാശ് കാരാട്ടിന്റെ അഭിമുഖം നല്‍കി തങ്ങളുടെ നിലപാട് ഉറപ്പിക്കാനുള്ള ശ്രമമാണ് സംസ്ഥാനനേതൃത്വം നടത്തിയത്. 
 കാരാട്ടിന്റെ ഇരട്ടത്താപ്പ്
സാമ്പത്തിക നയങ്ങളുടേയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒരു വ്യത്യാസവുമില്ല. ഈ സാഹചര്യത്തില്‍ ബദല്‍ രാഷ്ട്രീയ വേദിയാണ് പ്രസക്തമാകുന്നത് എന്ന് കാരാട്ട് അഭിമുഖത്തില്‍ വിശദീകരിക്കുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള ബിജെപി വിരുദ്ധരുമായി തെരഞ്ഞെടുപ്പില്‍ തന്ത്രപരമായ നീക്കുപോക്ക് വേണമെന്നാണ് യെച്ചൂരി പ്രസംഗത്തില്‍ പറഞ്ഞത്. കോണ്‍ഗ്രസുമായി ധാരണക്കോ നീക്കുപോക്കിനോ സിപിഎം തയ്യാറല്ല എന്നും കാരാട്ട്  വിശദീകരിക്കുന്നു. യെച്ചൂരി പറഞ്ഞതല്ല ഇതാണ് തങ്ങളുടെ നിലപാടെന്ന് പാര്‍ട്ടി പത്രത്തിലെ അഭിമുഖത്തിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കുകയാണ് സംസ്ഥാന ഘടകം. 
അതേസമയം തെരഞ്ഞടുപ്പില്‍ മാത്രമാണ് കോണ്‍ഗ്രസിന് കാരാട്ട് അയിത്തം കല്‍പ്പിക്കുന്നത്. കോണ്‍ഗ്രസുമായി യോജിച്ചുള്ള സമരങ്ങള്‍ക്ക് തയ്യാറാണ്. പാര്‍ലമെന്റിലും യോജിച്ച് നീങ്ങും. എങ്കില്‍പ്പിന്നെ വോട്ടര്‍മാരെ അഭിമുഖീകരിക്കുമ്പോള്‍ മാത്രം അകല്‍ച്ച കാണിക്കുന്നത് കബളിപ്പിക്കലല്ലേ എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് സിപിഎം നേതൃത്വം തന്നെയാണ്.  
കരടിന് തരം പോലെ വ്യാഖ്യാനം
പാര്‍ട്ടികോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യാനുള്ള കരട് രേഖക്ക് ഇരുപക്ഷവും തരംപോലെ വ്യാഖ്യാനം ചമക്കുകയാണ്. നേതാക്കളുടെ വാക്കുകളില്‍ നിന്ന് ഒരുകാര്യം വ്യക്തമാണ്. കോണ്‍ഗ്രസ് ബാന്ധവം പാര്‍ട്ടി ആഗ്രഹിക്കുന്നുണ്ട്. അത്പരസ്യമായി വേണോ രഹസ്യമായി മതിയോ എന്നതിനെച്ചൊല്ലിയാണ് തര്‍ക്കം.

സംസ്ഥാന സമ്മേളനം കഴിഞ്ഞ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മടങ്ങിയത് രോഷത്തോടെ. സമ്മേളനത്തിലെ രൂക്ഷമായ വിമര്‍ശനവും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണവുമാണ് യെച്ചൂരിയെ ചൊടിപ്പിച്ചത്. സമ്മേളനത്തില്‍ യെച്ചൂരിക്കെതിരെ ആഞ്ഞടിച്ച മുഹമ്മദ് റിയാസും എ.എന്‍.ഷംസീറും സംസ്ഥാനക്കമ്മിറ്റിയിലെത്തുകയും ചെയ്തു.
പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവത്തിന് നിരക്കാത്ത വിമര്‍ശനവും നടപടികളുമാണ് സംസ്ഥാനനേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് യെച്ചൂരിയുടെ അഭിപ്രായം. പാര്‍ട്ടിയുടെ രീതിക്ക് നിരക്കാത്ത പദപ്രയോഗങ്ങളാണ് പ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടായത്. ബംഗാളില്‍ പാര്‍ട്ടിയെ തകര്‍ത്തു. ഇനി കേരളവും തകര്‍ക്കരുത്. താഴെത്തട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനം ചെയ്ത് പരിചയമില്ലാത്തവരാണ് ദേശീയ നേതൃത്വത്തില്‍. പാര്‍ട്ടി ആദര്‍ശത്തെക്കുറിച്ചോ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങളെക്കുറിച്ചോ ഇവര്‍ക്ക് വ്യക്തതയില്ല, തുടങ്ങിയ ആരോപണങ്ങളാണ് യെച്ചൂരിയെ ലക്ഷ്യമിട്ട് പ്രതിനിധികള്‍ തൊടുത്തത്. 
ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡണ്ട് മുഹമ്മദ് റിയാസാണ് ഏറ്റവും രൂക്ഷമായ ഭാഷയില്‍ യെച്ചൂരിയെ കടന്നാക്രമിച്ചത്. എ.എന്‍.ഷംസീറും യെച്ചൂരിയെ നിശിതമായി വിമര്‍ശിച്ചു. സംസ്ഥാനനേതൃത്വത്തിന്റെയും പിണറായിയുടേയും നിര്‍ദ്ദേശപ്രകാരമാണ് ഇരുവരും രൂക്ഷമായ വിമര്‍ശനം നടത്തിയതെന്ന് യെച്ചൂരിക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ഉപകാരസ്മരണ എന്ന നിലയില്‍ പിണറായി ഇരുവരെയും പുതുതായി സംസ്ഥാനക്കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 
പ്രതിനിധികളുടെ ഭാഗത്ത് നിന്ന് അഖിലേന്ത്യ നേതൃത്വത്തിന് നേരെയുണ്ടായ വിമര്‍ശനത്തെ പ്രതിരോധിക്കുന്നതിന് സമ്മേളനത്തില്‍ പങ്കെടുത്ത പി.ബി അംഗങ്ങളും തയ്യാറായില്ല. പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രന്‍ പിള്ളയും സംസ്ഥാന നേതൃത്വത്തിന് കൂട്ടുനിന്നു. പി.ബി അംഗങ്ങളില്‍ എം.എ ബേബി മാത്രമാണ് യെച്ചൂരിയെ പിന്തുണച്ചത്. എ.കെ.പത്മനാഭന്‍ നിശബ്ദനായി നിലകൊണ്ടു. എന്നാല്‍ പിണറായിയെ പേടിച്ച് ബേബി പരസ്യപ്രതികരണത്തിന് തയ്യാറായില്ല. ഇതോടെ യെച്ചൂരി പൂര്‍ണ്ണമായും ഒറ്റപ്പെടുകയായിരുന്നു. മറുപടിപ്രസംഗത്തിലും സമാപന സമ്മേളനത്തിലും നിലപാടുകള്‍ ആവര്‍ത്തിച്ചുവെങ്കിലും അപമാനിതനായാണ് ജനറല്‍ സെക്രട്ടറിയുടെ മടക്കം. ഹൈദരാബാദിലെ പാര്‍ട്ടികോണ്‍ഗ്രസില്‍ കാണാം എന്ന യെച്ചൂരിയുടെ വാക്കുകള്‍ സംസ്ഥാന നേതൃത്വത്തിനുള്ള താക്കീതാണ്.
പട്ടിക വിഭാഗങ്ങളെയും വനവാസികളെയും പാര്‍ട്ടിക്കൊപ്പം അണിനിരത്താന്‍ രൂപീകരിച്ച ജാതി സംഘടനകള്‍ പരാജയമെന്ന് സിപിഎം വിലയിരുത്തല്‍.  പട്ടികജാതി ക്ഷേമസമിതി, ആദിവാസ ക്ഷേമ  സമിതി എന്നിവയുടെ പ്രവര്‍ത്തനം കൊണ്ട് ആ വിഭാഗത്തെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളുടെ വിമര്‍ശനം.
പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ മറുപടി പ്രസംഗത്തിലും ഇക്കാര്യം സമ്മതിച്ചു. ഈ സാഹചര്യത്തില്‍ ക്ഷേമ സമിതികളെ മറയാക്കി പറഞ്ഞിരുന്ന ജാതി ഇനി പാര്‍ട്ടി നേരിട്ടും പറയനാണ് തീരുമാനം. അടിസ്ഥാന വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുകയും രാഷ്ട്രീയത്തിന് അതീതമായി സംഘടിക്കുകയും, ബിജെപിക്ക് ആ വിഭാഗങ്ങളില്‍ സ്വാധീനം വര്‍ദ്ധിച്ചതും മാറി ചിന്തിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നു. 
തൊഴിലാളി വര്‍ഗ സിദ്ധാന്തം പറയുന്ന സിപിഎം ജാതി അടിസ്ഥാനത്തില്‍ സംഘടന രൂപീകരിക്കുകയും സമുദായം നോക്കി അതത് സംഘടനകളുടെ ഭാരവാഹിത്വം നല്‍കുകയും ചെയ്തത് നേരത്തെ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിരുന്നു. കോളനികളും വനവാസി ഗ്രാമങ്ങളും കേന്ദ്രീകരിച്ച് ജാതിയുടെ അടിസ്ഥാനത്തില്‍ തന്നെ അവരെ പാര്‍ട്ടി അംഗങ്ങളാക്കാനുള്ള ശ്രമം ഊര്‍ജിതമാക്കാനാണ് തീരുമാനം. 
അടുത്ത കാലത്തുണ്ടായ  ദളിത്, വനവാസി സമരങ്ങളിലൊന്നുംപാര്‍ട്ടിക്ക് യാതൊരു ഇടപെടലും നടത്താനായില്ലെന്നും ചൂണ്ടിക്കാട്ടുന്നു.  ഒരു കാലത്ത് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകര്‍ പട്ടികവിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നു. എന്നാല്‍ അവരുടെ അടുത്ത തലമുറ ജാതി സംഘടനകളിലേക്കോ, ബിജെപിയിലേക്കോ ആകര്‍ഷിക്കപ്പെടുകയാണെന്നും സിപിഎം വിലപിക്കുന്നു.
 വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉയരുന്ന അടിസ്ഥാന വിഭാഗത്തില്‍പ്പെട്ടവരില്‍ അരാഷ്ട്രീയത വര്‍ദ്ധിക്കുകയാണ്. ഇതിന് പരിഹാരമായി രൂപീകരിച്ച ക്ഷേമസമിതികള്‍ക്ക് അവരെ ആകര്‍ഷിക്കാന്‍ ഇപ്പോഴും കഴിയാത്തത് ഗൗരവകരമായി കാണേണ്ടതാണെന്നും അഭിപ്രായം ഉയര്‍ന്നു. 

1939-ല്‍ പിണറായിയിലെ പാറപ്രത്ത് തുടങ്ങിയ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ കൊടിയിറങ്ങിയപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യങ്ങള്‍ ഇവയാണ്: ഈ പാര്‍ട്ടി ആര്‍ക്കുവേണ്ടി, ആരുടെ പാര്‍ട്ടി? പാവങ്ങളും അടിസ്ഥാന ജനവിഭാഗങ്ങളും അകന്നുപോയെന്ന് പാര്‍ട്ടി വിലപിക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കുകയാണ് നേതാക്കള്‍. പുത്തന്‍പണക്കാരായ കുത്തകകളുടെയും, വൈറ്റ് കോളര്‍ തൊഴിലാളികളുടെയും പ്രതിനിധികളും ആശ്രിതരും നയിക്കുന്ന സിപിഎമ്മിന് ഇനി രാഷ്ട്രീയം പറഞ്ഞ് അധികനാള്‍ മുന്നോട്ട് പോകാനാകില്ലെന്ന് തൃശ്ശൂര്‍ സമ്മേളനം വ്യക്തമാക്കുന്നു. 
  പാര്‍ട്ടി നയങ്ങളേക്കാള്‍ പ്രാധാന്യം ഇനി അടവുനയങ്ങള്‍ക്കായിരിക്കും. പഴകിത്തേഞ്ഞ പ്രത്യയ ശാസ്ത്രങ്ങള്‍ പ്രസംഗങ്ങളിലും ലേഖനങ്ങളിലും ഒതുങ്ങും. കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കള്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ മേലങ്കി അണിഞ്ഞാകും ജനമദ്ധ്യത്തിലിറങ്ങുക. കഴിഞ്ഞ ആലപ്പുഴ സമ്മേളനത്തോടെ സിപിഎം ഒരു എന്‍ജിഒയായി മാറിക്കഴിഞ്ഞിരുന്നു. പരമാധികാരി പിണറായി വിജയനും കാര്യസ്ഥന്റെ വേഷത്തില്‍ കോടിയേരി ബാലകൃഷ്ണനും. അഭിപ്രായ സ്വാതന്ത്യമില്ല, ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ല. എല്ലാം ഒരു വ്യക്തിയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. 
  ബൂര്‍ഷ്വാ പാര്‍ട്ടികളെന്നും വലതുപക്ഷമെന്നും വിമര്‍ശിക്കപ്പെടുന്ന പാര്‍ട്ടികള്‍ പോലും നാണിക്കുന്ന പണക്കൊഴുപ്പില്‍ നടത്തിയ സമ്മേളന മാമാങ്കം ഇവിടുത്തെ ജനങ്ങളുടെ നീറുന്ന എന്തെങ്കിലും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തോ എന്ന് ചേദിച്ചാല്‍ ഇല്ലായെന്നതാണ് വസ്തുത. മാണിയും സിപിഐയും ബിജെപിയും കോണ്‍ഗ്രസ്സും മാറിമാറി പ്രതിനിധികളുടെ പ്രസംഗങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടതല്ലാതെ നേതൃത്വത്തിനെതിരായി ഒരക്ഷരം ഉരിയാടാന്‍ വിനീത വിധേയരായ പ്രതിനിധികള്‍ തയ്യാറായില്ല. ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ തങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നവരെ തെരഞ്ഞെടുത്ത്, എതിര്‍ക്കുന്നവരെ അച്ചടക്കത്തിന്റെ വാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കുറെ പേരെ ബ്രോയിലര്‍ കോഴികളെപ്പോലെ സംസ്ഥാന സമ്മേളനത്തിന് കൊണ്ടിരുത്തിയാല്‍ ഇതല്ലാതെ എന്തു സംഭവിക്കാനാണെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ചോദിക്കുന്നത്. വെള്ളം മുഴുവന്‍ ഒഴുകി പോയി കഴിഞ്ഞു, ഇനി അണ കെട്ടിയിട്ട് എന്തു കാര്യം? ഒരു മുന്‍ സംസ്ഥാന സമിതിയംഗത്തിന്റെ ചോദ്യത്തില്‍ ഇന്ന് പാര്‍ട്ടി നേരിടുന്ന മുഴുവന്‍ പ്രതിസന്ധികളുമുണ്ട്. 
പിണറായിയുടെ കാല്‍ക്കീഴില്‍
 മുന്‍കാല സമ്മേളനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പിണറായി വിജയന്റെ പൂര്‍ണനിയന്ത്രണത്തില്‍  പാര്‍ട്ടി എത്തപ്പെട്ടു എന്ന് തെളിയിക്കുന്നതായി സമ്മേളനം. ചൂടേറിയ വാഗ്വാദങ്ങളോ, വിമര്‍ശനങ്ങളോ ഉണ്ടായില്ല. ഒന്‍പതര മണിക്കൂറുകളോളം നീണ്ട പൊതുചര്‍ച്ചയില്‍ കാര്യമായ വിവാദങ്ങളൊന്നും വിഷയമായില്ല, പോലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ ചിലര്‍ വിമര്‍ശനങ്ങള്‍ തുടങ്ങിയപ്പോഴേ പ്രസീഡിയം അടിച്ചിരുത്തി. കണ്ണൂരില്‍ നിന്ന് ഒറ്റപ്പെട്ട വിമര്‍ശനം ഉയര്‍ന്നെങ്കിലും അത് പരിഗണിക്കാന്‍ നേതൃത്വവും തയ്യാറായില്ല. 
  ധനമന്ത്രി തോമസ് ഐസക്കിന് മാത്രമാണ് പ്രതിനിധികളില്‍ നിന്ന് കാര്യമായ വിമര്‍ശനം നേരിടേണ്ടി വന്നത്. മറുപടി പ്രസംഗത്തില്‍ ഐസക്കിനെ പിന്തുണയ്ക്കാന്‍ കോടിയേരി ബാലകൃഷ്ണനും തയ്യാറായില്ല എന്നതും ശ്രദ്ധേയം. നേതൃത്വത്തിനോ, സര്‍ക്കാറിനോ, മുഖ്യമന്ത്രിക്കോ എതിരെ വിമര്‍ശനങ്ങളൊന്നും കാര്യമായുണ്ടാകാതിരുന്നത് സമ്മേളന പ്രതിനിധികളെ നയിച്ചത് ഭയമായിരുന്നതിനാലാണ്. ഇതാണ് യാഥാര്‍ത്ഥ്യമെന്നിരിക്കെ, പൊതുസമൂഹം ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതിരുന്നത് വീഴ്ചയാണെന്ന് ഉറക്കെ പറയാന്‍ നേതാക്കളില്ലാതെ പോകുന്നു എന്നതാണ് പാര്‍ട്ടി നേരിടുന്ന മറ്റൊരു ദുരന്തം. 
 നേതാക്കളുടെ മക്കളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍, ആഡംബര ജീവിതം, സര്‍ക്കാര്‍ പ്രവര്‍ത്തനത്തിലെ പാളിച്ചകള്‍, ആഭ്യന്തരവകുപ്പിന്റെ പരാജയം, തൊഴിലില്ലായ്മ, തൊഴിലാളികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, ഭൂമി കൈയേറ്റ വിവാദങ്ങള്‍, പീഡനങ്ങള്‍, ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണം, വിലവര്‍ദ്ധന, സ്ഥാനമാനങ്ങള്‍ക്കായി ചില നേതാക്കള്‍ കത്തുകൊടുത്തത്, ബന്ധുത്വ നിയമനങ്ങള്‍,  നേതാക്കളുടെ പരസ്യപ്രസ്താവനകള്‍, രാഷ്ടീയ കൊലപാതകങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കൊന്നും കാര്യമായ പ്രാധാന്യം സമ്മേളനത്തിലെ ചര്‍ച്ചകളിലുണ്ടായില്ല. 
 സെമിനാറുകള്‍ പോലും പ്രഹസനങ്ങളായി മാറിയെന്നും വിമര്‍ശനം ഉയരുന്നു. സിപിഎം- സിപിഐ ഭിന്നതയുടെ ആഴവും സമ്മേളനത്തില്‍ പ്രകടമായി. ഇടതുമുന്നണിയുടെ രാഷ്ട്രീയാടിത്തറ വിപുലീകരിക്കണമെന്നു സമ്മേളനത്തില്‍ പൊതുചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. ഇടതുപക്ഷത്തിന് അമ്പതുശതമാനം ജനങ്ങളുടെ പിന്തുണ നേടാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് ഭരണമാറ്റം ഉണ്ടാകുന്നത്. പാര്‍ട്ടിയുടെ രാഷ്ട്രീയാടിത്തറ കൂട്ടാന്‍ ബഹുജനസ്വാധീനം വര്‍ദ്ധിപ്പിക്കണം. ഇതിനൊപ്പം ഘടകകക്ഷികളുടെ രാഷ്ട്രീയാടിത്തറയും വികസിക്കണമെന്നും സിപിഎം വിലയിരുത്തി. കണ്ണൂരില്‍ അമ്പത് ശതമാനത്തിലേറെ ജനപിന്തുണ ഇടതുപക്ഷത്തിനുണ്ട്. ഇതിന്റെ ദുരന്തം കണ്ണൂരുകാര്‍ നിത്യേന അനുഭവിക്കുകയാണ്. കേരളത്തിലാകെ ഈ വിപത്ത് വേണമോയെന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം.
പാവങ്ങള്‍ക്ക് പാര്‍ട്ടിയെ വേണ്ട
പാവങ്ങള്‍ പാര്‍ട്ടിയെ തള്ളിക്കളഞ്ഞിരിക്കുന്നു എന്നതാണ് സ്വയംവിമര്‍ശനം എന്ന നിലയില്‍ സിപിഎം സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയ പ്രവര്‍ത്തന റിപ്പോര്‍ട്ടിലുള്ളത്. ബിജെപിയടക്കമുള്ള പാര്‍ട്ടികളിലേക്ക് പാവപ്പെട്ടവര്‍ ഒഴുകുമ്പോള്‍ എന്തുകൊണ്ട് സിപിഎം പരാജയപ്പെട്ടു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള യാതൊരു ശ്രമവും ഉണ്ടായില്ല. 
  ഈ വിഷയത്തില്‍ ചര്‍ച്ചപോലും നടന്നില്ല. കാരണം ചര്‍ച്ചചെയ്യപ്പെട്ടാല്‍ വിമര്‍ശനത്തിന്റെ അമ്പുകള്‍ പതിക്കുക പുത്തന്‍ സാമ്പത്തിക ശക്തികളുടെ സംരക്ഷകരായി മാറിയ നേതൃത്വത്തിലേക്കായിരിക്കും. ആസൂത്രിതമായി മറ്റു ചില പൊള്ള രാഷ്ട്രീയ വിഷയങ്ങളിലേക്ക് നേതൃത്വം പ്രതിനിധികളുടെ ചര്‍ച്ച വഴിതിരിച്ചു വിട്ടു. നേരത്തേ പാവങ്ങളില്‍ മഹാഭൂരിപക്ഷവും പാര്‍ട്ടിക്കൊപ്പമായിരുന്നെന്നും അതില്‍ മാറ്റം വരികയാണന്നുമാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നത്. മത്സ്യത്തൊഴിലാളികള്‍, പരമ്പരാഗത തൊഴിലാളികള്‍, പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍,  പ്രവാസികള്‍ തുടങ്ങി പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ പാര്‍ട്ടിയെ കൈവിടുകയാണ്. 
  ദരിദ്ര കര്‍ഷകരുടെ എണ്ണം പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് കുറവായിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. 6.26 ശതമാനമാണ് ആകെ ദരിദ്രകര്‍ഷകരായി പാര്‍ട്ടി അംഗത്വത്തിലുള്ളവര്‍. ഇടത്തരം ജനവിഭാഗങ്ങളില്‍ പോലും സ്വാധീനം നഷ്ടപ്പെട്ടു തുടങ്ങി എന്ന പരിദേവനവും സമ്മേളനത്തിലുണ്ടായി. 2014-ല്‍ സമ്മേളനം നടക്കുമ്പോള്‍ 3,61,680 പൂര്‍ണ അംഗങ്ങളും 43,911 കാന്‍ഡിഡേറ്റ് അംഗങ്ങളും ഉള്‍പ്പടെ 4,05,591 മെമ്പര്‍മാരായിരുന്നു. 2017-ല്‍ 4,03,638 പൂര്‍ണ അംഗങ്ങളും 59,834 കാന്‍ഡിഡേറ്റ് അംഗങ്ങളും അടക്കം 4,63,472 മെമ്പര്‍മാരായി. മൂന്ന് വര്‍ഷത്തിനിടെ ആകെ 57,881 അംഗങ്ങളുടെ വര്‍ദ്ധനവുണ്ടായി. അതേസമയം, 2017- ല്‍ മാത്രം 27 ശതമാനം അംഗങ്ങളുടെ കൊഴിഞ്ഞുപോക്കുണ്ടായി. 2014-ല്‍ 8.19 ശതമാനവും 2015-ല്‍ 6.94 ശതമാനവും 2016 ല്‍ 21.10 ശതമാനവും അംഗങ്ങളാണ് കൊഴിഞ്ഞുപോയത്. 
  പുതുതായി എത്തുന്ന അംഗങ്ങളില്‍ നല്ലൊരു ശതമാനവും കൊഴിഞ്ഞുപോകുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മൂന്നു വര്‍ഷത്തിനിടെ അംഗങ്ങളിലുണ്ടായ കൊഴിഞ്ഞുപോക്ക് ആശങ്കാജനകമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യുവാക്കളാണ് കൂടുതലായും കൊഴിഞ്ഞു പോകുന്നത്. യുവാക്കളും ദരിദ്രരും അകലുന്നത് എന്തു കൊണ്ടാണെന്നു ചര്‍ച്ച പോലും സമ്മേളനത്തിലുണ്ടായില്ല. പഴകി തുരുമ്പിച്ച പ്രത്യയശാസ്ത്രവും, നിരപരാധികളെ വെട്ടിക്കൊല്ലുന്ന രാഷ്ട്രീയവുമായി ഒരു പാര്‍ട്ടിക്കും കുടുതല്‍ നാള്‍ ആരെയും കബളിപ്പിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യമാണ് സമ്മേളനം  കൂടുതല്‍ വ്യക്തമാക്കുന്നത്.
ആര്‍ക്കു വേണം പ്രത്യയശാസ്ത്രം 
പ്രത്യയശാസ്ത്രം പറഞ്ഞ് ഇനി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനാവില്ലെന്ന് ഒടുവില്‍ സിപിഎമ്മിന് മനസ്സിലായി. രാഷ്ടീയം പറഞ്ഞ് ജനങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിച്ച കാലം പോയിക്കഴിഞ്ഞു. പൊതുജനങ്ങളില്‍ അരാഷ്ട്രീയത വര്‍ദ്ധിക്കുന്നുവെന്ന് മുന്‍കാലങ്ങളില്‍ വിലപിച്ചിരുന്ന പാര്‍ട്ടി, ഇനി ആനുകൂല്യങ്ങള്‍ കൊടുത്തും സേവനത്തിന്റെ മറവിലും വിപ്ലവം നടത്താനാണ് ശ്രമം. ശാസ്ത്രസാഹിത്യ പരിഷത്തുമായി ചേര്‍ന്നും, റിച്ചാര്‍ഡ് ഫ്രാങ്കിയടക്കമുള്ളവരുടെ സഹായത്തോടെ വിദേശ ഫണ്ടുപയോഗിച്ചും തോമസ് ഐസക്കാണ് മാരാരിക്കുളം മോഡല്‍ പദ്ധതിയും സാന്ത്വന ചികിത്സയും മറ്റും ആരംഭിച്ചത്. അന്നതിനെ അതിരൂക്ഷമായി വിമര്‍ശിച്ച സിപിഎം ഇപ്പോള്‍ അതിനെ അനുകരിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് വിചിത്രം. 
  സഹകരണ പ്രസ്ഥാനങ്ങളിലൂടെ പാര്‍ട്ടി എങ്ങനെ വളര്‍ത്താമെന്ന് പരീക്ഷിച്ച് വിജയിച്ച പാര്‍ട്ടി മറ്റൊരു കണ്‍കെട്ടു വിദ്യയുമായി രംഗത്തെത്തുന്നു വെന്ന് ചുരുക്കം. അസഹിഷ്ണുതയും രക്തദാഹവും ജീവശ്വാസമാക്കിയ പ്രസ്ഥാനം നീലക്കുറുക്കന്റെ വേഷം കെട്ടുന്നു. രണ്ടായിരം സാന്ത്വന പരിചരണകേന്ദ്രങ്ങള്‍, പരിശീലനം ലഭിച്ച വോളന്റിയര്‍മാര്‍, വീടുകളുടെ നിര്‍മ്മാണം, കുളങ്ങളും തോടുകളും മാലിന്യമുക്തമാക്കുക, ഒരു ജില്ലയില്‍ ഒരു പുഴ മാലിന്യമുക്തമാക്കല്‍, സംയോജിതകൃഷി,  സര്‍ക്കാര്‍ സ്‌കൂളുകള്‍ ദത്തെടുക്കല്‍, സര്‍ക്കാര്‍ ആശുപത്രികള്‍ ഏറ്റെടുക്കുക, പരീക്ഷാ പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങി നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ സര്‍ക്കാര്‍ പദ്ധതികള്‍ പാര്‍ട്ടി മുഖേന നടപ്പാക്കും. സര്‍ക്കാര്‍ ഫണ്ടും വിദേശഫണ്ടും പൊതുജനങ്ങളുടെ പണവും ഉപയോഗിച്ച് പാര്‍ട്ടി വളര്‍ത്താനുള്ള മറ്റൊരു തന്ത്രം. 

അതിദയനീയമായ അവസ്ഥയിലാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാളിലെ സിപിഎം നേതാക്കളും. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള രാഷ്ട്രീയ അടവുനയരേഖ കേന്ദ്ര കമ്മറ്റി വോട്ടിനിട്ട് തള്ളിയ സാഹചര്യത്തില്‍ യെച്ചൂരിക്കും ബംഗാള്‍, ത്രിപുര ഘടകങ്ങള്‍ക്കും പുറത്തേക്കുള്ള വാതില്‍ തുറന്നു കാട്ടുകയാണ് കേരള ഘടകം.  വരുംനാളുകളില്‍ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് വഴിവെയ്ക്കുന്ന നീക്കങ്ങളാണ് കൊല്‍ക്കത്തയില്‍ സമാപിച്ച കേന്ദ്രകമ്മറ്റിയില്‍ ഉണ്ടായിരിക്കുന്നത്. സിപിഎം കേന്ദ്രകമ്മറ്റിയില്‍ കേരള ഘടകം സ്വീകരിച്ച നിലപാടിനോടുള്ള അതൃപ്തി ബംഗാള്‍ നേതാക്കള്‍ പരസ്യമായി പ്രകടിപ്പിച്ചു തുടങ്ങിയതോടെ ഭിന്നത രൂക്ഷമാകുന്നു എന്നുതന്നെപറയാം. 
കോണ്‍ഗ്രസുമായി യാതൊരു സഖ്യവും പാടില്ലെന്ന പ്രകാശ് കാരാട്ടിന്റെ നയരേഖയ്ക്ക് 55 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 31 വോട്ടുകള്‍ മാത്രമാണ് സഖ്യം വേണമെന്ന യെച്ചൂരിയുടെ നിലപാടിന് ലഭിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച രാഷ്ട്രീയ അടവുനയരേഖ പൂര്‍ണ്ണമായും തള്ളുന്നത് സിപിഎമ്മിന്റെ ചരിത്രത്തില്‍ ഇതാദ്യമാണ്. കേന്ദ്രകമ്മറ്റിയിലും പൊളിറ്റ് ബ്യൂറോയിലും പിന്തുണയില്ലാത്ത ജനറല്‍ സെക്രട്ടറിയായി സ്ഥാനത്ത് തുടരുക എന്ന ദയനീയ അവസ്ഥയാണ് യെച്ചൂരിക്ക്. പശ്ചിമ ബംഗാള്‍, ത്രിപുര ഘടകങ്ങളുടെ പിന്തുണ യെച്ചൂരിക്കുണ്ടെങ്കിലും കൂടുതല്‍ കേന്ദ്രകമ്മറ്റി അംഗങ്ങള്‍ കേരളത്തില്‍ നിന്നാണ്. 
പിണറായി വിജയനും കൂട്ടരും കോണ്‍ഗ്രസ് സഖ്യത്തിനെതിരായ കാരാട്ടിന്റെ നിലപാടിനൊപ്പം നില്‍ക്കുന്നതില്‍ ബംഗാള്‍ ഘടകത്തിന് വലിയ രോഷമാണുള്ളത്. കേന്ദ്രകമ്മറ്റിയില്‍ പാസായ നയരേഖയെപ്പറ്റി പ്രതികരണമാരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട്, അതു പോയി തിരുവനന്തപുരത്തെ എകെജി സെന്ററില്‍ ചോദിക്കാനായിരുന്നു പി.ബി. അംഗവും മുന്‍ ബംഗാള്‍ സെക്രട്ടറിയുമായ ബിമന്‍ ബോസിന്റെ പ്രതികരണം. ബംഗാളിലും ത്രിപുരയിലും ബിജെപി അതിശക്തമായി ഉയര്‍ന്നുവരുന്നത് കേരള ഘടകം കണക്കിലെടുക്കുന്നില്ല എന്നതാണ് അവരുടെ രോഷത്തിന് കാരണം. സാക്ഷരതയില്‍ ത്രിപുര കേരളത്തെ കടത്തിവെട്ടി എന്ന യെച്ചൂരിയുടെ പരാമര്‍ശവും ഇതിന്റെ അടിസ്ഥാനത്തിലാണ്. 
കേരള ഘടകത്തില്‍ വി.എസ്. അച്യുതാനന്ദനും തോമസ് ഐസക്കും യെച്ചൂരിക്കൊപ്പം, കോണ്‍ഗ്രസ് സഖ്യമാകാമെന്ന നിലപാടുകാരാണ്. കേരളത്തില്‍ നിന്നുള്ള കുറച്ചുനേതാക്കളെക്കൂടി ഒപ്പംനിര്‍ത്തി പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും കോണ്‍ഗ്രസ് സഖ്യം ചര്‍ച്ചയ്ക്കു വയ്ക്കാനുള്ള ശ്രമം യെച്ചൂരി ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസാണ് സിപിഎമ്മിന്റെ പരമാധികാര ബോഡിയെന്ന നിലപാട് യെച്ചൂരി ആവര്‍ത്തിക്കുന്നതും അതിനാലാണ്. എന്നാല്‍ കോണ്‍ഗ്രസ് സഖ്യ വിഷയത്തില്‍ യാതൊരു തരത്തിലുമുള്ള ഒത്തുതീര്‍പ്പിനും കേരള ഘടകം തയ്യാറാവാതെ തുടരുന്നത് വലിയ പ്രതിസന്ധി തന്നെയാണ്. ത്രിപുരയിലെ ഭരണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ബംഗാള്‍, ത്രിപുര ഘടകങ്ങള്‍ വീണ്ടും കോണ്‍ഗ്രസ് സഖ്യമെന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ടുവരും. പാര്‍ട്ടിയുടെ പിളര്‍പ്പിനുതന്നെ ഇതു വഴിവെച്ചേക്കാം.
ദേശീയതലത്തില്‍ കോണ്‍ഗ്രസ്സുമായുണ്ടാക്കുന്ന ബന്ധം സംബന്ധിച്ച തര്‍ക്കമാണ് സമ്മേളനത്തിന്റെ പ്രധാന ശേഷിപ്പ്. കേന്ദ്രതലത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും തമ്മിലുള്ള ഭിന്നതയില്‍ കേരള ഘടകം കൃത്യമായി കാരാട്ടിനൊപ്പമാണെന്ന് ആവര്‍ത്തിച്ചതല്ലാതെ ക്രിയാത്മകമായ യാതൊരു നിര്‍ദ്ദേശവും സമ്മേളനത്തില്‍ ഉയര്‍ന്നില്ല. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയെ മുഖ്യശത്രുവായി കാണുന്നതാണ് സിപിഎമ്മിന്റെ എക്കാലത്തെയും രാഷ്ട്രീയ നയം. 
  മുമ്പ് ശത്രു കോണ്‍ഗ്രസ്സായിരുന്നെങ്കില്‍ ഇപ്പോള്‍ അതു ബിജെപിയായെന്ന് മാത്രം. കേരളത്തിലെ അവശേഷിക്കുന്ന ശക്തിയുമായി ബിജെപിയെ എങ്ങനെ നേരിടുമെന്ന ആശയക്കുഴപ്പം ഇപ്പോഴും പാര്‍ട്ടിയെ പിന്തുടരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കേണ്ട കരടു നയത്തില്‍ പോലും അവ്യക്തത നിലനില്‍ക്കുമ്പോള്‍ ഇവിടെയും അത് ആവര്‍ത്തിക്കുന്നു എന്നുമാത്രം. സിപിഎം കേരളാ പാര്‍ട്ടിയല്ലെന്ന് യെച്ചൂരിക്ക് വിലപിക്കേണ്ടി വരുമ്പോള്‍ അഖിലേന്ത്യാപാര്‍ട്ടിയെ നയിക്കുന്നത് കേരള ഘടകവും പിബി അംഗവുമായ പിണറായി വിജയനാണെന്ന പരിതാകരമായ അവസ്ഥയും തുറന്നുകാട്ടപ്പെടുന്നു.  ദേശീയ പ്രസിഡന്റിനെ സംസ്ഥാന പ്രസിഡന്റ് നിശ്ചയിക്കുന്ന മുസ്ലിം ലീഗിന്റെ നിലവാരത്തിലേക്ക് സിപിഎമ്മും മാറിയിട്ട് കുറേക്കാലമായി. 
  സവിശേഷ സാഹചര്യങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുപ്പ് വേളകളില്‍ പാര്‍ട്ടി സ്വീകരിക്കുന്ന അടവുനയങ്ങള്‍ അറിയണമെങ്കില്‍ പാര്‍ട്ടി പരിപാടിയും ചരിത്രവും വായിക്കണമെന്ന് കേരളത്തിലെ സഖാക്കളെ യെച്ചൂരി ഓര്‍മ്മിപ്പിക്കുമ്പോള്‍ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ലെന്നും, ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കേരളഘടകത്തിന്റെ നിലപാട് വിചാരണ ചെയ്യപ്പെടുമെന്നുമാണ് മുന്നറിയിപ്പ്. ചരിത്രപരമായ മണ്ടത്തരങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന് സാരം. പാര്‍ട്ടി പരിപാടിയും രാഷ്ട്രീയ അടവ് നയവും എന്തെന്നറിയാത്തവരാണ്  കേരള സഖാക്കളെന്ന യെച്ചൂരിയുടെ പരിഹാസത്തില്‍ വിഭാഗീയത ഇനി സംസ്ഥാനത്തില്ല, കേന്ദ്രതലത്തിലാണെന്ന  വസ്തുതയും വെളിവാക്കുന്നു.
വിഭാഗീയത തുടച്ചുനീക്കിയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവകാശപ്പെടുമ്പോഴും അദ്ദേഹത്തിന് തുണയായതും മറ്റൊന്നല്ല. പാര്‍ട്ടിയേയും സര്‍ക്കാരിനെയും കോടിയേരിയുടെ കുടുംബം പ്രതിസന്ധിയിലാക്കിയെങ്കിലും കോടിയേരിയെ സെക്രട്ടറി സ്ഥാനത്തു തുടരാന്‍ അനുവദിച്ചത് പിണറായി വിജയന്റെ ഔദാര്യവും, ഉയര്‍ത്തികാട്ടാന്‍ മറ്റൊരു മുഖം ഇല്ലായെന്നതുമാണ്. ജയരാജന്മാര്‍, എം.വി. ഗോവിന്ദന്‍, എ.കെ. ബാലന്‍ തുടങ്ങിയവരുടെ പേരുകള്‍ പലഘട്ടങ്ങളിലായി ഉയര്‍ന്നെങ്കിലും മാറി ചിന്തിക്കാനുള്ള ശേഷി ഇന്ന് പാര്‍ട്ടിക്കില്ല. 
പുതിയ അധികാര കേന്ദ്രം ഉണ്ടാകുന്നതിനെ പിണറായി ഇഷ്ടപ്പെടുന്നില്ലായെന്നത് ഫലത്തില്‍ കോടിയേരിക്ക് തുണയായി. നിരവധി ആരോപണങ്ങളില്‍പ്പട്ട് ഉഴലുന്ന കോടിയേരി തനിക്ക് എന്നും വിധേയനായി നിലകൊള്ളുമെന്നാണ് പിണറായിയുടെ പ്രതീക്ഷ. മാത്രമല്ല, പുതിയ സെക്രട്ടറിയെക്കുറിച്ചുള്ള ആലോചന പോലും പുതിയ വിഭാഗീയതയിലേക്ക് പാര്‍ട്ടിയെ നയിക്കുമെന്നുള്ള ഭയവും തുണയായി. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ ആരോപണങ്ങള്‍ പലതുണ്ടായിട്ടും സംസ്ഥാന സെക്രട്ടറി പദവിയിലെ രണ്ടാം ഊഴത്തിന് കോടിയേരി ബാലകൃഷ്ണനെ സഹായിച്ചത് മറ്റൊന്നുമല്ല. 
  കോടിയേരി പാര്‍ട്ടിയെ സര്‍ക്കാരിന്റെ ബി ടീമാക്കി മറ്റിയെന്ന വിമര്‍ശനം നേരിയ തോതിലെങ്കിലും ഉയരുന്നുമുണ്ട്. മക്കളുള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് ഒരുഘട്ടത്തിലും കോടിയേരിക്കെതിരായ ആയുധമാകാതിരിക്കാനുള്ള ജാഗ്രത സമ്മേളനത്തില്‍ തുടക്കംമുതലേ ഉണ്ടായിരുന്നു. ചര്‍ച്ചകള്‍ക്കുള്ള സാദ്ധ്യത ഒഴിവാക്കിയാണ് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന സെക്രട്ടേറിയേറ്റ്, സംസ്ഥാന സമിതിയോഗങ്ങള്‍ പോലും നടന്നത്.
രണ്ടുപതിറ്റാണ്ടിലേറെ നീണ്ടുനിന്ന വിഎസ് - പിണറായി വിഭാഗീയതയുടെ ഏറ്റവും വലിയ ഗുണഭോക്താവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. വിഎസ് പാര്‍ട്ടിയില്‍ നിഷ്പ്രഭമാവുകയും, അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ വെട്ടിനിരത്തപ്പെടുകയും ചെയ്തതോടെ തത്കാലത്തേക്കെങ്കിലും പാര്‍ട്ടി പൂര്‍ണമായും പിണറായിയുടെ ചൊല്‍പടിയിലായിക്കഴിഞ്ഞു. 
  വിഭാഗീയത വളര്‍ത്തുന്ന കേന്ദ്രം ഇപ്പോഴില്ലെന്ന കോടിയേരിയുടെ പ്രസ്താവന വിഎസിനെ ഉദ്ദേശിച്ചു തന്നെയായിരുന്നു. ആലപ്പുഴ സമ്മേളനത്തോടെ സംസ്ഥാന തല വിഭാഗീയതയും തൃശൂര്‍ സമ്മേളനത്തോടെ താഴേത്തട്ടിലെ വിഭാഗീയതയും പൂര്‍ണമായും ഇല്ലാതാക്കിയെന്നാണ് കോടിയേരിയുടെ അവകാശവാദം. അതായത് വിഎസ്സിന്റെയും വിഎസ് പക്ഷത്തിന്റെയും കഥ കഴിച്ചുവെന്നു സാരം. എന്നാല്‍ കണ്ണൂരിലടക്കം പുതിയ വിഭാഗീയത പൊട്ടിപ്പുറപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. 
  ഇടക്കാലത്തുയര്‍ന്ന ബേബി- തോമസ് ഐസക് അച്ചുതണ്ടും ഇപ്പോള്‍ അശക്തമാണ്. സമ്മേളനങ്ങളിലൊന്നും തന്നെ ഇവര്‍ക്ക് യാതൊരു റോളും ഉണ്ടായിരുന്നില്ല. തോമസ് ഐസക്കും പിണറായിയുമായി നല്ലബന്ധത്തിലല്ലെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ഇ.പി. ജയരാജന്‍ കൂടുതല്‍ കരുത്തോടെ മന്ത്രിസഭയിലേക്ക് തിരികെയെത്തുന്നതോടെ പാര്‍ട്ടിയിലെ സമവാക്യങ്ങള്‍ വീണ്ടും മാറിമറിയാനാണ് സാദ്ധ്യത. അസംതൃപ്തരായ വിഎസ് അനൂകൂലികളും ഐസക് -ബേബി പക്ഷവും കോടിയേരിക്കു പിന്നില്‍ അണിചേര്‍ന്നേക്കും. 
  മറ്റൊരു രസകരമായ കാര്യം മേല്‍പ്പറഞ്ഞ നേതാക്കളെല്ലാംതന്നെ സിഐടിയു പക്ഷത്തെയും നായനാര്‍ - ഇഎംഎസ് പക്ഷത്തെയും നിലംപരിശാക്കാന്‍ ഒരുകാലത്ത് വിഎസ് ഉയര്‍ത്തിക്കൊണ്ടുവന്ന നേതാക്കളാണ് എന്നതാണ് എം.വി. രാഘവനെയും നായനാരെയും ഒതുക്കാന്‍ പിണറായിയേയും, കോടിയേരിയേയും സമര്‍ത്ഥമായി ഉപയോഗിച്ച വിഎസ്, ഇന്ന് പാര്‍ട്ടിയിലെ തന്റെ നിലനില്‍പിനായി ഇവരുടെ ഔദാര്യം നേടേണ്ട ഗതികേടിലാണ്. 
  വ്യക്തി കേന്ദ്രീകൃതമായ വിഭാഗീയതയ്ക്കും ആള്‍ക്കൂട്ടത്തിനുമപ്പുറം മുന്നോട്ടുവയ്ക്കാന്‍ നിലപാടുകള്‍ ഒന്നും  ഇല്ലാതെയാണ് സിപിഎമ്മിന്റെ ഒരു സംസ്ഥാന സമ്മേളനംകൂടി കഴിഞ്ഞത്. ഈ പാര്‍ട്ടി ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നുപോലും നിശ്ചയമില്ല. പ്രത്യയശാസ്ത്രം തകര്‍ന്ന പ്രസ്ഥാനം നിലനില്‍പ്പിനായി എന്തും ചെയ്യും. ജാഗ്രത പാലിക്കേണ്ടത് പൊതുസമൂഹമാണ്.

സ്വാമിയ്ക്ക് പ്രണാമം

നമസ്തെ
ആത്മീയതയുടെ വിഹായസ്സില്‍ വിഹരിക്കുമ്പോഴും സാമൂഹ്യമാറ്റത്തിനുവേണ്ടി നിലകൊണ്ട സംന്യാസിവര്യനായിരുന്നു കാഞ്ചി കാമകോടി പീഠം മഠാധിപതി സ്വാമി ജയേന്ദ്ര സരസ്വതികള്‍. ഗുരുവും മഠാധിപതിയുമായിരുന്ന ചന്ദ്രശേഖരേന്ദ്ര സരസ്വതിയില്‍നിന്ന് ദീക്ഷ സ്വീകരിക്കുകയും, പരമാചാര്യന്‍ തന്റെ പിന്‍ഗാമിയായി വാഴിക്കുകയുംചെയ്ത ജയേന്ദ്ര സരസ്വതിയും ഗുരുവിന്റെ കാല്‍പ്പാടുകളാണ് പിന്തുടര്‍ന്നത്. രാജ്യമെമ്പാടും നിരന്തരം യാത്ര ചെയ്ത സ്വാമികളെ കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. അവരുടെ ആവലാതികള്‍ കേട്ടു, പരിഹാരം നിര്‍ദ്ദേശിച്ചു. അവയൊക്കെ നടപ്പില്‍വരുത്താന്‍ സഹായങ്ങള്‍ ചെയ്തു. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നീ മേഖലകളിലൊക്കെ കനത്ത സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞ ആചാര്യനായിരുന്നു സ്വാമികള്‍. ക്ഷേത്ര പുനരുദ്ധാരണങ്ങളിലും ശ്രദ്ധപുലര്‍ത്തി.
ജയേന്ദ്ര സരസ്വതിയുടെ അശ്രാന്ത പരിശ്രമ ഫലമായാണ് കാഞ്ചി കാമകോടി പീഠം രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധി സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയത്. ഇതുവഴി സാമൂഹ്യ നവോത്ഥാനത്തിന്റെ കേന്ദ്രമായി മഠം മാറുകയുണ്ടായി. ആദിശങ്കരനുശേഷം മാനസസരോവര്‍ സന്ദര്‍ശിച്ച ഒരേയൊരു ശങ്കരാചാര്യരായിരുന്നു ജയേന്ദ്ര സരസ്വതി. അവിടെ ആദിശങ്കരിന്റെ വിഗ്രഹവും സ്ഥാപിച്ചു. 'ലോകത്തെ ഒരേയൊരു ഹിന്ദുരാജ്യത്തേക്ക് സ്വാഗതം' എന്നുപറഞ്ഞാണ് ജയേന്ദ്രസരസ്വതിയെ നേപ്പാള്‍ സ്വീകരിച്ചത്. നേപ്പാളിന്റെയും ചൈനയുടെയും ആദരവ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞ സംന്യാസിയാണ് ജയേന്ദ്ര സരസ്വതി സ്വാമികള്‍.  ബംഗ്ലാദേശ് സന്ദര്‍ശിച്ച സ്വാമിജിയോടുള്ള ആദരസൂചകമായി ദക്ഷിണേശ്വരി ക്ഷേത്ര കവാടത്തിന് 'ശങ്കരാചാര്യ കവാടം' എന്ന് പേരുനല്‍കുകപോലുമുണ്ടായി. കേരളത്തോടും പ്രത്യേകിച്ച്, ആദിശങ്കരന്റെ ജന്മനാടായ കാലടിയോടും സ്വാമിജിക്ക് ആത്മബന്ധമുണ്ടായിരുന്നു. കാലടിയിലെ ശ്രീശങ്കര സ്തൂപം ഭാരതീയ സംസ്‌കാരത്തോടും ആചാര്യപരമ്പരയോടുമുള്ള സ്വാമികളുടെ പ്രതിബദ്ധതയ്ക്ക് തെളിവാണ്.
വിദ്യാഭ്യാസരംഗത്തെ സ്വാമികളുടെ നിസ്തുലമായ ദൗത്യത്തിന്റെ സാക്ഷാല്‍കാരമായി നിരവധി സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നു. കല്‍പ്പിത സര്‍വകലാശാലയായ ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയം ഈ ദിശയിലുള്ള പ്രവര്‍ത്തനത്തിന്റെ വിശ്വരൂപമാണ്. അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി അക്ഷീണം പ്രയത്‌നിച്ച  മഹാത്മാവായിരുന്നു സ്വാമിജി. ''എനിക്ക് നിങ്ങള്‍ ദളിതരായ കുട്ടികളെ തരൂ, ഞാന്‍ അവരെ ശങ്കരാചാര്യന്മാരാക്കാം'' എന്ന സ്വാമികളുടെ പ്രഖ്യാപനം സാമൂഹ്യ വിപ്ലവത്തിന്റെ വിളംബരമായിരുന്നു. ഇക്കാര്യത്തില്‍ സ്വപക്ഷത്തുള്ളവരുടെ പോലും എതിര്‍പ്പുകളെ മറികടന്ന് ധീരമായി മുന്നോട്ടുപോകാന്‍ അദ്ദേഹം മടിച്ചില്ല. പ്രതിസന്ധികള്‍ക്കുമുന്നില്‍ മൃദുമന്ദഹാസം പൊഴിച്ച് മുന്നേറിയ സ്വാമികള്‍ ധീരതയുടെ ആത്മീയ രൂപമായിരുന്നു.
ഹിന്ദുത്വ-ദേശീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പം എക്കാലവും നിലകൊണ്ട സ്വാമികള്‍, അനീതികള്‍ വച്ചുപൊറുപ്പിക്കരുതെന്ന പക്ഷക്കാരനായിരുന്നു. സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വല്‍ക്കറിലൂടെ ആര്‍എസ്എസുമായി അടുത്ത സ്വാമികള്‍, നിര്‍ണായക  സന്ദര്‍ഭങ്ങളില്‍ ഹിന്ദുസമൂഹത്തിന് പകര്‍ന്നുനല്‍കിയ ആത്മവിശ്വാസം അപാരമായിരുന്നു. തമിഴ്‌നാട്ടിലെ മണ്ടയ്ക്കാട്ട് സംഘടിത മതശക്തികള്‍ വംശീയകലാപം അഴിച്ചുവിട്ടപ്പോഴും, ആസൂത്രിതമായ മതംമാറ്റത്തിലൂടെ കന്യാകുമാരിയെ 'കന്യകാമേരി'യാക്കാന്‍ ശ്രമിച്ചപ്പോഴുമൊക്കെ അവിടങ്ങളിലേക്ക് പാഞ്ഞെത്തി അരക്ഷിതരായ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ സ്വാമികള്‍ക്കു കഴിഞ്ഞു.
രാമജന്മഭൂമിയിലെ തര്‍ക്ക പരിഹാരത്തിന് അദ്ദേഹം നടത്തിയ സമവായ ശ്രമങ്ങള്‍ വിജയത്തിലെത്തുമെന്ന് ഭയന്ന സ്ഥാപിത ശക്തികള്‍, അത് സമര്‍ത്ഥമായി അട്ടിമറിക്കുകയായിരുന്നു. ആ ദൗത്യം വിജയിക്കാതിരിക്കാന്‍ സ്വാമികളെ കൊലപാതകക്കേസില്‍ കുടുക്കുകവരെ ചെയ്തു. എന്നാല്‍ ഈ പീഡനങ്ങളെയൊക്കെ സഹജമായ ആത്മബലംകൊണ്ട് നേരിട്ടു. ഒടുവില്‍ പരമോന്നത നീതിപീഠംതന്നെ അദ്ദേഹം നിരപരാധിയാണെന്ന് പ്രഖ്യാപിച്ചു. സ്വാമി വിവേകാനന്ദനുശേഷം കാതലായ സാമൂഹ്യമാറ്റത്തിനുവേണ്ടി നിലകൊണ്ട കര്‍മനിരതനും അവതാരവരിഷ്ഠനുമായ ആചാര്യന്റെ പാദാരവിന്ദങ്ങളില്‍ ഞങ്ങളുടെ ബാഷ്പാഞ്ജലി.

ചാത്തന്നൂര്‍ വയലില്‍ ഭഗവതി ക്ഷേത്ര ഗ്രൗണ്ടില്‍ നിന്നുള്ള മനോഹര ദൃശ്യം