Wednesday, 29 April 2015

അനധികൃതമദ്യകച്ചവടം വ്യാപകമാവുന്നു

ചാത്തന്നൂര്‍: ബാറുകള്‍പൂട്ടിയതോടെ ചാത്തന്നൂര്‍, കല്ലുവാതുക്കല്‍ ചിറക്കര പ്രദേശങ്ങളില്‍ അനധികൃത മദ്യകച്ചവടം പൊടിപൊടിക്കുന്നു. പാരിപ്പള്ളി ചാത്തന്നൂര്‍ പരവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ബിവറേജെസ് ഔട്ട്‌ലെറ്റില്‍ നിന്നും ക്യു നിന്നും അല്ലാതെയും വന്‍തോതില്‍ കൊണ്ട് വരുന്ന മദ്യമാണ് അനധികൃതമായി കച്ചവടം നടത്തുന്നത് ഈ കച്ചവടത്തിലേയ്ക്ക് പുതിയ ആളുകള്‍ കൂട്ടത്തോടെ എത്തുകയാണ്. അനധികൃത മദ്യ കച്ചവടത്തിന് അനുകൂലമായ സാഹചര്യമാണ് ഈ പ്രദേശങ്ങളില്‍ ഉള്ളതെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ അവധി ദിവസങ്ങളില്‍ ലക്ഷങ്ങളുടെ അനധികൃത മദ്യകച്ചവടമാണ് ചില പ്രദേശങ്ങളില്‍ നടന്നത് എന്ന് പറയപ്പെടുന്നു. ശക്തമായ പോലീസ് എക്‌സൈസ് പരിശോധന ഇല്ലാത്തതാണ് പ്രധാന കാരണമായി നാട്ടുകാര്‍ പറയുന്നത്. ഇതിനൊപ്പം മദ്യം വന്‍തോതില്‍ കച്ചവടക്കാര്‍ക്ക് ലഭിക്കുന്നതായാണ് വിവരം. ഇത്തരത്തില്‍ മദ്യം ലഭിക്കുന്നതിനായി ചില ബിവറേജ് ജീവനക്കാരുമായി അനധികൃത മദ്യക്കച്ചവടക്കാര്‍ രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ട്. സ്ഥിരം മദ്യപരുടെ ചില ഇഷ്ട ബ്രാന്റുകള്‍ ബിവറേജില്‍ നിന്ന് നാളുകളായി ലഭിക്കുന്നില്ലെന്നും വലിയ ഡിമാന്റില്ലാത്ത മദ്യം ഉപഭോക്താക്കളുടെമേല്‍ ജീവനക്കാര്‍ അടിച്ചേല്‍പ്പിക്കുകയാണന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇങ്ങനെ പിടിച്ച് വെയ്ക്കുന്ന ഇഷ്ടമദ്യം അനധികൃത മദ്യകച്ചവടക്കാര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഓട്ടോറിക്ഷയിലും, ബൈക്കുകളിലും മദ്യവില്പന നടത്തുന്ന സംഘങ്ങള്‍ ചിറക്കരയില്‍ നിരവധിയുണ്ട്. ചില വീടുകളും, പെട്ടിക്കടകളും കേന്ദ്രീകരിച്ചും അനധികൃത മദ്യകച്ചവടം നടക്കുന്നുണ്ട്.
ജന്മഭൂമി: http://www.janmabhumidaily.com/news283664

Tuesday, 28 April 2015

പരവൂര്‍-ചാത്തന്നൂര്‍ റോഡ് നിര്‍മ്മാണത്തില്‍ അഴിമതി

ചാത്തന്നൂര്‍: കോടികള്‍ ചിലവാക്കി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയ പരവൂര്‍-ചാത്തന്നൂര്‍ റോഡ് നിര്‍മ്മാണത്തില്‍ അഴിമതി നടന്നതായി രേഖകള്‍ വ്യക്തമാക്കുന്നു .കോടികള്‍ ചിലവാക്കിയാണ് പരവൂര്‍-ചാത്തന്നൂര്‍ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയത്. നിര്‍മ്മാണം തുടങ്ങിയടുത്ത് തന്നെ നില്‍ക്കുന്നു. വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന ചാത്തന്നൂര്‍-പരവൂര്‍ റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയായത് ഒരു കിലോമീറ്റര്‍ മാത്രം. പൂര്‍ത്തിയായ പരവൂര്‍ മേല്‍പാലം മുതല്‍ ദയാബ്ജി വരെയുള്ള ഭാഗം ഏകദേശം പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു. കരാര്‍വ്യവസ്ഥ അനുസരിച്ച് ഏഴരമീറ്റര്‍ വീതിയില്‍ ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മാണം നടത്താനാണ് പദ്ധതി തയാറാക്കിയത്. കരാര്‍ ലംഘനമാണ് റോഡ് നിര്‍മ്മാണത്തില്‍ നടന്നത്. ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുക, കാല്‍നടയാത്രക്ക് റോഡ് സൈഡില്‍ നടപാതകള്‍ നിര്‍മ്മിക്കുക, വെള്ളമൊഴുകി പോകുന്നതിന് ഓടകള്‍ നിര്‍മ്മിക്കുക, വര്‍ഷങ്ങള്‍ പഴക്കംചെന്ന അപകടാവസ്ഥയിലായ കലങ്ങുകള്‍ പുനര്‍നിര്‍മ്മാണം നടത്തുക, ബസ്‌ബേ നിര്‍മ്മാണം നടത്തുക എന്നിങ്ങനെ ഓരോ കാര്യങ്ങള്‍ക്കും പ്രത്യേകം തുകകള്‍ വകയിരുത്തിയാണ് കരാര്‍വ്യവസ്ഥകള്‍ എന്നിരിക്കെ എല്ലാ കാരാര്‍ വ്യവസ്ഥകളും കാറ്റില്‍പറത്തിയാണ് നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയിരിക്കുന്നത്. യാതൊരുവിധ സന്ദര്‍ശനവും നടത്താതെ കാര്യാലയങ്ങളില്‍ ഇരുന്നു തയാറാക്കിയ കരാര്‍ വ്യവസ്ഥകളുമായി എത്തിയ ഉദ്യോഗസ്ഥര്‍ റോഡിന്റെ നിര്‍മാണം എങ്ങനെ നടത്തണമെന്നതിനെ സംബന്ധിച്ച് വിശദമായ രൂപരേഖ മുന്‍കൂട്ടി തയാറാക്കാത്തതിനാല്‍ തുടക്കത്തില്‍തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തകിടംമറിഞ്ഞു. എസ്റ്റിമേറ്റ് അംഗീകരിച്ച് പണി കരാറായതിനുശേഷമാണ് റോഡിന്റെ ചില ഭാഗങ്ങളില്‍ ഉയരക്കൂടുതല്‍ വേണമെന്നുള്ള കാര്യം പൊതുമരാമത്ത് വകുപ്പുകാര്‍ക്ക് ബോധ്യമാകുന്നത്. മഴക്കാലത്ത് വലിയ രീതിയില്‍ വെള്ളക്കെട്ടുണ്ടാകുന്ന നെടുങ്ങോലം വടക്കേമുക്കില്‍ ഉയരം കൂട്ടാനും പരവൂര്‍ ദയാബ്ജി ജങ്ഷന് സമീപം ചപ്പാത്തുള്ള ഭാഗത്ത് ഉയരം കൂട്ടി ഓട നിര്‍മിക്കാനും പിന്നീടാണ് തീരുമാനിച്ചത്. ഇതിനുവേണ്ടി ഒരു കോടി വകമാറ്റി. ഇത്രയും പണം ചെലവഴിച്ച് നിര്‍മ്മാണം നടത്തിയിട്ടും രണ്ടിടത്തും വെള്ളക്കെട്ടിന് ശമനമുണ്ടായിട്ടില്ല. രണ്ടിടത്തും വെള്ളം ഒലിച്ചുപോകാന്‍ സംവിധാനമില്ലാത്തതാണ് കാരണം. ഓട നിര്‍മ്മിച്ചെങ്കിലും വെള്ളം ഓടയിലേക്ക് ഒലിച്ചിറങ്ങുന്നില്ല. ഇത് കൂടാതെ പിന്നിട് മാറിയ സാഹചര്യത്തില്‍ എസ്റ്റിമേറ്റ് പുതുക്കിനിശ്ചയിക്കേണ്ട സാഹചര്യമുണ്ടായി. ഇതിന്റെ പേരില്‍ മാസങ്ങളോളം നിര്‍മാണം മുടങ്ങി. പിന്നീട് നിലവിലുള്ള തുക ഉപയോഗിച്ച് ചെയ്യാവുന്നത്ര പണി നടത്താന്‍ ധാരണയായി. ഏഴു കിലോമീറ്റര്‍ മൂന്നു ഭാഗങ്ങളാക്കി. പ്രതേക കരാര്‍ വ്യവസ്ഥകളും രണ്ടു കരാറുകാര്‍ക്ക് വീതിച്ചു നല്‍കി. പരവൂര്‍ ജങ്ഷന്‍ മുതല്‍ ദയാബ്ജി ജങ്ഷന് സമീപം വരെ ഒരു കിലോമീറ്റര്‍ ഭാഗം ഒരു കരാറുകാരനും, അവിടം മുതല്‍ മീനാട് ധര്‍മശാസ്താ ക്ഷേത്രം വരെ നാല് കിലോമീറ്റര്‍ ഭാഗം മറ്റൊരു കരാറുകാരനും നല്‍കി. ശേഷിക്കുന്ന തിരുമുക്കുവരെയുള്ള ഭാഗത്തിന് പണം തികയാത്തതിനാല്‍ പുതിയ എസ്റ്റിമേറ്റ് വരുന്ന മുറക്ക് ചെയ്യുന്നതിനായി മാറ്റിവെച്ചു. ഇതില്‍ പരവൂര്‍ ജങ്ഷന്‍ മുതലുള്ള ഒരു കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തീകരിച്ചത്. മീനാട് ക്ഷേത്രം വരെയുള്ള ഭാഗത്ത് നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ നടത്തിയ അഴിമതി ചോദ്യം ചെയ്തുകൊണ്ട് നാട്ടുകാര്‍ നിരവധിതവണ നിര്‍മ്മാണപ്രവര്‍ത്തനം തടയുകയും ചെയ്തു. ക്വാറിവേസ്റ്റ് ഉപയോഗിച്ചാണ് നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയത്. ഇതിനിടെ ചിറക്കരയിലെ ടാര്‍ മിക്‌സിങ് പ്ലാന്റിനെതിരെയുണ്ടായ ജനകീയ ഇടപെടലിന്റെ പേരില്‍ പലതവണ നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു. ഇടത്-വലത് രാഷ്ട്രീയക്കാരുടെ ഒത്താശയോടെ നിര്‍മ്മാണപ്രവര്‍ത്തനം നടത്തുകയും, ആദ്യ ലയര്‍ ടാറിങ് നടത്തുകയും, ദിവസങ്ങള്‍ക്കകം തന്നെ റോഡ് തകരുകയും റോഡിന്റെ ഇരുസൈഡുകളും ഇടിഞ്ഞു താഴുകയും ഇപ്പോള്‍ റോഡ് തകര്‍ന്നു തുടങ്ങുകയും ചെയ്തിരിക്കുന്നു. ജോലികള്‍ ചെയ്ത വകയില്‍ കരാറുകാര്‍ക്ക് ലഭിക്കാനുള്ള പണം നല്‍കാന്‍ പൊതുമരാമത്ത് വകുപ്പ് തയാറാകാത്തതാണ് പണി പലപ്പോഴും അനിശ്ചിതമായി നീണ്ടുപോകാന്‍ കാരണമെന്നാണ് വിവരം. ഇപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്നു കിടക്കുന്ന മീനാട് ക്ഷേത്രം മുതല്‍ തിരുമുക്ക് വരെയുള്ള റോഡിന്റെ കുഴിയടപ്പ് എന്ന പേരില്‍ ലക്ഷങ്ങളാണ് വര്‍ഷംതോറും ചിലഴിക്കുന്നത്. റോഡ് നിര്‍മ്മാണത്തില്‍ അഴിമതി നടത്തുകയും കരാറുകാരനും ഉദ്യോഗസ്ഥന്മാര്‍ക്കും ഒത്താശ ചെയ്തു കൊടുത്ത് ഫഌക്‌സ് ബോര്‍ഡ് വച്ച് ജനങ്ങളെ പറ്റിക്കുന്ന എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ക്കും ഇടത്-വലത് രാഷ്ട്രീയക്കാര്‍ക്കുമെതിരെ ജനവികാരം ശക്തമാണ്.
ജന്മഭൂമി: http://www.janmabhumidaily.com/news281627

കുടിശിഖ നല്‍കുന്നില്ല വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ മുടങ്ങുന്നു

ചാത്തന്നൂര്‍: ജോലിയുടെ ബില്ല് മാറിക്കിട്ടാത്തിനാല്‍ വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ മടിക്കുന്നു. ഇതോടെ ചാത്തന്നൂര്‍ അസംബ്ലി നിയോജകമണ്ഡലത്തിലെ പല പഞ്ചായത്തുകളിലും നല്ലൊരു ശതമാനം വഴിവിളക്കുകളും കണ്ണടച്ചു. സ്വന്തം കയില്‍ നിന്ന് പണം മുടക്കി അറ്റകുറ്റപ്പണി നടത്തിയ കരാറുകാര്‍ക്ക് കീശ ചോര്‍ന്നതോടെ വഴിവിളക്ക് എന്ന് കേള്‍ക്കുമ്പോള്‍ ഷോക്കേറ്റ പോലെയാണ്. വിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തിയതിന്റെ ബില്ല് നല്‍കിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും തുക അനുവദിക്കാത്തതാണ് ഇവരെ ദുരിതത്തിലാക്കിയിരിക്കുന്നത്. തങ്ങളുടെ കീഴില്‍ തൊഴിലാളികളെ നിര്‍ത്തിയാണ് കരാറുകാര്‍ ജോലി ചെയ്യിക്കുന്നത്. ഈ തൊഴിലാളികള്‍ക്ക് പോക്കറ്റില്‍ നിന്ന് കൃത്യമായി കൂലി കൊടുക്കുകയും ചെയ്തു. പതിനായിരക്കണക്കിന് രൂപയാണ് ഓരോ കരാറുകാരനും ഇങ്ങനെ നല്‍കിയിരിക്കുന്നത്. കടം വാങ്ങി നല്‍കിയവരുമുണ്ട്. തെരുവുവിളക്കുകള്‍ മാസങ്ങളായി തെളിയാതായതോടെ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തുന്നുണ്ട്. ഇതോടെ പഞ്ചായത്തംഗങ്ങള്‍ വെട്ടിലായി. പുതിയതായി ആരും കരാറെടുക്കാന്‍ മുന്നോട്ടു വരുന്നുമില്ല. പല പഞ്ചായത്തുകളിലും പഴയകരാറുകാരെ തന്നെ ഈ സാമ്പത്തിക വര്‍ഷത്തെ അറ്റകുറ്റപ്പണിക്കുള്ള ചുമതല നിര്‍ബന്ധപൂര്‍വം ഏല്‍പ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. കരാറുകാര്‍ക്ക് ബില്ല് മാറി നല്‍കേണ്ടത് ഗ്രാമപഞ്ചായത്തുകള്‍ തന്നെയാണ്. എന്നാല്‍ ഫണ്ടിന്റെ അപര്യാപ്തത മൂലം ഇതിന് കഴിയാതെ വരുന്നു. വരുമാനക്കുറവുള്ള പഞ്ചായത്തുകളാണ് ഇക്കാര്യത്തില്‍ ഏറെ കുഴങ്ങുന്നത്. തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള സാമഗ്രികള്‍ പഞ്ചായത്ത് നല്‍കുകയും കരാറുകാരന്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയുമാണ് ചെയ്യുന്നത്. തെരുവുവിളക്കുകള്‍ സ്ഥാപിക്കലും അറ്റകുറ്റപ്പണികളും പൂര്‍ത്തിയായി കഴിഞ്ഞാല്‍ ബില്ല് പഞ്ചായത്തിന് നല്കിയാല്‍ ഒന്നുരണ്ടു മാസങ്ങള്‍ക്കുള്ളില്‍ പാസാക്കി നല്‍കാമെങ്കിലും സാമ്പത്തികവര്‍ഷം അവസാനിക്കുന്നതു വരെ ഈ ബില്ലുകള്‍ പാസാക്കി നല്കാന്‍ അധികൃതര്‍ തയാറാകാറാകുന്നില്ലെന്ന് കരാറുകാര്‍ പറയുന്നു. എല്ലാ വാര്‍ഡിലും ഒരു ഘട്ടം അറ്റകുറ്റപ്പണി പൂര്‍ത്തിയായി കഴിയുമ്പോള്‍ ബില്ല് കൊടുക്കുകയാണ് സാധാരണ ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തിക്കഴിഞ്ഞാല്‍ പിന്നീടുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാന്‍ മാസങ്ങള്‍ വൈകിയാണ് കരാറുകാര്‍ എത്തുന്നതെന്നും ആക്ഷേപമുണ്ട്. മുന്‍കാലങ്ങളില്‍ വൈദ്യുതിവകുപ്പാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കു കീഴിലെ തെരുവുവിളക്കു സ്ഥാപിക്കലും അറ്റകുറ്റപ്പണികളും നടത്തിവന്നിരുന്നത്. ഇതിനു വേണ്ടിവരുന്ന തുക പഞ്ചായത്ത് വൈദ്യുതിവകുപ്പില്‍ അടയ്ക്കുകയും ചെയ്തിരുന്നു. രണ്ടര വര്‍ഷം മുമ്പാണ് ഈ സംവിധാനത്തിനു പകരം പഞ്ചായത്ത് സ്വന്തമായി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള നടപടി സ്വീകരിച്ചു തുടങ്ങിയത്. ഇതിനു ശേഷമാണ് അറ്റകുറ്റപ്പണികളുടെ ചുമതല പഞ്ചായത്തുകള്‍ കരാറുകാര്‍ക്ക് നല്‍കിത്തുടങ്ങിയത്. തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തതിനെതിരെ പല പഞ്ചായത്തുകളിലും അംഗങ്ങള്‍ നിരവധി പ്രതിഷേധ പരിപാടികള്‍ ഇതിനകം നടത്തിക്കഴിഞ്ഞു. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള തുക കൃത്യസമയത്ത് നല്‍കാന്‍ അധികൃതര്‍ തയ്യാറായാല്‍ തെരുവു വിളക്കുകള്‍ തെളിയുന്നില്ലെന്ന പരാതി ഒരുപരിധി വരെ പരിഹരിക്കാന്‍ കഴിയുമെന്നാണ് കരാറുകാരുടെ വാദം. ഇതോടെ തെരുവുവിളക്കുകളുടെ അറ്റകുറ്റപണി നടത്താനും പുതിയ ലൈറ്റുകള്‍ ആളില്ലാതെ നാടെങ്ങും ഇരുട്ടിലാണ്
ജന്മഭൂമി: http://www.janmabhumidaily.com/news283662

ആകാശത്തില്‍ മഴ കണ്ടാല്‍ കറന്റുപോകും; ഇടിവെട്ടിയാല്‍ ടെലിഫോണും നിശ്ചലം

ചാത്തന്നൂര്‍: അകാശത്തു മഴ കണ്ടാല്‍ വൈദ്യുതി നിലയ്ക്കും. ഇടിവെട്ടിയാല്‍ ടെലിഫോണുകള്‍ നിശ്ചലമാകും. ചാത്തന്നൂരിലെ അവസ്ഥ ഇതാണ് ചുട്ടുപൊള്ളുന്ന വേനലില്‍ പൊറുതി മുട്ടിയിരിക്കുന്ന നാടിന് ആശ്വാസമായി വന്ന വേനല്‍മഴ ഇപ്പോള്‍ കൂനിന്‍മേല്‍ കുരുപോലെയായി. മഴ തുടങ്ങിയതോടെ ചാത്തന്നൂരിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി നിലയ്ക്കുന്നു. കൃത്യസമയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്ത വൈദ്യുതിലൈനുകളും മഴക്കാലമാകുന്നതോടെ പൊട്ടിവീഴുകയും പഴകി തുരുമ്പിച്ച വൈദ്യുതി പോസ്റ്റുകളിലെ ഫ്യൂസുകള്‍ വന്‍ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. രാത്രിയില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ എത്തുന്നതാകട്ടെ നേരം വെളുത്ത് പത്ത് മണി കഴിയുമ്പോഴും. കാറ്റുംമഴയും മൂലം ഉണ്ടായ വൈദ്യുതിതടസം പലയിടത്തും ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ണ്ണതോതില്‍ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍  ഉണ്ടായ മഴയിലും കാറ്റിലും രണ്ട് 11 കെവി ലൈനുകളും മുപ്പതിലേറെ എല്‍ടി ലൈനുകളുമാണ് പൊട്ടിവീണത്. ടെലിഫോണിന്റെ കാര്യവും വ്യത്യസ്തമല്ല. രാത്രിയിലുണ്ടാകുന്ന അപകടങ്ങളും മറ്റും വൈദ്യുതി ജീവനക്കാരെയോ പോലീസിനെയോ അറിയിക്കാമെന്നുവച്ചാല്‍ ഫോണ്‍ ശബ്ദിക്കില്ല. എന്നാല്‍ മൊബൈല്‍ ഉപയോഗിക്കാന്‍ നോക്കിയാല്‍ നോ നെറ്റ് വര്‍ക്ക് എന്ന മെസേജാണ് ലഭിക്കുക. പോലീസിലെയോ വൈദ്യുതി ഓഫീസിലെയോ ഉദ്യോഗസ്ഥരെ ഔദ്യോഗിക മൊബൈല്‍നമ്പരില്‍ വിളിച്ചാല്‍ പലപ്പോഴും ബിസിയാണ് എന്ന മറുപടിയാണ് ലഭിക്കുന്നത്. ഏറെനേരം ബിസിയായിരിക്കുന്ന മൊബൈല്‍ നമ്പരില്‍നിന്ന് പിന്നീട് പരാതിക്കാരനെ തിരിച്ച് വിളിച്ച് കാര്യം അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ മിനക്കെടാറുമില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍
ജന്മഭൂമി: http://www.janmabhumidaily.com/news284171

Saturday, 25 April 2015

ആദര്‍ശരാഷ്ട്രീയത്തിന്റെ ആള്‍രൂപമായിരുന്നു കെ.ജി.മാരാര്‍.


എല്ലാ രാഷ്ട്രീയ നേതാക്കളും അനുയായികളും മാതൃക ആക്കേണ്ട ഒരു രാഷ്ട്രീയ നേതാവായിരുന്നു മാരാർജി.പ്രത്യേകിച്ച് ഇന്നത്തെ ആധുനിക രാഷ്ട്രീയ നേതാക്കളും അനുയായികളും .വ്യക്തി ജീവിതത്തിൽ എളിമയും അതേപോലെ വാക്കും പ്രവര്ത്തിയും ഒരുമിപ്പിച്ചു കൊണ്ടായിരുന്നു മാരാര്ജിയുടെ പ്രവര്ത്തനം , മാരാർജി എവിടെയെങ്കിലും പൊതുയോഗത്തിന് പ്രസംഗിക്കാൻ വരുന്നു എന്നറിഞ്ഞാൽ എതിർ രാഷ്ട്രീയക്കാർ പോലും അദ്ദേഹത്തിൻറെ ഭാഷണം കേള്ക്കാൻ തടിച്ചു കൂടുമായിരുന്നു അത്രയും നര്മ്മം കലര്ന്ന രീതിയിലായിരുന്നു കാര്യങ്ങൾ അവതരിപ്പിച്ചിരുന്നത് .മാത്രമല്ല ധാർമ്മികതയും ,സ്നേഹവും അതേപോലെ സമന്വയത്തിന്റെ പാതയുമായിരുന്നു അദ്ദേഹത്തിൻറെ പ്രവര്ത്തന ശൈലിയിൽ ഇത് എതിർ രാഷ്ട്രീയക്കാരിൽ പോലും അദ്ദേഹത്തെ ആദരണീയനാക്കിയിരുന്നു .സംഘടനയുടെ ഇന്നത്തെ വളര്ച്ചയ്ക്ക് മാരാർജിയെ പോലുള്ള പഴയ പ്രവര്ത്തകരുടെ സ്തുതിയർഹമായ പ്രവര്ത്തനം തന്നെയാണ് എന്നതിൽ യാതൊരു സംശയവുമില്ല .ഓരോ പ്രവര്ത്തകരും മുന്നോട്ടു പ്രയാണം ചെയ്യുമ്പോൾ അവരെ പോലുള്ളവർ കൊളുത്തിവെച്ച ആദർശത്തിൽ വെള്ളം ചേര്ക്കാതെ തനതായ ശൈലിയിൽ തന്നെ മുന്നോട്ടു കൊണ്ട് പോവുകയും, പ്രവര്ത്തനം എത്താത്ത മേഖലകളിൽ എത്തിക്കുകയും ഉള്ള സ്ഥലങ്ങളിൽ വ്യാപിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് ഓരോരുത്തരുടെയും കടമ, അത് തന്നെയാണ് മാരാര്ജിയെപോലുള്ള വരുടെ സ്മരണ പുതുക്കുമ്പോൾ എല്ലാവര്ക്കും ചെയ്യാനുള്ളതും ,,,,ചെയ്യേണ്ടതും ,,,,,, ആദര്ശ രാഷ്ട്രീയത്തിന്റെ ഉദാത്ത മാതൃകയായ മാരാര്ജിക്ക് ആത്മ പ്രണാമം ,,,,,,,,,

ആദര്‍ശരാഷ്ട്രീയത്തിന്റെ ആള്‍രൂപമായിരുന്നു കെ.ജി.മാരാര്‍.



സാധാരണക്കാര്‍ക്കിടയില്‍ സാധാരണക്കാരനായി ജീവിക്കുകയും അസാധാരണ വ്യക്തിപ്രഭാവം നേടുകയും ചെയ്യാന്‍ അദ്ദേഹത്തിന്‌ സാധിച്ചു. ഒരു എംഎല്‍എക്കോ മന്ത്രിക്കോ ജനഹൃദയങ്ങളില്‍ ലഭിക്കാത്ത സ്ഥാനം അദ്ദേഹത്തിന്‌ ജനലക്ഷങ്ങളില്‍ ലഭിച്ചു. ഭരണസംവിധാനങ്ങളുടെ ഭാഗമാകാനുള്ള എല്ലാ അര്‍ഹതയും യോഗ്യതയും അദ്ദേഹത്തിനുണ്ടെന്ന്‌ വ്യക്തിപരമായി അറിയാന്‍ ശ്രമിച്ചവരെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്‌. പക്ഷേ അതിനു വേണ്ടി നടന്നു വന്ന വീഥികള്‍ വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.


മാരാര്‍ജിയുടെ പൊതുജീവിതം ആരംഭിക്കുന്നത്‌ ആര്‍എസ്‌എസ്‌ പ്രചാരകനായിട്ടാണ്‌. 1956-ല്‍ പയ്യന്നൂരില്‍ ശാഖാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അദ്ദേഹം അടിത്തറപാകി. മാതൃകാ സ്വയംസേവകനെന്നപോലെ മാതൃകാ അധ്യാപകനുമായിരുന്നു അദ്ദേഹം. പറശ്ശിനിക്കടവ്‌ ഹൈസ്കൂളിലെ മലയാളം അധ്യാപകന്‍. ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനത്തിനായി അധ്യാപക ജോലി ഉപേക്ഷിച്ച്‌ ഇറങ്ങിയത്‌ വലിയൊരു സാഹസം തന്നെയായിരുന്നു.
അധികം താമസിയാതെ പ്രവര്‍ത്തനമേഖല സംസ്ഥാനവ്യാപകമായി. ജനസംഘത്തിന്റെ സംസ്ഥാന കാര്യദര്‍ശിയായും അടിയന്തരാവസ്ഥയ്ക്കു ശേഷം ജനതാ പാര്‍ട്ടിയുടെ സംസ്ഥാന സമിതി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഭാരതീയ ജനതാ പാര്‍ട്ടി രൂപവത്കൃതമായ ശേഷം ഔദ്യോഗിക സ്ഥാനത്തിരുന്നപ്പോഴും അല്ലാത്തപ്പോഴും മാരാര്‍ജി അതിന്റെ പര്യായവും വക്താവുമായി അറിയപ്പെട്ടു. സാധാരണപ്രവര്‍ത്തകരുമായി മാത്രമല്ല അവരുടെ കുടുംബാംഗങ്ങളുമായും ഹൃദയംഗമമായ ബന്ധം പുലര്‍ത്തി. അദ്ദേഹം ഒരു വീട്ടില്‍ ചെന്നാല്‍ അതിഥിയായിട്ടല്ല കുടുംബാംഗമായിത്തന്നെയാണ്‌ വീട്ടുകാര്‍ കരുതിവന്നത്‌. രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ നിന്ന്‌ ലഭിച്ച സംസ്കാരസമ്പന്നമായ പെരുമാറ്റമാണ്‌ അതിനു സഹായിച്ചത്‌.
1975 ജൂൺ 25-നും 1977 മാർച്ച് 21-നുമിടയിലുള്ള അടിയന്തിരാവസ്ഥക്കാലത്ത് ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും 18 മാസം ജയിലിലടയ്ക്കപ്പെടുകയും ചെയ്തിരുന്നു. ജയിൽ മോചിതനായശേഷം ഇദ്ദേഹം ജനതാ പാർട്ടിയുടെ നേതാവാകുകയും കണ്ണൂർ ജില്ലാ പ്രസിഡന്റ് സ്ഥാനത്തെത്തുകയും ചെയ്തു. 1980-ൽ ഇദ്ദേഹം ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായി. കേരള രാഷ്ട്രീയത്തിൽ ഇദ്ദേഹം സജീവമായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഭാരതീയ ജനതാ പാർട്ടിക്കുവേണ്ടി ഇദ്ദേഹം പല തിരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടുണ്ട്.
ചുമരെഴുതിയും കൊടിനാട്ടിയും മുദ്രാവാക്യം വിളിച്ചും വളര്‍ന്ന നേതാവാണ്‌ മാരാര്‍ജി. കൈനനയാതെ മീന്‍ പിടിക്കാന്‍ നോക്കുന്ന രാഷ്ട്രീയക്കാര്‍ മേഞ്ഞുനടക്കുന്ന വര്‍ത്തമാനകാലത്ത്‌ കെ.ജി.മാരാര്‍ജിയെപ്പോലുള്ളവരെ സ്മരിക്കുന്നതുപോലും പുണ്യമാണ്‌.