Sunday, 15 March 2015

നിര്‍മ്മാണത്തില്‍ അഴിമതി: പാലംപണി നാട്ടുകാര്‍ തടഞ്ഞു-by ArunSatheesan

ചാത്തന്നൂര്‍: നിര്‍മ്മാണത്തിലെ അപാകത ആരോപിച്ച് കാരംകോട് – ജെഎസ്എം ജങ്ഷന്‍ റോഡിലെ പാലത്തിന്റെ നിര്‍മ്മാണം ബിജെപിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് പാലവും റോഡും നിര്‍മ്മാണം നടത്തുന്നത്. കരാര്‍ലംഘനം നടത്തിക്കൊണ്ട് പാലത്തിന്റെ പ്ലാനിന് വിപരീതമായാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതെന്നാണ് ആ രോപണം. അടിത്തറയുടെ പണി കഴിഞ്ഞ് മുകളിലോട്ടുള്ള കോണ്‍ക്രീറ്റ് പണിയില്‍ സിമന്റിന്റെ അളവ് കുറച്ചും നാമമാത്രം കമ്പി പാകിയുമാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത്. ദേശീയപാതയില്‍ നിന്നും ചാത്തന്നൂര്‍, ചിറക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് ഇത്. പൂതക്കുളം, വര്‍ക്കല, പരവൂര്‍ എന്നിവടങ്ങളിലേക്ക് പോകുന്ന പ്രധാന വഴി കൂടിയാണ്. കഴിഞ്ഞ അസംബഌ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒന്‍പതരലക്ഷം രൂപ ചെലവാക്കി ധൃതിയില്‍ പണി പൂര്‍ത്തിയാക്കിയ റോഡാണിത്. നിര്‍മ്മാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ റോഡ് തകര്‍ന്നു. നിര്‍മ്മാണത്തില്‍ നടന്ന അഴിമതിയെക്കുറിച്ച് വിജിലന്‍സ് അനേഷണം നടക്കുന്ന സമയത്തുതന്നെ പാലവും റോഡും നിര്‍മ്മിക്കാനായി വീണ്ടും പത്തര ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പണിയിലാണ് വീണ്ടും അഴിമതി കാണിച്ചിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞ നാട്ടുകാര്‍ ഇടതുപക്ഷക്കാരായ ജില്ലാപഞ്ചായത്ത് മെമ്പറുമായും തൊട്ടടുത്ത് തന്നെ താമസിക്കുന്ന ഗ്രാമപഞ്ചായത്ത് മെമ്പറുമായും പഞ്ചായത്തു പ്രസിഡന്റുമായും ബന്ധപ്പെട്ടെങ്കിലും തിരിഞ്ഞുനോക്കിയിട്ടില്ല. അശാസ്ത്രീയമായി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തി ജനകീയ ഫണ്ട് മുടിക്കുന്ന ഇടതുജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടിന്റെ വ്യക്തമായ തെളിവാണ് അഴിമതിയെന്ന് നാട്ടുകാര്‍ പറയുന്നു. അഴിമതിക്കാര്‍ക്കെതിരെ വിജിലന്‍സ് അനേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് പരാതി നല്‍കുമെന്ന് ബിജെപി മണ്ഡലം സെക്രട്ടറി ശ്രീകുമാര്‍ പറഞ്ഞു
ജന്മഭൂമി: http://www.janmabhumidaily.com/news274211














ദേശീയപാതയോരത്ത് കച്ചവടം; ചാത്തന്നൂരില്‍ ഗതാഗതക്കുരുക്ക്

ചാത്തന്നൂര്‍: ചാത്തന്നൂര്‍ പഞ്ചായത്തിന്റെ വികസന വിരുദ്ധ നിലപാട് മൂലം വഴിയോരവാണിഭം തഴച്ചുവളരുന്നു. ഇതുമൂലം ചാത്തന്നൂര്‍ടൗണില്‍ ഗതാഗതക്കുരുക്കേറുന്നു. ചാത്തന്നൂര്‍ സംതൃപ്തി ആഡിറ്റോറിയം മുതല്‍ കൊല്ലം ബസ്സ്സ്റ്റാന്റ് വരെയുള്ള ദേശീയപാതയുടെ തെക്ക് ഭാഗത്താണ് വഴിയോരക്കച്ചവടക്കാര്‍ കൈയേറി വഴിവാണിഭം നടത്തുന്നത്. പബ്ലിക് മാര്‍ക്കറ്റില്‍ ആവശ്യത്തില്‍ കൂടുതല്‍ സ്ഥലമുണ്ടെന്നിരിക്കെ അതെല്ലാം അവഗണിച്ചു കൊണ്ടാന്ന് വഴിയോര കച്ചവടം പൊടിപൊടിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി വില്പനക്കാരാണ് ആദ്യം ഇവിടെ കച്ചവടത്തിനായി എത്തുന്നത്. ഇവര്‍ പച്ചക്കറി വിലകുറച്ചു കൊടുക്കാന്‍ തുടങ്ങിയതോടെ ആള്‍ക്കാര്‍ ഇവിടേക്ക് എത്തിത്തുടങ്ങി അതിന്റെ പിന്നാലെ പഴക്കച്ചവടക്കാരും പെട്ടിക്കടകളും എത്തി. മാര്‍ക്കറ്റില്‍ കച്ചവടം കുറഞ്ഞതോടെ പരമ്പരാഗത കച്ചവടക്കാരും ഇവിടേക്ക് മാറി.അതോടെ ജനങ്ങള്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥലമില്ലാതായി. ശ്രീഭൂതനാഥഷേത്രം റോഡില്‍ നിന്നും കുത്തനെയുള്ള കയറ്റം കയറിവരുന്ന വാഹനങ്ങള്‍ക്ക് വഴിയോര കച്ചവടം മൂലം വാഹനങ്ങള്‍ ഒതുക്കി നിര്‍ത്താന്‍ പറ്റാത്ത അവസ്ഥയാണ്. ഇരുചക്രവാഹനങ്ങളടക്കം ഭൂരിപക്ഷം വാഹനങ്ങളും പാര്‍ക്ക് ചെയ്തിരുന്നത് ഇവിടെയാണ് ഈ വാഹനങ്ങളെല്ലാം തന്നെ ഇപ്പോള്‍ ദേശിയപാതയോരത്താണ് പാര്‍ക്ക് ചെയ്യുന്നത്. ഇത് ഗുരുതരമായ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. കൂടാതെ കച്ചവടക്കാര്‍ തമ്മിലുള്ള വഴക്കും ഇവിടെ പതിവാണ്. നിരവധി പരാതികള്‍ പഞ്ചായത്തിന് നല്‍കിയിട്ടും അധികൃതര്‍ അനങ്ങാപ്പാറനയമാണ് സ്വീകരിച്ചിരിക്കുന്നത്. മാര്‍ക്കറ്റിലെ പഴയ കെട്ടിടം പൊളിച്ച് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ചെങ്കിലും കച്ചവടക്കാര്‍ക്ക് വേണ്ടി തുറന്ന്‌കൊടുത്തിട്ടുമില്ല. പത്തിലധികം കടമുറികള്‍ ടെണ്ടര്‍ വിളിക്കാന്‍ ബാക്കിയുണ്ട്. മാര്‍ക്കറ്റില്‍ വാടക കൊടുത്തിരിക്കുന്ന കച്ചവടക്കാരുടെ പരാതികള്‍ അവഗണിച്ചുകൊണ്ട് വഴിയോരക്കച്ചവടക്കാര്‍ക്ക് ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ഒത്താശ ചെയ്തുകൊടുക്കുന്നതില്‍ വ്യാപകമായ പ്രതിഷേധമുണ്ട്. പബ്ലിക് മാര്‍ക്കറ്റില്‍ വെള്ളവും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ബാത്ത്‌റൂം, ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളൊന്നും ഇല്ല. മീന്‍വെള്ളവും മറ്റും കോമ്പൗണ്ടില്‍ തന്നെ ഒഴുകിക്കിടക്കുന്നത് ദുര്‍ഗന്ധത്തിന് കാരണമാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ വഴിയോരക്കച്ചവടത്തിനായെത്തുന്ന കച്ചവടക്കാര്‍ പബ്ലിക് മാര്‍ക്കറ്റിനുള്ളിലേക്ക് എത്താന്‍ മടിക്കുന്നു.  പെട്ടിഓട്ടോകളും പിക്കപ്പുകളും പാര്‍ക്ക് ചെയ്യുവാന്‍ മാര്‍ക്കറ്റിനുള്ളില്‍ സൗകര്യമില്ല. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പഞ്ചായത്ത് ഭരണ സമിതി ദീര്‍ഘ വീക്ഷണത്തോടെ മാര്‍ക്കറ്റ് നവീകരണത്തിനുള്ള ഫണ്ട് കണ്ടെത്തണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.
ജന്മഭൂമി: http://www.janmabhumidaily.com/news274208






Wednesday, 11 March 2015

കൊട്ടിയത്തും ചാത്തന്നൂരും കുടിവെള്ളക്ഷാമം രൂക്ഷം ജനം നെട്ടോട്ടത്തില്‍; അധികൃതര്‍ നിഷ്‌ക്രിയര്‍

കൊട്ടിയം: ചാത്തന്നൂര്‍, കൊട്ടിയം മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. നടപടി എടുക്കാതെ പഞ്ചായത്ത് മുന്‍സിപ്പല്‍ അധികാരികള്‍. മിക്കവാറും തോടുകളും നീര്‍ത്തടങ്ങളും ചെറിയ കുളങ്ങളും വറ്റിവരണ്ടു. ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും വന്‍വില നല്‍കി വെള്ളം വാങ്ങി ഉപയോഗിക്കുകയാണ്. പണം നല്‍കിയാലും വെള്ളം ലഭിക്കാത്ത സാഹചര്യമാണ് സംജാതമായിട്ടുള്ളതെന്ന് ജനങ്ങള്‍ പറയുന്നു. രൂക്ഷമായ കുടിവെള്ളക്ഷാമത്തെ തുടര്‍ന്ന് കന്നുകാലികളെ വളര്‍ത്തി ഉപജീവനം നടത്തുന്ന കര്‍ഷകരും കടുത്ത ആശങ്കയിലാണ്. ഇത്തിക്കരയാറിന്റെ തീരപ്രദേശത്ത് താമസിക്കുന്നവരും വെള്ളക്ഷാമത്തിന്റെ പിടിയിലാണ്. ഇത്തിക്കര ആറിലെ അനിയന്ത്രിതമായ മണല്‍വാരലിനെത്തുടര്‍ന്ന് ആറിന്റെ താഴ്ച കൂടിയതാണ് പ്രധാന കാരണം.മയ്യനാട് പഞ്ചായത്തിന്റെ തീരപ്രദേശങ്ങളിലും കൊട്ടിയത്തും സമീപ്രദേശങ്ങളായ പറക്കുളം, ഉമയനല്ലൂര്‍, കല്ലുകുഴി എന്നിവിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. കടുത്ത വേനലിനെ തുടര്‍ന്ന് കിണറുകളിലെ ജലനിരപ്പ് വളരെയധികം താഴുകയും പൂര്‍ണമായി വറ്റിവരളുകയും ചെയ്തിട്ടുണ്ട്. ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകള്‍ എല്ലാം വറ്റിവരണ്ടു. മൈലക്കാട് ഭാഗത്തും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. ചാത്തന്നൂര്‍ തോട് വറ്റിവരണ്ടത് മൂലം ആയിരക്കണക്കിന് ജനങ്ങളാണ് വെട്ടിലായത്. വരിഞ്ഞം ഏലാ തോടും കോഷ്ണകാവ് ഏലാ തോടും വരികുളം ഏലാ തോടും വറ്റിവരണ്ടു.  ഇവിടങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപെടുന്നത്. ചാത്തന്നൂര്‍ കോയിപ്പാട് രാജീവ്ഗാന്ധി കോളനിയിലും സ്ഥിതി വ്യത്യസ്തമല്ല. കിണറുകളില്‍നിന്നു വെള്ളമെത്തിക്കാനുള്ള അധികൃതരുടെ ശ്രമം പാഴായതാണ് കോളനിയിലെ ശുദ്ധജലക്ഷാമത്തിനു പ്രധാന കാരണം. കാരംകോട് ലക്ഷംവീട് കോളനി, ഇടനാട് രാജിവ്ഗാന്ധി കോളനി എന്നിവിടങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നാട്ടുകാര്‍ നേരിടുന്നത്. പോളച്ചിറ ഏലായിലെ വെള്ളം താഴുന്നതനുസരിച്ച് ചിറക്കര പഞ്ചായത്തിന്റെ പല‘ഭാഗത്തും കുടിവെള്ളം കിട്ടാതെയാകും. പാണിയില്‍, ഉളിയനാട് കണ്ണേറ്റ പ്രദേശങ്ങളിലും ജലക്ഷാമം നേരിടുന്നു. പൂതക്കുളം പഞ്ചായത്തിലും രൂക്ഷമായ ശുദ്ധജലക്ഷാമമുണ്ട്. ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ ജപ്പാന്‍കുടിവെള്ള പദ്ധതി നടപ്പാക്കാത്ത കല്ലുവാതുക്കല്‍ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ളമില്ലാതെ ജനങ്ങള്‍ വലയുകയാണ്. പാമ്പുറം, എഴിപ്പുറം, പുലിക്കുഴി പ്രദേശങ്ങളില്‍ കിണറുകള്‍ പലതും വറ്റിവരണ്ടു. ഇഎസ്‌ഐ മെഡിക്കല്‍കോളജ് സ്ഥിതിചെയ്യുന്ന മൈലാടുംപാറ പ്രദേശത്തെ കിണറുകളില്‍ തുള്ളിവെള്ളം പോലുമില്ല. മെഡിക്കല്‍കോളേജിന് ആവശ്യമായ വെള്ളം ടാങ്കറില്‍ എത്തിക്കുകയാണ് പതിവ്. മെഡിക്കല്‍കോളേജ് ഉദ്ഘാടനം ചെയ്തപ്പോള്‍ 24 മണിക്കൂറിനകം മെഡിക്കല്‍ കോളജിലേക്ക് ജപ്പാന്‍പദ്ധതിയുടെ പൈപ്പ് വലിച്ച് വെള്ളം ലഭ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഇപ്പോഴും ജലരേഖയായി. ഉദ്ഘാടനം കഴിഞ്ഞ് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും വെള്ളം എത്തിയിട്ടില്ല. വെള്ളമില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ പോലും മുടങ്ങിയത് വിവാദമായിരുന്നു. ജലവിഭവവകുപ്പ് അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നത്. തീരപ്രദേശമായ പരവൂര്‍ പൊഴിക്കരയിലാണ് കുടിവെള്ളത്തിന് ഏറെ ക്ഷാമം നേരിടുന്നത്. കിണര്‍ജലത്തില്‍ ഉപ്പിന്റെ അംശം ഏറിവരുന്നതിനാല്‍ ഭൂരിഭാഗം ജനങ്ങളും പൈപ്പുജലമാണ് ഉപയോഗിക്കുന്നത്. പരവൂര്‍ പൊഴിക്കരയിലെ നിലവിലുള്ള കുഴല്‍കിണര്‍ ഉപയോഗശൂന്യമായിട്ട് നാളേറെയായി. മോട്ടോര്‍ കേടായതിനാല്‍ വെള്ളം കിണറില്‍നിന്നു പമ്പ്‌ചെയ്യാനാകില്ല. കല്ലുംകുന്ന് സുനാമി ഫഌറ്റിലും സ്ഥിതി വ്യത്യസ്തമല്ല. നിരവധി കുടുംബങ്ങള്‍ ഒന്നിച്ചു താമസിക്കുന്ന ഫഌറ്റിലെ കിണറിലും വെള്ളമില്ല. പരവൂര്‍ മുനിസിപ്പാലിറ്റി ടാങ്കറില്‍ വെള്ളം കൊണ്ടുക്കൊടുക്കുകയാണ് പതിവ്. പരവൂര്‍ കുറുമണ്ടല്‍ വാട്ടര്‍ടാങ്ക് ഉപയോഗശൂന്യമായി കിടക്കുന്നതിനാല്‍ സമീപവാസികളും കുടിവെള്ളത്തിനായി കഷ്ടപ്പെടുകയാണ്. പരവൂര്‍ റെയില്‍വേ ലൈനിന് എതിര്‍ഭാഗത്ത് ജപ്പാന്‍ പദ്ധതിയുടെ പൈപ്പുകള്‍ ഇടാത്തതിനാല്‍ കുടിവെള്ളം ലഭ്യമല്ലാത്ത സ്ഥിതിയാണ്. റെയില്‍വേലൈന്‍ മുറിച്ച് പൈപ്പിടുന്നതിന് ഇതുവരെ അധികൃതര്‍ അനുമതി നല്‍കിയിട്ടില്ല. കൂനയില്‍ പ്രദേശങ്ങളിലും കടുത്ത കുടിവെള്ള ക്ഷാമമാണ്. കോളനി നിവാസികളാണ് ഏറെ കഷ്ടപ്പെടുന്നത്. കുടിവെള്ള ക്ഷാമത്തിന് പരിഹാരമെന്നോണം നടപ്പാക്കിയ ജപ്പാന്‍പദ്ധതിയെക്കുറിച്ച് വ്യാപകമായ പരാതികളാണ് ഉയരുന്നത്. അധികൃതരോട് പരാതി പറഞ്ഞാല്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നുവെന്നാണ് അറിയിക്കുന്നത്. നാടുനീളെ കുടിവെള്ള പൈപ്പുകള്‍ പൊട്ടിയൊഴുകുന്നു. വാല്‍വുകള്‍ തുറക്കുന്നത് രാത്രിയില്‍ എപ്പോഴെങ്കിലും ഉടന്‍തന്നെ അടച്ചിട്ടു പോകുകയും ചെയ്യും. ഇത് മൂലം കുടിവെള്ളത്തിന് ഉറക്കമൊഴിഞ്ഞ് ഇരിക്കേണ്ട അവസ്ഥയാണ്. കൊടുംവരള്‍ച്ച നേരിടുന്ന ഘട്ടങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട ജലഅതോറിറ്റിയും പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനോ, ജലലഭ്യത ഉറപ്പുവരുത്തുന്നതിനോ നടപടി സ്വീകരിക്കുന്നില്ല. രൂക്ഷമായ കുടിവെള്ളക്ഷാമം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പൊതുടാപ്പുകള്‍ പൊട്ടിയൊഴുകിയാലും കൃത്യമായി ഇടപെടാന്‍ വാട്ടര്‍ അതോറിറ്റിക്കു കഴിയുന്നില്ല. കല്ലട പദ്ധതിയുടെ ഇടതുകര കനാല്‍ തുറന്നുവിടുന്നതിലുടെ ഈ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയും. കടുത്ത വരള്‍ച്ചയെ നാട് അഭിമുഖീകരിക്കുന്ന ഘട്ടത്തിലും ഇടതുകരകനാല്‍ തുറന്നുവിടാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. പഞ്ചായത്തുകളും പരവൂര്‍ മുന്‍സിപ്പാലിറ്റിയും ഭരിക്കുന്നവര്‍ യാതൊരുവിധ നടപടികളും സ്വീകരിക്കാതെ അനങ്ങാപാറ നയമാണ് സീകരിക്കുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു

കേഡസിനെതിരെ ജനകീയസമരത്തിന് തുടക്കം
















ചാത്തന്നൂര്‍: അനധികൃതമായി കേഡസ് എന്ന സ്വകാര്യട്രസ്റ്റ് കൈവശപ്പെടുത്തിയിരിക്കുന്ന ഒന്നരഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചാത്തന്നൂരില്‍ ജനകീയധര്‍ണ. വഞ്ചിക്ലേ മൈന്‍സ് സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിലാണ് ധര്‍ണ നടത്തുന്നത്. ജന്മഭൂമി ജനസമക്ഷം തുറന്ന് കാട്ടിയ കേഡസ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യമാണ് സമരത്തിന് കാരണമായത്. ഇന്നലെ രാവിലെ നടന്ന ധര്‍ണ കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങളെയും സര്‍ക്കാരിനെയും കബളിപ്പിച്ചുകൊണ്ട് കേഡസ് എന്ന സ്വകാര്യട്രസ്റ്റ് കൈവശപ്പെടുത്തിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു. വ്യവസായവകുപ്പും കേഡസുമായി 1992ല്‍ ഉണ്ടാക്കിയ പാട്ടക്കരാര്‍ ലംഘിച്ചുകൊണ്ടുള്ള കേഡസിന്റെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയേറുകയാണ്. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വാടകകെട്ടിടങ്ങളിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് മാത്രമേ വ്യവസായവകുപ്പിന്റെ പ്ലോട്ടുകള്‍ നല്‍കുവാന്‍ പാടുള്ളുവെന്ന ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ഒന്നര ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യട്രസ്റ്റിന്റെ കൈവശമുള്ളത് ഈ ഭൂമി വാടകകെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്കായി കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് നല്‍കണമെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. ധര്‍ണയില്‍ ബിജെപി ജില്ലാസെക്രട്ടറി നെടുമ്പന ജയന്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍കാലങ്ങളില്‍ മാറിമാറി കേരളത്തിലും ചാത്തന്നൂര്‍ പഞ്ചായത്തിലും മാറിമാറി ഭരിച്ചിരുന്ന സര്‍ക്കാരുകളുടെ നിരുത്തരവാദിത്വപരമായി പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കൊണ്ടാണ് സര്‍ക്കാര്‍ ഭൂമി കേഡസിന്റെ കൈവശം വയ്ക്കാന്‍ ഇതിനുത്തരവാദികള്‍ കൂട്ടുനിന്നത്. മുന്നണികളും അവര്‍ക്ക് പിന്തുണയായി നില്‍ക്കുന്ന ഉദ്യോഗസ്ഥരുമാണെന്ന് നെടുമ്പന ശിവന്‍ പറഞ്ഞു. ഈ സമരത്തിന് കാരണമായത് ജന്മഭൂമിയില്‍ വന്ന വാര്‍ത്തയാണ്. ജനകീയസമരത്തിന് നേതൃത്വം കൊടുത്തുകൊണ്ട് എപ്പോഴും ബിജെപിയുണ്ടാകും എന്നും നെടുമ്പന ശിവന്‍ പറഞ്ഞു. ജി.എസ്.ജയലാല്‍ എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സത്യന്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ചാത്തന്നൂര്‍ ശ്രീകുമാര്‍, ജയപ്രശാന്ത്, പഞ്ചായത്ത് സമിതി പ്രസിഡന്റ് കളിയാകുളം ഉണ്ണി, എഎഎ ക്ലബ് പ്രവര്‍ത്തകര്‍, ഗ്രാമബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ ജനകീയധര്‍ണയില്‍ പങ്കാളികളായി.