Friday, 20 February 2015

കശുവണ്ടി മേഖലയില്‍ ബ്ലേഡ് മാഫിയ കഴുത്തറുക്കുന്നു---by ArunSatheesan

ചാത്തന്നൂര്‍: കശുവണ്ടി മേഖലയില്‍ വട്ടിപ്പലിശക്കാരുടെ പിടി മുറുകുന്നതായി പരാതി. സംസ്ഥാനത്താകെ ഓപ്പറേഷന്‍ കുബേര വഴി കൊള്ളപ്പലിശക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമ്പോഴാണ് കശുവണ്ടി മേഖലയിലെ വട്ടിപ്പലിശക്കാര്‍ ഒരു നടപടിയും നേരിടാതെ രക്ഷപ്പെടുന്നത്. തമിഴ്‌നാട്ടില്‍നിന്നുള്ളവരും പ്രദേശവാസികളും ഉള്‍പ്പെടെ നിരവധി പേരാണ് ചാത്തന്നൂര്‍, കൊട്ടിയം മേഖലയിലെ വിവിധ കശുവണ്ടി ഫാക്ടറികള്‍ കേന്ദ്രീകരിച്ച് പലിശക്ക് പണം നല്‍കുന്നത്. കുറഞ്ഞ വേതനത്തില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും പണം വാങ്ങിയിട്ടുണ്ട്. പണം നല്‍കിയതിന് ശേഷം ആഴ്ചയിലൊരിക്കല്‍ പലിശ പിരിക്കാന്‍ എത്തുകയാണ് പതിവ്. സംസ്ഥാനമൊട്ടാകെ വ്യാപക റെയ്ഡ് അരങ്ങേറിയപ്പോഴും കശുവണ്ടി മേഖലയിലെ പലിശക്കാരുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിരുന്നില്ല. കൂടാതെ വ്യാപാര സ്ഥാപനങ്ങള്‍, വ്യവസായസ്ഥാപനത്തിലെ തൊഴിലാളികള്‍, ടാക്‌സി െ്രെഡവര്‍മാര്‍ എന്നിവര്‍ക്കാണ് പണം നല്‍കിവരുന്നത്. പലിശക്കാരെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ല. പൊലീസ് പേരിന് പരിശോധന നടത്തുകയും തെളിവ് ലഭിച്ചില്ലെന്ന രീതിയില്‍ റെയ്ഡ് അവസാനിപ്പിക്കുകയും ചെയ്യുകയാണ് പതിവ്. രാഷ്ട്രീയപാര്‍ട്ടികളുടെ പിന്‍ബലമുള്ള ഇവരും പോലീസും ഒത്തുകളിച്ച് ഇത്തരക്കാര്‍ക്ക് ചൂട്ട് പിടിക്കുന്നതായാണ് ആരോപണം.

മോഷ്ടാക്കള്‍ പെരുകുമ്പോള്‍ പോലീസ് ഇരുട്ടില്‍ തപ്പുന്നു--by ArunSatheesan

ചാത്തന്നൂര്‍: രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ കള്ളന്മാര്‍ വിലസുകയാണ്. ദിനംപ്രതി മോഷണങ്ങള്‍ പെരുകുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ ഇരുട്ടില്‍ തപ്പുന്ന പോലീസ് സംവിധാനം. പട്രോളിങ് ശക്തമാണെന്ന് പോലീസ് അവകാശപ്പെടുമ്പോഴും ചാത്തന്നൂര്‍, കൊട്ടിയം മേഖലകളില്‍ മോഷണങ്ങള്‍ വര്‍ധിക്കുകയാണ്. രണ്ട് മാസത്തിനിടെ ചെറുതും വലുതുമായ നിരവധി മോഷണങ്ങളാണ് ചാത്തന്നൂര്‍ കമ്മിഷണര്‍ ഓഫിസ് പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉത്സവ സീസണായതോടെയാണ് മോഷ്ടാക്കള്‍ സജീവമായത്. കൊട്ടിയത്ത് രണ്ട് വീടുകളില്‍ മോഷണവും നിരവധി വീടുകളില്‍ മോഷണശ്രമവും നടന്നിട്ടുണ്ട്. വീടുകളുടെ കതകുകള്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ രണ്ട് വീടുകളില്‍നിന്ന് പത്തര പവന്‍ സ്വര്‍ണം കവര്‍ന്നു. മോഷണം നടത്തി കടക്കുന്നതിനിടെ മോഷ്ടാവ് എസ്.ഐയുടെ മുന്നില്‍ വന്നുപെട്ടെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു. ഒരിടത്ത് വീട്ടുകാരെ മയക്കിയും മറ്റൊരു വീട്ടില്‍ മാര്‍ബിള്‍തറയില്‍ വെള്ളമൊഴിച്ചശേഷവുമാണ് മോഷണം നടത്തിയത്. കൊട്ടിയം തഴുത്തല മുരുക്കുംകാവ് ആക്കനാട് മേലതില്‍ പോലീസിന്റെ വിരലടയാള വിഭാഗത്തില്‍നിന്ന് റിട്ടയര്‍ ചെയ്ത സനല്‍കുമാറിന്റെ വീട്ടിലും മുരുക്കുംകാവിനടുത്ത് തീര്‍ഥത്തില്‍ നേതാജി വിജയന്റെ വീട്ടിലുമാണ് മോഷണം നടന്നത്. സനല്‍കുമാറിന്റെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച ആറുപവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. അടുക്കളവാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ മൂന്ന് കതകുകള്‍ തകര്‍ത്താണ് മോഷണം നടത്തിയത്. സനല്‍കുമാറിന്റെ വീടിന്റെ ഏകദേശം നൂറുമീറ്റര്‍ അകലെയുള്ള നേതാജി വിജയന്റെ വീടിന്റെയും അടുക്കളവാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ച നാലര പവന്‍ സ്വര്‍ണം കവര്‍ന്നു. ഇതുകൂടാതെ രാജു, ബാബു, ഷാജഹാന്‍ തുടങ്ങിയവരുടെ വീടുകളിലും നിരവധി വീടുകളിലും മോഷണശ്രമം നടന്നു. ഇതുകൂടാതെ വടക്കേവിള കൂനമ്പായിക്കുളത്ത് വീടിന്റെ വാതിലുകള്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ സ്വര്‍ണവും പണവും വിലപിടിപ്പുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളും കവര്‍ന്നു. വാറഴികം മുക്കില്‍ ചിറ്റയത്ത് ഐഷാസില്‍ വാടകക്ക് താമസിക്കുന്ന ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. പത്തുപവന്‍ സ്വര്‍ണവും 75,000 രൂപയും ഡിജിറ്റല്‍ ടിവിയും ലാപ്‌ടോപ്പുമാണ് കവര്‍ന്നത്. ചാത്തന്നൂരില്‍ താഴം സത്യനിവാസില്‍ ബിഎസ്എന്‍എല്‍ എന്‍ജിനിയര്‍ സത്യന്റെ വീട്ടില്‍ നിന്നും ഒരു ലക്ഷം രൂപയും രണ്ടു പവനും കവര്‍ന്നത് പട്ടാപകലാണ്. പരവൂര്‍ നഗരത്തില്‍ ചൊവ്വാഴ്ച നടന്ന കാവടിഘോഷയാത്രക്കിടെ കടയുടെ മുന്നില്‍ പൂട്ടിവച്ചിരുന്ന മോട്ടോര്‍ ബൈക്ക് മോഷ്ടിച്ചു. പരവൂര്‍ വിനോദ് ജുവലറിക്കുമുന്നില്‍ വച്ചിരുന്ന ബൈക്കാണ് മോഷണം പോയത്. പോലീസ് സുരക്ഷ ശക്തമാണെന്ന് പറയുന്നതല്ലാതെ മോഷണം തടയുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.പോലീസില്‍ പരാതിപ്പെട്ടിട്ടും പ്രയോജനവുമില്ലത്രെ. കൊട്ടിയം പോലീസ് സ്‌റ്റേഷന്റെ ചുറ്റളവിലാണ് തുടര്‍ച്ചയായി മോഷണപരമ്പര അരങ്ങേറിയത്. പകല്‍ക്കള്ളന്മാരുടെ സാന്നിധ്യവും കൊട്ടിയം, ചാത്തന്നൂര്‍ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോലീസ് ഊര്‍ജിതമായി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന്‌നാട്ടുകാര്‍ ആവശ്യപ്പെട്ടു. മോഷ്ടാക്കളെ പിടിക്കേണ്ട പോലീസാകട്ടെ ഇപ്പോള്‍ ഊടുവഴികളില്‍ നിന്ന് ഹെല്‍മറ്റ് ധരിച്ച് പോകുന്ന ബൈക്ക് യാത്രികരെ പോലും തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുന്ന തിരക്കിലും. മിക്കവാറുമെല്ലാവരും ഇപ്പോള്‍ ഹെല്‍മറ്റ് ധരിച്ചാണ് ഇരുചക്രവാഹനങ്ങളില്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നത്. അതുകൊണ്ടുതന്നെ രേഖാപരിശോധനയിലാണ് ശുഷ്‌കാന്തി. ഇതിനിടയില്‍ കള്ളന്മാരെ പിടികൂടാനെവിടെ നേരമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കരുതെന്ന ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം പോലും കാറ്റില്‍പറത്തിയാണ് പോലീസിന്റെ ഹെല്‍മറ്റ് വേട്ട.

പള്ളിക്കമണ്ണടി പാലം യാഥാര്‍ത്ഥ്യമാകുന്നു ഇത് ബിജെപിയുടെ സമരവിജയം

ചാത്തന്നൂര്‍: ആദിച്ചനല്ലൂര്‍-ചാത്തന്നൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് ഇത്തിക്കരയാറ്റില്‍ പള്ളിക്കമണ്ണടി കടവില്‍ പാലം നിര്‍മിക്കണമെന്ന നാട്ടുകാരുടെ അരനൂറ്റാണ്ടായുള്ള ആവശ്യം യാഥാര്‍ത്ഥ്യമാകുന്നു. ചാത്തന്നൂരില്‍ ബിജെപി നടത്തിയ സമരപോരാട്ടങ്ങളുടെ ചരിത്രവിജയം കൂടിയാണിത്. പള്ളിക്കമണ്ണടി പാലം നിര്‍മ്മിക്കുമ്പോള്‍ അപ്രോച്ച് റോഡിനുവേണ്ടിയുള്ള സ്ഥലമെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നു. അതിന്റെ ഭാഗമായിപള്ളിക്കമണ്ണടി പ്രദേശത്തു കളക്ടര്‍ ഡോ.എ.കൗശിഗനും ഉദ്യോഗസ്ഥസംഘവും സന്ദര്‍ശിച്ചു. പാലം നിര്‍മിക്കുമ്പോള്‍ സ്ഥലത്തിന്റെ വില നേരത്തെതന്നെ റവന്യു ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയിരുന്നു. ഇതിന്റെ മേല്‍പരിശോധനക്കാണ് കളക്ടറും ഉദ്യോഗസ്ഥസംഘവും എത്തിയത്. ഏറ്റെടുക്കുന്ന വസ്തുക്കളുടെ ഉടമകളുടെ യോഗം രണ്ടാഴ്ചയ്ക്കകം വിളിച്ചുകൂട്ടുമെന്നും ഈ യോഗത്തില്‍ ഭൂമിയുടെ വില സംബന്ധിച്ച് ധാരണ ഉണ്ടാക്കുമെന്നും കളക്ടര്‍ പറഞ്ഞു. ബിജെപിയാണ് പാലത്തിന് വേണ്ടി ആദ്യമായി ശക്തമായ സമരപരിപാടികളുമായി രംഗത്തെത്തിയത്. ഇതിനുശേഷമാണ് ഇടതുവലതു രാഷ്ട്രീയക്കാര്‍ സമരത്തിനിറങ്ങുന്നത്. രാഷ്ട്രീയലക്ഷ്യങ്ങള്‍ വച്ചുള്ള സമരാഭാസങ്ങളാണ് മുന്നണികളുടെതെന്ന് ജനം വൈകാതെ മനസിലാക്കി. ബിജെപിയുടെ സമരത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ പാലം പണിയാന്‍ തീരുമാനിച്ചതും നടപടികളുമായി മുന്നോട്ടു പോയതും. മണ്ണ് പരിശോധനയും പ്ലാനും എസ്റ്റിമേറ്റും മരാമത്ത് വകുപ്പ് തയാറാക്കി. അപ്രോച്ച് റോഡിനുവേണ്ടി ഏറ്റെടുക്കേണ്ട ഭൂമി നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണവിഭാഗത്തില്‍പ്പെട്ടതായതിനാല്‍ ഇതൊഴിവാക്കാന്‍ കാലതാമസവും നേരിട്ടു. ഈ നിയമത്തില്‍നിന്ന് ഏറ്റെടുക്കേണ്ട വസ്തുവില്‍ ആറ് സെന്റ് ഒഴികെ മറ്റ് വസ്തുക്കള്‍ ഒഴിവായി. ഇതനുസരിച്ച് റവന്യുവകുപ്പ് സ്ഥലപരിശോധന നടത്തി. വസ്തുവിന്റെ വിലയും നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ മേല്‍പരിശോധനക്കുവേണ്ടിയാണ് കളക്ടര്‍ എത്തിയത്.ഭൂമി ഏറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വര്‍ഗീസ് പണിക്കര്‍, തഹസില്‍ദാര്‍ എം.ഉണ്ണിക്കൃഷ്ണന്‍, മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു. ജി.എസ്.ജയലാല്‍ എം എല്‍എ, ഗ്രാമപ്പഞ്ചായത്ത് അംഗവും ബിജെപി നേതാവുമായ കോയിപ്പാട് സജീവ്, മറ്റ് ബിജെപി പ്രവര്‍ത്തകരും സ്ഥലത്ത് എത്തിയിരുന്നു.

Sunday, 1 February 2015

ചാത്തന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ വര്‍ക്ക്‌ഷോപ്പ് റാമ്പ് നിര്‍മ്മാണം അവതാളത്തില്‍ by ArunSatheesan

ചാത്തന്നൂര്‍: നിര്‍മ്മാണത്തിലെ അപാകത മൂലം ചാത്തന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ വര്‍ക്ക്‌ഷോപ്പ് റാമ്പ് നിര്‍മ്മാണം നിലച്ചു. വര്‍ക്ക്‌ഷോപ്പിലെ റാമ്പ് നിര്‍മ്മാണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ അടിത്തറ ഒരാഴ്ച മുന്‍പ് പെയ്ത ചാറ്റല്‍ മഴയില്‍ തകര്‍ന്ന് വീണതോടെയാണ് പൊതുമരാമത്ത് പണികളില്‍ നടക്കുന്നത് നഗ്‌നമായ അഴിമതിയാണെന്ന് പുറംലോകം അറിയുന്നത്. ഡിപ്പോയുടെ ആരംഭം മുതലുള്ള ആവശ്യമായിരുന്നു വര്‍ക്ക്‌ഷോപ്പ്‌റാമ്പ് എന്നത്. സര്‍വീസ് കഴിഞ്ഞ് രാത്രിയിലെത്തുന്ന ബസുകളുടെ അറ്റകുറ്റ പണികള്‍ പോലും ജീവനക്കാര്‍ വളരെ ബുദ്ധിമുട്ടിയാണ് ചെയ്യുന്നത്. ഡിപ്പോ പരിസരം പൂര്‍ണമായും കാടുപിടിച്ച് കിടക്കുന്നു. ഇതിനാലുള്ള ഇഴജന്തുക്കളുടെ ശല്യവും കെട്ടിനില്‍ക്കുന്ന ചെളിവെള്ളവും മൂലവും ബസുകളുടെ അടിയില്‍ കയറിയുള്ള പരിശോധനയും പണികളും വളരെ ബുദ്ധിമുട്ടിയാണ് തൊഴിലാളികള്‍ ജോലി ചെയ്തു വരുന്നത്. ജീവനക്കാരുടെ നിരന്തരമായ ഇടപെടല്‍ മൂലമാണ് റാമ്പ് നിര്‍മ്മാണത്തിനായി 84 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. അതിന്‍മേല്‍ തുടങ്ങിയ പണികളാണ് അഴിമതിയുടെ കരങ്ങളില്‍ മുങ്ങി അനിശ്ചിതത്വത്തിലായത്. കോര്‍പ്പറേഷന്റെ മരാമത്ത് സെക്ഷനാണ് നിര്‍മ്മാണപ്രവര്‍ത്തങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്. ഡിപ്പോകളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ഒന്നും തന്നെ ഡിപ്പോ അധികാരികള്‍ അറിയാറില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുവാന്‍ മരാമത്ത് സെക്ഷനില്‍ നിന്നും ആരും എത്താറില്ല. എന്തിനും ഏതിനും കൊടിപിടിക്കുന്ന ഭരണപ്രതിപക്ഷ യൂണിയനുകള്‍ക്കും ഇതേകുറിച്ച് യാതൊരു അറിവുമില്ലാത്ത അവസ്ഥയാണ്. കരാറുകാരന്‍ കരാറുകാരന്റെ ഇഷ്ടത്തിന് പണിയുന്നു. ഇത് മൂലം 84 ലക്ഷം രൂപയില്‍ സിംഹഭാഗവും കൈകൂലിയായി പോയിരിക്കാമെന്നാണ് യുണിയന്‍ നേതാക്കളുടെ ആരോപണം. എന്തിനും ഏതിനും വിഹിതം വാങ്ങാന്‍ നില്‍ക്കുന്ന ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരാണ് കെഎസ്ആര്‍ടിസിയെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നത്. കെഎസ്ആര്‍ടിസിയില്‍ നടക്കുന്ന മരാമത്ത് പണികളില്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെയും നിര്‍മ്മാണത്തിന്റെയും ഗുണമേന്മ പരിശോധിക്കുന്നതിനു യാതൊരുവിധ മാനദണ്ഡങ്ങളുമില്ല. ഏറ്റവും ലാഭകരമായ അടങ്കല്‍ തുക വയ്ക്കുന്ന കരാറുകാരനെ തെരഞ്ഞെടുക്കുക എന്നതില്‍ നിന്നും ഏറ്റവും കൂടുതല്‍ കൈകൂലി കൊടുക്കുന്നവരെ പണിയേല്‍പ്പിക്കുക എന്ന അവസ്ഥയിലേക്ക് മാറിയതിന്റെ ഉത്തമ ഉദാഹരണമാണ് ചാത്തന്നൂര്‍ ഡിപ്പോയില്‍ നടന്നത്. ഇത്തരം തട്ടികൂട്ട് കെട്ടിടങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്ന ജീവനക്കാരുടെ ജീവന് എന്ത് വിലയാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നതെന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം