2014 ഏതായാലും സുധീരന് ഈ കേരളയാത്രയും മദ്യനിരോധന പ്രസ്താവനകളും ഇഷ്ടംപോലെ മഞ്ഞവെളിച്ചം നേടിക്കൊടുത്തു. പക്ഷേ അമ്മയുടെ മുലപ്പാല്‍ കുടിച്ചവര്‍ക്കൊക്കെ, അല്ലെങ്കില്‍ വേണ്ട അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ അറിയാം സുധീരന്റെ അന്തിമലക്ഷ്യം പ്രതിച്ഛായാ മിനുക്കലല്ല, മറിച്ച് മുഖ്യമന്ത്രിക്കസേരയാണെന്ന്! സുധീരന്റെ പ്രതിച്ഛായയെ വെല്ലുവിളിച്ച് സുധീരന്റേതിനെക്കാള്‍ വലിയ മദ്യനിരോധനം പ്രഖ്യാപിച്ചശേഷം യാതൊരു കൂസലുമില്ലാതെ മദ്യനയം തിരുത്തി എന്നുപറയാന്‍ ഉമ്മന്‍ചാണ്ടിക്ക് ധൈര്യമേകിയതുതന്നെ തന്റെ കസേര തന്റേതുതന്നെയായിരിക്കും എന്ന ആത്മവിശ്വാസമായിരിക്കണമല്ലോ. 2014ല്‍ കേരളത്തില്‍ ഒരു മിശിഹാ പിറക്കുകയുണ്ടായി; ദൈവത്തിന്റെയും ഔസേപ്പിന്റെയും യാതൊരു സഹായവുമില്ലാതെ. ഒരു ഖദര്‍ധാരിയായ മിശിഹാ. യേശുക്രിസ്തുവിന്റെ ഉപദേശം സര്‍വചരാചരങ്ങളെയും സ്‌നേഹിക്കുക എന്നായിരുന്നെങ്കില്‍ സുധീര മിശിഹായുടെ ഉപദേശം മലയാളികള്‍ മദ്യപിക്കരുതെന്നും കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണം എന്നുമായിരുന്നു. എന്തും ഏതും കൈപ്പിടിയിലൊതുക്കുന്ന അമേരിക്കപോലും തോറ്റിടത്താണ് തിളങ്ങുന്ന പ്രതിച്ഛായയ്ക്കുവേണ്ടി, മുഖ്യമന്ത്രിപദത്തിനുവേണ്ടി 10 കൊല്ലത്തോളം രാഷ്ട്രീയ വനവാസം നയിച്ച സുധീരന്‍ ഈ ആഹ്വാനവുമായി രംഗപ്രവേശം ചെയ്തത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭരതനൊന്നുമല്ലല്ലോ സുധീരാഹ്വാനം അനുസരിക്കാന്‍. സുധീര മിശിഹാ ഒരു പടികൂടി മുമ്പോട്ടുപോയി പ്രഖ്യാപിച്ചത് മദ്യപന്മാരുടെ വോട്ട് വേണ്ട എന്നാണ്! അതുതന്നെ തെളിയിക്കുന്നില്ലേ ഇന്ത്യ മഹാസാമ്രാജ്യത്ത് ഏറ്റവും അധികം മദ്യം ഉപയോഗിക്കുന്നവര്‍ കേരളത്തിലാണെന്ന്! മദ്യവില്‍പ്പന ഖജനാവിലേക്ക് എത്രകോടി കൊണ്ടുവരുന്നു എന്നു കണക്കുകള്‍ കൈവിരലിലാക്കിയ ധനമന്ത്രിയോട് ചോദിച്ചാല്‍ കോടികളല്ല 70 ബില്യണ്‍ ആണ് എന്നു പറയും. പക്ഷേ സുധീര മിശിഹായുടെ ദിവാസ്വപ്‌നം പത്തുകൊല്ലംകൊണ്ട് കേരളത്തെ മദ്യവിമുക്തമാക്കുമെന്നാണ്. കേരളയാത്രയോടെയാണ് സുധീര മിശിഹാ ഏവരേയും ഞെട്ടിച്ച ഈ പ്രഖ്യാപനം നടത്തിയത്. അദ്ദേഹം ആ യാത്രയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ സ്ത്രീകളുടെ അഭിപ്രായം മാത്രമേ തേടിയുള്ളോ? സ്ത്രീകളാണ് കേരളത്തില്‍ പുരുഷന്മാരെക്കാള്‍ അധികം എന്നുപറയുമ്പോഴും അവര്‍ക്കും രാഷ്ട്രീയവും പാര്‍ട്ടി ഭക്തിയും ഒക്കെ ഉണ്ടെന്ന് മിശിഹാ മറന്നോ? അദ്ദേഹം മറന്ന മറ്റൊരു കാര്യം ഇക്കാലത്ത് സ്ത്രീകളും മദ്യപിക്കുന്നു എന്ന വസ്തുതയാണ്. ഞായറാഴ്ച വരണ്ടതാക്കിയപ്പോള്‍ കുപ്പികള്‍ വീട്ടിലെ ഫ്രിഡ്ജിലെത്തി. വീട്ടില്‍ ഭര്‍ത്താവ് മദ്യപിക്കുമ്പോള്‍ ഭാര്യക്ക് കമ്പനികൊടുക്കണമെന്ന് തോന്നിയാലോ? മകന്‍ അതെന്താണന്നറിയാന്‍ ലേശം വാട്ടര്‍ബോട്ടിലിലാക്കിയാലോ? പണ്ടേ ഉള്ള ചൊല്ല് ‘വോട്ടിന്‌നോട്ട്’ എന്നാണ്. നോട്ട് കൊടുത്ത് വോട്ടുവാങ്ങി സഭയിലെത്തിയാല്‍ നോട്ടിനെ സ്വര്‍ണനോട്ടാക്കാം എന്നറിയാത്ത ഏത് രാഷ്ട്രീയക്കാരനാണുള്ളത്? പക്ഷേ സുധീരന്‍ജി പറയുന്നത് മദ്യപരുടെ വോട്ട് വേണ്ട എന്നല്ലേ? അപ്പോള്‍ അദ്ദേഹത്തിന് തെരഞ്ഞെടുപ്പിന് നില്‍ക്കാന്‍ താത്പര്യമില്ലേ? ചില കുശുമ്പുകാര്‍ പ്രചരിപ്പിക്കുന്നത് സുധീരന്‍ ഇപ്പോള്‍ ഈ യാത്രാ കലാപരിപാടികളും മദ്യനിരോധന പ്രഖ്യാപനവും എല്ലാം നടത്തുന്നത് ഉമ്മന്‍ചാണ്ടിയുടെ കസേര ലക്ഷ്യമിട്ടാണെന്നാണ്. ചാണ്ടി ആരാ മോന്‍? ഇപ്പോള്‍ കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ വെറ്റിലയും പാക്കും ദക്ഷിണവച്ചേനെ. അങ്ങനെയുള്ള ചാണ്ടിയോടാ കളി? കെപിസിസി പ്രസിഡന്റായശേഷം വി.എം.സുധീരന്‍ മദ്യനിരോധനം പ്രഖ്യാപിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി ഒരുപടികൂടി കടന്ന് മദ്യനിരോധനവും 712 ബാറുകള്‍ പൂട്ടുമെന്നും പ്രഖ്യാപിച്ചു. സുധീരന്റെ പ്രതിച്ഛായ തെളിയണമെങ്കില്‍ ഇനി ഭസ്മമിട്ട് തേയ്ക്കണം. ഈ പോസ്റ്ററിംഗ് ഒക്കെ നടത്തിയതുതന്നെ പ്രതിച്ഛായ ലക്ഷ്യംവച്ചാണ്. പക്ഷേ എല്ലാ നല്ല കാര്യത്തിനും പിന്തുണ പ്രഖ്യാപിക്കുന്ന വി.ഡി.സതീശന്‍പോലും സുധീരനെ തുണച്ചുകണ്ടില്ല. പ്രതിച്ഛായയെക്കുറിച്ചു പറയുമ്പോള്‍ സുധീരന് പണ്ടും ഇപ്പോഴും ആയിരം നാവാണ്. എല്ലാവരും ശ്രമിക്കുന്നത് സ്വന്തം പ്രതിച്ഛായ നന്നാക്കനല്ലേ എന്നാണ് അദ്ദേഹം ചോദിക്കാറുള്ളത്. ഇങ്ങനെ തട്ടിവിട്ടാല്‍ തന്റെ ഉദ്ദേശ്യശുദ്ധി ആരും സംശയിക്കില്ലെന്ന് ഒരുപക്ഷേ സുധീരന്‍ കരുതുന്നുണ്ടാവാം. സുധീരന്റെ പ്രതിച്ഛായയുടെ പൊള്ളത്തരം മന്ത്രി കെ.എം. മാണി കോഴക്കേസില്‍ കുടുങ്ങിയപ്പോള്‍ ജനങ്ങള്‍ കണ്ടതാണ്. അഴിമതിവിരുദ്ധനായ, മദ്യവിരുദ്ധനായ സുധീരന്‍ പ്രഖ്യാപിച്ചത് മന്ത്രി മാണി രാജിവെക്കേണ്ട ആവശ്യമില്ലെന്നാണ്! കോണ്‍ഗ്രസിലുള്ള പലരും മാണി രാജിവെക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോഴാണ് സുധീരന്‍ ഈ നിലപാടുമായി രംഗത്തെത്തിയത്. പ്രതിച്ഛായാപ്പോരിലും ഉമ്മന്‍ചാണ്ടിയെ തോല്‍പ്പിക്കാന്‍ സുധീരാനാകാത്തത് സുധീരന്‍ മാനത്തു കാണുമ്പോള്‍ ചാണ്ടി മനസ്സില്‍ കണ്ട് പ്രസ്താവന നടത്തിയിരിക്കും എന്നതിനാലാണ്. സുധീരന്റെ മദ്യനിരോധന പ്രസ്താവന വന്നതോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തിലെ എഴുന്നൂറിലധികം ബാറുകള്‍ പൂട്ടാനും അതില്‍ നിലവാരമുള്ള 418 ബാറുകള്‍ നിലവാരം മെച്ചപ്പെടുത്തി പ്രവര്‍ത്തിക്കാനും അനുമതി നല്‍കി. പ്രസ്താവന നടത്തിയശേഷം രക്ഷപ്പെടാന്‍ മന്ത്രിസഭയോ അസംബ്ലിയോ ഉണ്ടല്ലോ! ശനിയാഴ്ച കൂടി വരണ്ടതാക്കി തരും എന്ന വാഗ്ദാനവും മുന്നോട്ടു വച്ചു. ബാര്‍ പൂട്ടിയപ്പോള്‍ പത്തുപേരോ മറ്റോ ആത്മഹത്യ ചെയ്തതും മനഃപൂര്‍വം സുധീരന്‍ജിയെ തോല്‍പ്പിക്കാനായിരുന്നോ ആവോ? പക്ഷേ അത് ഉമ്മന്‍ചാണ്ടിക്ക് ഗുണകരമായി. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ചര്‍ച്ചചെയ്ത് പൂര്‍ണമദ്യനിരോധനം പ്രായോഗികമല്ല എന്നും അതുകൊണ്ട് അതില്‍ മാറ്റംവരുത്തേണ്ടത് ആവശ്യമാണെന്നും പ്രഖ്യാപിച്ചു. പാവം സുധീരന്‍! ഡംപ് സ്ട്രക്ക്. ഞങ്ങള്‍ പത്രക്കാര്‍ എന്നും സുധീരനെ ആദര്‍ശധീരന്‍ എന്നും അഴിമതിവിരുദ്ധന്‍ എന്ന നിലയിലും വാഴ്ത്തപ്പെട്ടവനാക്കിയിരുന്നു. പക്ഷേ ഇപ്പോള്‍ അന്തിക്രിസ്തുവാക്കി മാറ്റാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം. കാര്യം പണ്ട് എംഎല്‍എയും മന്ത്രിയും ഒക്കെയായിരുന്നെങ്കിലും 10 വര്‍ഷമായി മന്ത്രിസഭയിലെന്നല്ല, കോണ്‍ഗ്രസില്‍ പോലും ഒരു പദവിയുമില്ലാതെ ഗതികിട്ടാതായപ്പോള്‍ എടുത്തണിഞ്ഞ വേഷം ‘ഡും.’ മദ്യനയത്തില്‍ മാറ്റംവരുത്തി പൂട്ടിയ ബാര്‍ തുറക്കുന്നുവെന്ന് പ്രസ്താവിച്ച് മാറ്റത്തിനുള്ള അംഗീകാരം നേടിയെടുത്തു. അതും പോരാഞ്ഞ് മദ്യനിരോധന കേരളയാത്രയ്ക്കിടെ ഉമ്മന്‍ചാണ്ടിയുടെ ജില്ലയില്‍ എക്‌സൈസുകാരനെ ഇടയ്ക്കുനിര്‍ത്തി കാശുപിരിവും നടത്തി. മദ്യപരുടെ വോട്ടും വേണ്ട, നോട്ടും വേണ്ട എന്നുപറഞ്ഞയാള്‍ ചാണ്ടി ജില്ലയില്‍നിന്നും പണംപിരിച്ചത് അത് മദ്യരഹിതമായതിനാലാണോ എന്തോ? സംശയങ്ങള്‍ വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ല. സുധീരന് നെഞ്ചില്‍ കൈവച്ച് പറയാമോ, ജീവിതത്തില്‍ ഒരിക്കലെങ്കിലും അബ്കാരികളില്‍നിന്ന് സഹായം പറ്റിയിട്ടില്ലെന്ന്. അന്തിക്കാട്ടുകാര്‍ക്ക് ഇക്കാര്യത്തില്‍ പലതും പറയാനുണ്ടാവുമെന്ന കാര്യം ഓര്‍ക്കുന്നത് നന്ന്. ഞാന്‍ മദ്യവിരോധിയാകാന്‍ കാരണം അതിന്റെ ദുഃഖം അറിഞ്ഞവളായതിനാലാണ്. പക്ഷേ മദ്യനിരോധനം എന്നത് കേരളത്തില്‍ ഒരു ദിവാസ്വപ്‌നം ആയി മാത്രം അവശേഷിക്കുമെന്ന് എനിക്കുപോലും തിരിച്ചറിവുണ്ട്. പ്രശസ്ത സൈക്യാട്രിസ്റ്റ് സി.ജെ.ജോണ്‍ പറയുന്നത് കുട്ടികള്‍ 13 വയസ്സില്‍ മദ്യപിക്കുന്നു എന്നാണ്. വൈനും ബിയറും സോഫ്റ്റ് ഡ്രിങ്കാണത്രെ. എന്തെല്ലാം സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍. മദ്യം നിരോധിച്ചാല്‍ സ്പിരിറ്റും വ്യാജമദ്യവും കേരളത്തിലേക്കൊഴുക്കാന്‍ തമിഴ്‌നാടും കര്‍ണാടകയും ചെക്ക് പോസ്റ്റിനപ്പുറത്ത് തയ്യാര്‍. മന്ത്രി മാണി ചെക്ക് പോസ്റ്റ് ചെക്കിംഗ് കര്‍ശനമാക്കും എന്നുപറയുന്നു. പക്ഷേ മദ്യം ചെക്ക്‌പോസ്റ്റിലൂടെയല്ല വരുന്നതെന്നുമാത്രം! ശ്രീനാരായണഗുരു ഉദ്‌ബോധിപ്പിച്ചത് ”കള്ള് ചെത്തരുത്, വില്‍ക്കരുത്, കുടിക്കരുത്” എന്നായിരുന്നു. ഇപ്പോള്‍ അവരുടെ വക്താവായ വെള്ളാപ്പള്ളി നടേശനും പറയുന്നത് മദ്യനയം തെറ്റാണെന്നാണ്. കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസന്‍ പറയുന്നത് സുധീരന്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചു എന്നാണ്. ഐഎന്‍ടിയുസിയും മദ്യനയത്തില്‍ ഭിന്നാഭിപ്രായക്കാരാണ്! തനിക്ക് ഗ്രൂപ്പില്ലെന്ന ഒരു നാട്യം സുധീരന്റെ കൂടപ്പിറപ്പാണ്. പക്ഷേ മദ്യനയ പ്രശ്‌നത്തില്‍ ഒറ്റപ്പെട്ടുപോയ സുധീരന്‍ സ്വന്തമായി ഒരു ഗ്രൂപ്പുണ്ടാക്കുന്നതും കേരളീയര്‍ കണ്ടു. ആന്റണിയെന്ന ദൈവപുത്രന് വഴിയൊരുക്കുന്ന സ്‌നാപകയോഹന്നാനാണ് താനെന്ന ഒരു നാട്യവും സുധീരനുണ്ടായിരുന്നു. എന്നാല്‍ മദ്യനയ വിവാദത്തില്‍ ആന്റണിയുടെപോലും വാക്കുകള്‍ക്ക് ആദര്‍ശധീരന്‍ ചെവികൊടുത്തില്ല എന്നാണ് കേള്‍ക്കുന്നത്. ഏതായാലും സുധീരന് ഈ കേരളയാത്രയും മദ്യനിരോധന പ്രസ്താവനകളും ഇഷ്ടംപോലെ മഞ്ഞവെളിച്ചം നേടിക്കൊടുത്തു. പക്ഷേ അമ്മയുടെ മുലപ്പാല്‍ കുടിച്ചവര്‍ക്കൊക്കെ, അല്ലെങ്കില്‍ വേണ്ട അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ അറിയാം സുധീരന്റെ അന്തിമലക്ഷ്യം പ്രതിച്ഛായാ മിനുക്കലല്ല, മറിച്ച് മുഖ്യമന്ത്രിക്കസേരയാണെന്ന്! സുധീരന്റെ പ്രതിച്ഛായയെ വെല്ലുവിളിച്ച് സുധീരന്റേതിനെക്കാള്‍ വലിയ മദ്യനിരോധനം പ്രഖ്യാപിച്ചശേഷം യാതൊരു കൂസലുമില്ലാതെ മദ്യനയം തിരുത്തി എന്നുപറയാന്‍ ഉമ്മന്‍ചാണ്ടിക്ക് ധൈര്യമേകിയതുതന്നെ തന്റെ കസേര തന്റേതുതന്നെയായിരിക്കും എന്ന ആത്മവിശ്വാസമായിരിക്കണമല്ലോ.
Friday, 2 January 2015
തൊഴിലിടങ്ങളിലും സ്കൂളുകളിലും സ്ത്രീകളോടും കുട്ടികളോടും എന്തുമാകാമെന്നോ?
സമൂഹം ഇപ്പോഴും സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ ഇന്ന് യഥാര്‍ത്ഥത്തില്‍ അവള്‍ക്കുവേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ആരും വാദിക്കുന്നില്ല. സ്ത്രീ അബലയയും ചപലയുമല്ലയെന്ന് വാക്‌ധോരണി തീര്‍ക്കുന്നവരും യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ഒറ്റപ്പെട്ടതെങ്കിലും ചില സംഭവങ്ങള്‍ നാട്ടില്‍ നടന്നിട്ടും എന്തിനും ഏതിനും പ്രതികരിക്കുന്നവരുടെ പ്രതികരണങ്ങളും കണ്ടില്ല. ജീവനക്കാരികളുടെ വസ്ത്രം ഉരിഞ്ഞ് ദേഹപരിശോധന നടത്തിയ സംഭവം കൊച്ചിയില്‍ നടന്നിട്ട് എത്രപേര്‍ പ്രതിഷേധിച്ചു. തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയും അവരുടെ അവകാശങ്ങളും സംബന്ധിച്ച് ഒരു ചര്‍ച്ചയ്ക്ക് തന്നെ സാധ്യതയുണ്ടായിട്ടും ആരും അനങ്ങിയില്ല. ഏതോ ഒരു കൈയ്യുറ ഫാക്ടറിയില്‍ ജോലിചെയ്യുന്നവരുടെ പ്രശ്‌നം, അതിനെ അത്രയ്ക്കങ്ങ് പെരുപ്പിച്ച് കാട്ടേണ്ട ആവശ്യം ഇല്ല എന്നതുകൊണ്ടാണോ ഇത്തരത്തിലൊരു സമീപനം. കാക്കനാടുള്ള പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലൗസ് ഫാക്ടറിയിലെ സാധാരണക്കാരായ ജീവനക്കാരികളുടെ ഉടുതുണി അഴിച്ച് പരിശോധിക്കേണ്ടിവന്ന സംഭവത്തെക്കുറിച്ച് അറിയുമ്പോഴാണ് മുക്കത്ത് കൈവച്ചുപോകുന്നത്. ടോയ്‌ലറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നാപ്കിന്‍ ഉപയോഗിച്ചതാരാണെന്ന് കണ്ടെത്താനായിരുന്നു ഈ പരിശോധന. പരിശോധന നടത്തിയതാകട്ടെ അവിടുത്തെ രണ്ട് വനിതാ സൂപ്പര്‍വൈസര്‍മാരും. വനിതകളാണ് പരിശോധന നടത്തിയത് എന്നതുകൊണ്ട് അത് ഒരു സ്ത്രീയുടെ സ്വകാര്യതയ്ക്കും അഭിമാനത്തിനും എതിരെയുള്ള കടന്നുകയറ്റം അല്ലാതാവുന്നില്ല. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉപയോഗിക്കാന്‍ ഈ സ്ഥാപനത്തില്‍ ഒരു ടോയ്‌ലറ്റ് മാത്രമാണുള്ളതും. ഇതുതന്നെ ഏറ്റവും വലിയ അനീതിയാണ്. മാത്രമല്ല തൊഴിലിടങ്ങളെ സംബന്ധിക്കുന്ന നിയമത്തിന്റെ കടുത്ത ലംഘനം കൂടിയാണ്. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് ജോലിചെയ്യുന്നിടത്ത് സ്ത്രീക്കും പുരുഷനും വെവ്വേറെ മൂത്രപ്പുരകള്‍ അനിവാര്യമാണെന്നിരിക്കെ ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍പ്പോലും ഏര്‍പ്പെടുത്താതെ ജീവനക്കാരെ മൃഗങ്ങളെപ്പോലെ പരിഗണിക്കുന്ന ഒട്ടനവധി സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. കാക്കനാട് സെസില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലൗസ് നിര്‍മാണ സ്ഥാപനമായ അസ്മ റബ്ബര്‍ പ്രൊഡക്ട്‌സ് ഇതിനൊരു ഉദാഹരണം മാത്രം. ഈ സ്ഥാപനത്തിലെ 45 ഓളം വരുന്ന ജീവനക്കാരികളെയാണ് വസ്ത്രമഴിച്ചുള്ള ദേഹപരിശോധനയ്ക്ക് വിധേയരാക്കിയത്. മാത്രമല്ല ഒന്നിലധികം തവണ ഇവര്‍ക്ക് മൂത്രമൊഴിക്കാന്‍പോകാന്‍ അനുമതിയില്ലയെന്നും ജീവനക്കാരികള്‍തന്നെ വെളിപ്പെടുത്തുകയും ചെയ്തു. ഈ സ്വാതന്ത്ര്യമില്ലായ്മയല്ലേ ചോദ്യം ചെയ്യപ്പേടേണ്ടത്. ഒരു സ്ഥാപനത്തിന് പ്രവര്‍ത്തനാനുമതി നല്‍കുന്നതിന് മുമ്പ് അടിസ്ഥാന സൗകര്യവും ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ലേബര്‍ കമ്മീഷനാണ്. എന്നാല്‍ പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ നടപടിക്രമങ്ങള്‍ ഒന്നുംതന്നെ ബാധകമല്ല. കാരണം ലേബര്‍ കമ്മീഷന് സെസിനുള്ളില്‍ പ്രവേശിച്ചുള്ള അന്വേഷണം സാധ്യമല്ല എന്നതുതന്നെ. ഇക്കണോമിക് സോണ്‍ ഡെവലപ്‌മെന്റ് ഓഫീസറുടെ അനുമതിയോടുകൂടിമാത്രമേ ഇവിടെ പരിശോധന നടത്താനും സാധിക്കു. പൊതുഇടങ്ങളിലുള്ള ശൗചാലയങ്ങളില്‍പ്പോലും പോകാന്‍ പൊതുവെ സ്ത്രീകള്‍ക്ക് മടിയാണ്. നിവൃത്തിയില്ലെങ്കില്‍ മാത്രമേ അവര്‍ ആ സാഹസത്തിന് തയ്യാറാകു. യാത്രചെയ്യുമ്പോള്‍ മൂത്രശങ്ക ഒഴിവാക്കാന്‍വേണ്ടി വെള്ളംപോലും കുടിക്കാതെയാണ് അവരുടെ യാത്ര. എന്നുകരുതി തൊഴില്‍ എടുക്കുന്നിടത്ത് ഇത്തരം സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കാതിരിക്കുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധ്യമല്ല. തൊഴിലാളികളുടെ അവകാശങ്ങള്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ലംഘിക്കപ്പെടുന്നത് എല്ലായിടത്തും പതിവാണ്. അസ്മ ഗ്ലൗസ് നിര്‍മാണ യൂണിറ്റില്‍ ജോലിചെയ്യുന്ന സ്ഥിരം ജീവനക്കാരുടെ എണ്ണവും കുറവാണ്. കൂടുതലും കരാര്‍ തൊഴിലാളികളാണ്. ജീവനക്കാര്‍ സ്ഥിരമായതോ, താല്‍കാലികമായതോ, ദിവസവേതനത്തില്‍ പണിയെടുക്കുന്നവരാണോ എന്നതൊന്നും തൊഴില്‍ നിയമങ്ങള്‍ അനുസരിക്കാതിരിക്കുന്നതിന് കാരണമല്ല. പക്ഷേ സ്ത്രീ ജീവനക്കാര്‍ക്കുള്ള ന്യായമായ അവകാശങ്ങള്‍ പോലും ഇല്ലാതാക്കിക്കൊണ്ടാണ് തൊഴിലിടങ്ങളില്‍ അവരെ ചൂഷണം ചെയ്യുന്നത്. മാനുഷികമായ പരിഗണനപോലും അവര്‍ക്ക് ലഭിക്കുന്നില്ല. പലരുടേയും പ്രശ്‌നങ്ങള്‍ പുറംലോകം അറിയുന്നില്ല എന്നുമാത്രം. അറിഞ്ഞാല്‍ത്തന്നെ ഇത്തരം സംഭവങ്ങള്‍ ഒത്തുതീര്‍പ്പാക്കപ്പെടുകയും ഇതിനെതിരെ പ്രതികരിച്ചവരുടെ ശബ്ദങ്ങള്‍ ഉന്നതരുടെ സ്വാധീനത്താല്‍ സമൂഹത്തില്‍ മുഴങ്ങിക്കേള്‍ക്കാതിരിക്കുകയും ചെയ്യുന്നു. ഏറെനേരം ഒരേനില്‍പ്പില്‍ നിന്ന് ജോലി ചെയ്യേണ്ടിവരുന്ന സ്ത്രീ-പുരുഷ ജീവനക്കാരും അനവധിയാണ്. അസംഘടിത മേഖലയിലാണ് ഇത് കൂടുതലെന്നും പറയാം. ഇവര്‍ക്കുണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങളെക്കുറിച്ച് ആരും വേവലാതിപ്പെടാറില്ല, അവരും അവരുടെ കുടുംബാംഗങ്ങളുമല്ലാതെ. സ്ത്രീജീവനക്കാരെ ഒഴിവാക്കിക്കൊണ്ട് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്നതൊരു വസ്തുതയാണ്. കൂടുതല്‍ വിദേശമൂലധനം ആകര്‍ഷിക്കാന്‍ വേണ്ടിയാണ് കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയ്ക്കു രൂപം നല്‍കിയത്. കയറ്റുമതി ലക്ഷ്യമിട്ടുള്ളവയായതിനാല്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികള്‍ക്കും വലിയതോതില്‍ നികുതിയിളവുകളുണ്ട്. ഇവിടെ ട്രേഡ് യൂണിയനുകള്‍ക്ക് ഒരു അധികാരവുമില്ല. ആരും ചോദ്യം ചെയ്യപ്പെടാനില്ലാത്ത അവസ്ഥയില്‍ മുതലാളിമാരുടെ ഭീഷണിക്കും ആക്കം കൂടാം. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്ന അവസ്ഥ വന്നാല്‍ പിന്നെ ആരും ഒരക്ഷരവും മിണ്ടില്ലല്ലോ. ഇവിടെ ഡിസംബര്‍ 10 ന് നടന്ന സംഭവം വാര്‍ത്തയാകുന്നതിനും ദിവസങ്ങള്‍ വേണ്ടിവന്നതും ഇത്തരം ഭീഷണിയെത്തുടര്‍ന്നാണ്. മൂത്രം ഒഴിക്കാന്‍ പോകുന്നതുപോലുള്ള കാര്യങ്ങള്‍ക്ക് നിബന്ധന വയ്ക്കുന്നതിനെ കാടത്തം എന്നേ വിശേഷിപ്പിക്കാന്‍ പറ്റൂ. ദീര്‍ഘനേരം മൂത്രം തടഞ്ഞുവയ്ക്കുന്നത് ശാരീരിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ആര്‍ക്കും അറിയാഞ്ഞിട്ടല്ല. എത്ര സമത്വം പറഞ്ഞാലും തൊഴിലിടങ്ങളില്‍ സ്ത്രീക്കും പുരുഷനും പ്രത്യേകം മൂത്രപ്പുര വേണമെന്നേ സമത്വവാദികളും വാദിക്കു. പ്രത്യേകം മൂത്രപ്പുരകള്‍ ഉണ്ടായതുകൊണ്ടും പ്രശ്‌നങ്ങള്‍ തീരുന്നില്ല. സാന്നിട്ടറി നാപ്കിനുകള്‍ കളയുന്നതിനു പ്രത്യേക സംവിധാനവും ഉണ്ടാകേണ്ടതാണ്. മാസമുറ സമയത്ത് ശരീരം കൂടുതല്‍ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ഈ സമയത്ത് നാപ്കിന്‍ മൂന്നു തവണയെങ്കിലും മാറേണ്ടതും ശുചിത്വത്തിനും ആരോഗ്യസംരക്ഷണത്തിനും അത്യാവശ്യമാണുതാനും. അല്ലാത്തപക്ഷം അത് അണുബാധയ്ക്കും മറ്റനേകം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടവരുത്തും. സ്ത്രീയെ പ്രത്യുല്‍പാദനത്തിന് പര്യാപ്തമാക്കുന്ന ഒരു ശാരീരിക പ്രക്രിയയാണ് ആര്‍ത്തവം. ആ സമയത്ത് അവര്‍ അനുഭവിക്കുന്ന ശാരീരിക വൈഷമ്യങ്ങള്‍ക്കുപുറമെ മാനസീകമായ പീഢനം കൂടിയാണ് നാപ്കിന്‍ ഉപയോഗിച്ചതാരെന്നുകണ്ടെത്താനുള്ള വസ്ത്രം അഴിച്ചുള്ള പരിശോധന. ഈ പ്രവണത ഒരു തരത്തിലും അംഗീകരിക്കാനും സാധിക്കില്ല. അനാവശ്യ സ്വാതന്ത്രത്തിന് വേണ്ടി മുറവിളികൂട്ടുന്നവരുടെ നിശബ്ദതയും എടുത്തുപറയേണ്ടിയിരിക്കുന്നു. സ്ത്രീയുടെ സ്വകാര്യതയാണ് അത്തരം കാര്യങ്ങള്‍ അതില്‍ ഇടപെടേണ്ടതില്ല എന്ന ചിന്താഗതിയാണോ ആ നിശബ്ദതയക്ക് പിന്നിലെന്നും വ്യക്തമല്ല. പക്ഷേ മറ്റൊരാളുടെ മുന്നില്‍ നഗ്നയാക്കപ്പെടുകയെന്നതിനെ അതിനെ ഇരയായവരുടെ മാനസീകാവസ്ഥയെ നിസാരവത്കരിക്കാന്‍ സാധിക്കില്ലല്ലോ. തൊഴിലിടങ്ങളില്‍ നിയമം ശക്തമാക്കുകയാണ് വേണ്ടത്. ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ലേബര്‍ കമ്മീഷനും തൊഴില്‍ മന്ത്രാലയത്തിനും ബാധ്യതയുണ്ട്. പക്ഷേ പ്രതിഷേധങ്ങള്‍ക്ക് ശക്തികുറയുംതോറും ചൂഷണം ചെയ്യപ്പെട്ടുന്നവരുടെ എണ്ണം വര്‍ധിക്കും. ഭാരതത്തില്‍ ആര്‍ത്തവദിനങ്ങള്‍ ഭീതിയോടെ കാണുന്ന ഒരു ജനവിഭാഗം ഉണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നിയേക്കാം. ദാരിദ്രത്തില്‍, നിത്യവൃത്തിക്കുവേണ്ടി കഷ്ടപ്പെടുന്നവരുടെ കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും ആ ദിവസങ്ങള്‍ തള്ളിനീക്കുന്നത് എങ്ങനെയെന്നുകൂടി അറിയേണ്ടതുണ്ട്. ആര്‍ത്തവദിവസങ്ങളില്‍ ഒട്ടും വൃത്തിയില്ലാത്ത തുണികളും പേപ്പറുകളും എന്തിനേറെ മണ്ണുകുഴച്ചുതും മരത്തിന്റെ തൊലിയും വരെ നാപ്കിനുകള്‍ക്ക് പകരം ഉപയോഗിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്നോര്‍ത്ത് ഞെട്ടേണ്ട കാര്യമില്ല. ആ ദിനങ്ങളില്‍ സ്‌കൂളില്‍ പോകാന്‍ കഴിയാതെ പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെടുന്ന കുട്ടികളുടെ എണ്ണവും കുറവല്ല. ഫെമിനൈന്‍ ഇന്‍ഫന്റ് ഹൈജീന്‍ അസോസിയേഷന്‍ 2010 ല്‍ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം പറയുന്നത്. ഇത്തരം സാഹചര്യങ്ങള്‍വച്ചു നോക്കുമ്പോള്‍ കേരളം എത്ര ഭേദം എന്നുതോന്നാം. എന്നാല്‍ ഇവിടെ നടക്കുന്ന ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കുനേരെ കണ്ണടയ്ക്കാതെ ശക്തമായി പ്രതികരിക്കാനും നടപടിയെടുക്കാനും നമുക്കെല്ലാം ബാധ്യതയുണ്ട്. അല്ലെങ്കില്‍ മറ്റൊരു കാരണംകൊണ്ട് വസ്ത്രമഴിച്ചുള്ള പരിശോധനയ്ക്ക് വിധേയരാകേണ്ടിവരില്ലെന്ന് ആരുകണ്ടു.
മന്നത്താചാര്യന്റെ ഹിന്ദുത്വ വീക്ഷണം - ഇന്ന് മന്നം ജയന്തി
ഹിന്ദുധര്‍മ്മത്തിന്റെ അദ്വിതീയമായ സ്ഥാനത്തെക്കുറിച്ച് മന്നത്ത് പത്മനാഭന് സംശയമേ ഉണ്ടായിരുന്നില്ല.
സനാതനമായ സത്യത്തെയുള്‍ക്കൊള്ളുന്ന ഹിന്ദുധര്‍മ്മത്തിന് ഇതരമതങ്ങളുമായി സഹകരിക്കുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു.
ഈ ധര്‍മ്മത്തെ സംരക്ഷിക്കേണ്ടത് മനുഷ്യരാശിയുടെ ആവശ്യമാണെന്നും അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു.
ലോകപുരോഗതിക്കുവേണ്ടി ഹിന്ദുധര്‍മ്മത്തിന് സാരമായ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം വിശ്വസിച്ചു. ഹിന്ദുധര്‍മ്മത്തിന്റെ നിലനില്‍പ്പിനായുള്ള താത്വികവും പ്രായോഗികവുമായുള്ള സമീപനം ആചാര്യന്‍ കാണിച്ചുതന്നു.
അത് ആചരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് ഇന്നത്തെ തലമുറയുടെ കര്‍ത്തവ്യമാണ്. എന്‍എസ്എസിന്റെ ശതാബ്ദി നിറവില്‍ മന്നത്താചാര്യന്റെ ദീര്‍ഘവീക്ഷണം യാഥാര്‍ത്ഥ്യമാകട്ടെ.
ഒരുറച്ച ഹിന്ദുവായിരുന്നുകൊണ്ടുതന്നെയാണ് സമുദായചാര്യന്‍ മന്നത്ത് പത്മനാഭന്‍ നായന്മാരുടെ ഉന്നതിക്കായി പ്രവര്‍ത്തിച്ചത്. അതുകൊണ്ടാണ് മലയാളമാസം
1120-ല്‍ തൃശൂരില്‍ വച്ചുകൂടിയ അഖിലകേരള സാമുദായിക സംഘടനാ സമ്മേളനത്തില്‍ ഐക്യകേരള സംസ്ഥാപനത്തിന്റെ ആദ്യപടിയായി കേരളത്തിലെ ഹിന്ദുക്കളില്‍ ഐക്യമുണ്ടാകണം എന്ന് അദ്ദേഹം ഉദ്‌ഘോഷിച്ചത്.
ഇതേ സമ്മേളനത്തിലെ ബാക്കി പ്രസംഗവും ഹിന്ദുജനതയ്ക്ക് മാര്‍ഗ്ഗദര്‍കമാകേണ്ടതാണ്. ആചാര്യന്‍ തുടരുന്നു: ” മതത്തെ അടിസ്ഥാനപ്പെടുത്തി ഒരു ചിന്തയേ ആവശ്യമില്ലെന്ന് പറയുന്നവരുണ്ടെങ്കില്‍ അതിനോടുയോജിക്കാന്‍ തയ്യാറല്ല. മതം വേണ്ടന്നുപറയുന്നതിനോടും ഞാന്‍ യോജിക്കുന്നില്ല… വ്യക്തിഗതമായ മതമുണ്ടെങ്കില്‍ അവരെല്ലാം ഒരുമിച്ചുകൂടുമ്പോള്‍ സാമൂഹ്യമായി മതമുണ്ടാകുമെന്നള്ളതും സിദ്ധമാണ്. ഒരു മതത്തേയോ ആചാര്യനെയോ അടിസ്ഥാനമാക്കിയുള്ള സംഘടനകള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ. ഹിന്ദുസമുദായത്തില്‍പ്പെട്ടവര്‍ വിവിധ ജാതികളായി പിരിഞ്ഞ് അന്യോന്യമത്സരത്തിലും ഉച്ചനീചത്വത്തിലുമാണ് ഇന്നും കഴിയുന്നത്. അവര്‍ ഒന്നാകാനുള്ള വിഷമങ്ങളും പ്രതിബന്ധങ്ങളും അനവധിയാണെങ്കിലും മതാദര്‍ശപ്രകാരം അവര്‍ ഒരേ ലക്ഷ്യത്തിലെത്താന്‍ ആഗ്രഹിക്കുന്നവരാണ്. ഒരേ ആചാര്യന്മാരെ ആരാധിക്കുന്ന പിന്‍തുടര്‍ച്ചക്കാരാണ്. മതവും ആചാര്യനുമില്ലെങ്കില്‍ ജനസാമാന്യത്തെ നമ്മുടെ പിന്നില്‍ കാണുകയില്ല. ശ്രീനാരായണഗുരുവിന്റെ നാമധേയം ഇല്ലായിരുന്നെങ്കില്‍ എസ്എന്‍ഡിപി യോഗത്തിന് ഇന്നുകാണുന്ന ഘടന ഉണ്ടാകുകയോ നിലനില്‍ക്കുകയോ ചെയ്യുകയില്ലായിരുന്നു.
(മന്നത്ത് പത്മനാഭന്റെ പ്രസംഗങ്ങള്‍, വോള്യം 12, പേജ് 50-51) എന്തൊരു ക്രാന്തദര്‍ശിത്വം എഴുപത് വര്‍ഷംമുന്‍പ് ആചാര്യന്‍ പ്രകടിപ്പിച്ച ഈ അഭിപ്രായങ്ങളുടെ പ്രസക്തി മനസ്സിലാകണമെങ്കില്‍, 2002ല്‍ വേള്‍ഡ് വാച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലെ (പേജ്164) വിവരങ്ങള്‍കൂടി കാണുക. പ്രസ്തു റിപ്പോര്‍ട്ടനുസരിച്ച് ലോകത്തിലെ 80-90 ശതമാനമാള്‍ക്കാരും ഏതെങ്കിലും മതത്തിലെ അംഗങ്ങളാണ്. മാത്രമല്ല, മറ്റേതുവിശ്വാസത്തെക്കാളും മനുഷ്യരില്‍ ദൃഢമായിട്ടുള്ളത് മതവിശ്വാസമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. എസ്എന്‍ഡിപിയുടെ കാര്യത്തില്‍ മന്നത്ത് പത്മനാഭന്‍ പറഞ്ഞ കാര്യവും നൂറ് ശതമാനം ശരിയാണ്. ഈഴവ സമുദായത്തിന്റെ ഇന്നത്തെ സര്‍വ്വതോമുഖമായ പുരോഗതിയുടെ അടിസ്ഥാന പ്രേരകശക്തി ശ്രീനാരായണഗുരുദേവനാണ്. ആധ്യാത്മികാചാര്യന്റെ അനുഗ്രഹമാണ് എസ്എന്‍ഡിപിയുടെ ഐശ്വര്യവും പുരോഗതിയും. ഹിന്ദുഏകീകരണം ശാശ്വതമാകണമെങ്കില്‍ അത് കെട്ടിപ്പടുക്കേണ്ടത് അധികാരത്തിന്റെ ആകര്‍ഷണത്താലല്ല. മറിച്ച്, സംസ്‌ക്കാരത്തിന്റെയും ആധ്യാത്മികതയുടെയും അടിത്തറയിലാകണമെന്നാണ് മന്നത്താചാര്യന്‍ ഊന്നിപ്പറഞ്ഞിട്ടുള്ളത്. നായരും ഈഴവനും നമ്പൂതിരിയും പുലയനും ഹിന്ദുമതത്തിലെ അവിഭാജ്യഘടകങ്ങളാണെന്നും അവര്‍ തമ്മിലുള്ള മത്സരവും ഉച്ചനീചത്വവും ഒഴിവാക്കണമെന്നും മന്നം അതിയായി ആഗ്രഹിച്ചിരുന്നു. ഹിന്ദുക്കള്‍ യോജിക്കുന്നത് ഒരിക്കലും മറ്റുമതക്കാരോടെതിര്‍ക്കാനല്ലെന്നും അദ്ദേഹം വ്യക്തമായി പറയുന്നു. ” ഹിന്ദുക്കള്‍ ഒന്നായി സംഘടിക്കുന്നത് ഇതര മതക്കാരെ എതിര്‍ക്കാനാണെന്ന് തോന്നുമെങ്കില്‍ ഓരോജാതി സംഘടനയും ഉണ്ടാകുന്നത് ഇതരജാതിക്കാരെ എതിര്‍ക്കാനാണെന്ന് വന്നുകൂടുമല്ലോ. അങ്ങനെയൊരു ശങ്ക നമുക്കാര്‍ക്കും ഇല്ലെന്നനുഭവമുള്ളപ്പോള്‍, ഹിന്ദുസംഘടനക്കുമാത്രം അതുവരുമെന്ന് വിചാരിക്കാന്‍ ന്യായം കാണുന്നില്ല… ഹിന്ദു സമുദായ സംഘടനയുണ്ടാക്കുന്നവര്‍ അവരുടെ സഹോദരന്മാരായ മുസ്ലിമുകളെയും ക്രിസ്ത്യനികളെയും എതിര്‍ക്കാന്‍ ഒരുമിച്ചുകൂടുമെന്ന് ഭ്രാന്തന്മാര്‍മാത്രമേ വിചാരിക്കയുള്ളൂ. ഐക്യകേരളത്തിന്റെ ഒന്നാം അധ്യായം ഹിന്ദുസമുദായസംഘടനയാണെന്നാണ് എന്റെ വിനീതമായ അഭിപ്രായം”. (പേജ് 51,52) ഈ അഭിപ്രായത്തിന്റെയടിസ്ഥാനത്തില്‍ എങ്ങനെ ഹിന്ദുക്കള്‍ക്കൊന്നാകാമെന്ന് പിന്നീടുള്ള പ്രസംഗങ്ങളില്‍ അദ്ദേഹം വ്യക്തമാക്കുന്നു. നമ്പൂതിരിമുതല്‍ നായാടിവരെ ‘നമ്പൂതിരിമുതല്‍ നായാടിവരെ’ ഹിന്ദുത്വത്തിന്റെ കൂടക്കീഴില്‍ നിന്നുകൊണ്ട് ജീവിതശൈലീപരവും, സാമ്പത്തികവും സാമൂഹ്യവുമായ വ്യത്യാസങ്ങളെ സാംസ്‌കാരികവും ആധ്യാത്മികവുമായ ഐക്യബോധത്തിലൂടെ പരിഹരിക്കുകയെന്നതായിരുന്നു മന്നത്തിന്റെ മാര്‍ഗ്ഗം. നമ്പൂതിരി സമൂഹത്തിന്റെ നില ഉയര്‍ന്നതട്ടിലാണെങ്കില്‍, പറയനെയും പുലയനെയും നമ്പൂതിരിയുടെ നിലവാരത്തിലേക്ക് കൈപിടിച്ചുയര്‍ത്തണമെന്നാണ് മന്നം പറഞ്ഞത്. മുകളില്‍ നില്‍ക്കുന്നവരെ താഴേക്കുവലിച്ചിട്ടല്ല സമത്വവും പുരോഗതിയും നേടേണ്ടത്. താഴെയുള്ളവരെക്കൂടി സ്‌നേഹത്തോടെയും സാഹോദര്യത്തോടെയും കൈപിടിച്ചുയര്‍ത്തുന്നതാണ് യാഥാര്‍ത്ഥ പുരോഗതി. ഇങ്ങനെ പുരോഗതിനേടിയാല്‍ മാത്രമേ ഹിന്ദുസമുദായത്തില്‍ അവശതയനുഭവിക്കുന്നവരെ ചൂക്ഷണം ചെയ്യാനുള്ള കുതന്ത്രങ്ങളെ തോല്‍പിക്കാനും സാധിക്കൂ എന്ന് മന്നം വിശ്വസിച്ചു. ഈ വിശ്വാസത്തിന്റെ പ്രതിഫലനമാണ് അവശസമുദായത്തിന്റെ മതംമാറ്റത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം. ” ഹിന്ദുക്കളില്‍ അവശസമുദായമുള്ളതുപോലെ ക്രിസ്ത്യാനികളിലും അവശര്‍ മാത്രമല്ല അവശസമുദായം തന്നെയുണ്ടെന്നും അവരെയും പട്ടികജാതിയില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് ഇപ്പോഴത്തെവാദം. മതംമാറിയ ക്രിസ്ത്യാനിക്ക് ഒന്നുരണ്ടു ശതവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവശതനീങ്ങിയില്ലെങ്കില്‍ പിന്നെയെന്തിനീ പാഴ്‌വേലക്ക് പോയെന്ന് മനസ്സിലാകുന്നില്ല. ഹിന്ദുമതത്തില്‍ അവശതക്കൊരു കുറവുമില്ലാതെയിരിക്കുമ്പോള്‍ എന്തിനവരെ മറ്റൊരവശതയിലേക്ക് കൂട്ടികൊണ്ടുപോകുന്നു”. (പേജ് 253) ക്ഷേത്രപ്രവേശനവും ഭരണവും ഹിന്ദുഐക്യത്തിനുവേണ്ടി നിലകൊണ്ട ആചാര്യന്‍ എല്ലാഹിന്ദുക്കളുടെയും ക്ഷേത്രപ്രവേശനത്തിനു വേണ്ടി സമരം നയിച്ചത് സ്വാഭാവികം മാത്രം. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം അവിടംകൊണ്ട് നിന്നില്ലെന്ന് ക്ഷേത്രഭരണത്തെക്കുറിച്ചുള്ള അഭിപ്രായത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. ”ഇവിടുത്തെ ക്ഷേത്രങ്ങളും സ്വത്തുക്കളും 140 കൊല്ലം മുമ്പ് അന്നത്തെ സര്‍ക്കാര്‍ എങ്ങനെയാണ് കയ്യടക്കിയതെന്ന് ആദ്യം മനസ്സിലാക്കണം. പന്തീരായിരത്തോളം ക്ഷേത്രങ്ങളും അവയുടെ സ്വത്തുക്കളും ഏറ്റെടുത്ത് ട്രസ്റ്റിഭരണം നടത്തിയ സര്‍ക്കാര്‍ പതിനായിരത്തില്‍പരം ക്ഷേത്രങ്ങളെയും അവരുടെ നോട്ടക്കുറവുകൊണ്ട് നശിപ്പിക്കുകയും വസ്തുക്കളെ തിരിച്ചറിയാന്‍ നിവൃത്തിയില്ലാത്തവിധം സര്‍ക്കാര്‍ വസ്തുവില്‍ ലയിപ്പിക്കുകയും ചെയ്ത പാതകത്തിനുത്തരം പറയേണ്ടതാണ്. അതു നിമിത്തം ഇവിടുത്തെ ഹിന്ദുക്കള്‍ക്കുണ്ടായിട്ടുള്ള ക്ഷീണവും നഷ്ടവും ചെറുതൊന്നുമല്ല. നെഹ്‌റുവിന്റെ മതേതര രാഷ്ട്രത്തില്‍ ഹിന്ദുവെന്ന് പറയുന്നതുതന്നെ കുറ്റകരമെന്ന് അധികാരികള്‍ക്കു തോന്നാം” (പേജ്- 262) ഹിന്ദുധര്‍മ്മത്തിന്റെ അദ്വിതീയമായ സ്ഥാനത്തെക്കുറിച്ച് മന്നത്ത് പത്മനാഭന് സംശയമേ ഉണ്ടായിരുന്നില്ല. സനാതനമായ സത്യത്തെയുള്‍ക്കൊള്ളുന്ന ഹിന്ദുധര്‍മ്മത്തിന് ഇതരമതങ്ങളുമായി സഹകരിക്കുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഈ ധര്‍മ്മത്തെ സംരക്ഷിക്കേണ്ടത് മനുഷ്യരാശിയുടെ ആവശ്യമാണെന്നും അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. ലോകപുരോഗതിക്കുവേണ്ടി ഹിന്ദുധര്‍മ്മത്തിന് സാരമായ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം വിശ്വസിച്ചു. ”ലോകത്തില്‍ പലമതങ്ങളുണ്ടെങ്കിലും അങ്ങേയറ്റംവരെ ഉത്തരംമുട്ടാതെ നില്‍ക്കുന്ന മതം സനാതന മതംമാത്രമേ ഉള്ളൂ എന്ന് പക്ഷപാതബുദ്ധിയില്ലാത്ത ഇതരമതസ്ഥരും സമ്മതിക്കും. ചിന്തകന്മാര്‍ക്കു സമാധാനം നല്‍കുന്ന വേദാന്തം സനാതനമതത്തിന്റെ തായ്‌വേരാണ്. ഈ പരമാര്‍ത്ഥം യൂറോപ്പിലേയും അമേരിക്കയിലേയും ചിന്തകന്മാരും സമ്മതിച്ചുകഴിഞ്ഞിട്ടുണ്ട്.” ഹിന്ദുധര്‍മ്മത്തിന്റെ നിലനില്‍പ്പിനായുള്ള താത്വികവും പ്രായോഗികവുമായുള്ള സമീപനം ആചാര്യന്‍ കാണിച്ചുതന്നു. അത് ആചരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് ഇന്നത്തെ തലമുറയുടെ കര്‍ത്തവ്യമാണ്. എന്‍എസ്എസിന്റെ ശതാബ്ദി നിറവില്‍ മന്നത്താചാര്യന്റെ ദീര്‍ഘവീക്ഷണം യാഥാര്‍ത്ഥ്യമാകട്ടെ.
Subscribe to:
Posts (Atom)