@ ടാങ്കർ ഡ്രൈവർമാർക്ക് സർട്ടിഫിക്കറ്റ്
സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന്
ചാത്തന്നൂർ : പാചകവാതകവുമായി പായുന്ന ലോറികളും (ബുള്ളറ്റ് ടാങ്കർ)ചെറിയ ഗ്യാസ് സിലിണ്ടറുമായി പായുന്ന ടാങ്കർ ലോറികളും വീടുകളിലേക്ക് ഗ്യാസ് സിലിണ്ട റുമായി എത്തിക്കുന്ന ചെറു വാഹനങ്ങളും
അടിക്കടി അപകടത്തിൽപ്പെട്ടിട്ടും ഡ്രൈവർമാരുടെ യോഗ്യത കല്പിച്ചു നൽകുന്നത് ഇപ്പോഴും സ്വകാര്യ സ്ഥാപനങ്ങൾ. സർക്കാരിലേക്ക് എത്തിച്ചേരേണ്ട തുകയാണ് ഇപ്രകാരം സ്വകാര്യന്മാർ കൈയടക്കുന്നത്. തങ്ങൾക്ക് ലഭിക്കേണ്ട ഈ അധികാരം ഇപ്പോഴും അന്യം നിൽക്കുന്നതിൽ പ്രതിഷേധത്തിലാണ് ഫയർഫോഴ്സുകാർ.
അപകടമുണ്ടാവുമ്പോൾ ടാങ്കർ ലോറികൾ ഓടിക്കുന്ന ഡ്രൈവർമാരുടെ പ്രായവും പരിചയസമ്പത്തുമാണ് ആദ്യഘട്ടത്തിൽ വിചാരണയ്ക്കു വരിക. എന്നാൽ ഇവർക്ക് ടാങ്കർ ഓടിക്കാനുള്ള അനുമതി നൽകുന്നതിലാണ് ഫയർഫോഴ്സിന് പരാതിയുള്ളത്. ഫയർ ആൻഡ് സേഫ്റ്റി കോഴ്സ് നടത്തുന്ന ഏതെങ്കിലും സ്ഥാപനത്തിൽ മൂന്നു ദിവസത്തെ ദുരന്തനിവാരണ കോഴ്സിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റ് ആർ.ടി ഓഫീസിൽ ഹാജരാക്കി ഡ്രൈവിംഗ് ലൈസൻസിൽ കൂട്ടിച്ചേർത്താൽ ഒരുവർഷത്തേക്ക് ഗ്യാസ് ടാങ്കർ ലോറികൾ ഓടിക്കാനുള്ള പൂർണ അനുമതിയായി. സർക്കാർ ഈ സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ സ്വകാര്യ സ്ഥാപനങ്ങളെയാണ് ഡ്രൈവർമാർ ആശ്രയിക്കുന്നത്. 1000-1500 രൂപ ഫീസ് വാങ്ങി ഇവർ സർട്ടിഫിക്കറ്റ് നൽകും. കോഴ്സിൽ പങ്കെടുക്കണമെന്ന് നിർബന്ധമൊന്നുമില്ല, ഫീസ് നൽകിയാൽ സർട്ടിഫിക്കറ്റ് ഉറപ്പ്.
അപകടമുണ്ടാവുമ്പോൾ ആദ്യം വിളിയെത്തുന്നത് ഫയർഫോഴ്സിലേക്കാണെങ്കിലും തുടർന്നുള്ള കാര്യങ്ങളിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് സേനാംഗങ്ങൾക്ക് പരാതിയുണ്ട്. ടാങ്കർ ഡ്രൈവർമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള ചുമതല തങ്ങൾക്കു നൽകിയാലെന്താണെന്നാണ് ഫയർഫോഴ്സുകാർ ചോദിക്കുന്നത്. 500 രൂപ ഫീസ് ഈടാക്കിയാലും നല്ലൊരു തുക ഖജനാവിലെത്തും. ഇങ്ങനെയൊരു ആവശ്യവുമായി വകുപ്പുമന്ത്രിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കാരണം ഇപ്പോഴും വ്യക്തമല്ല.
ടാങ്കർ ലോറികൾ ഉൾപ്പെടെ റോഡിൽ ഏതു വണ്ടിക്കു തീപിടിച്ചാലും കെടുത്തേണ്ട ചുമതല ഫയർഫോഴ്സിനാണ്. പക്ഷേ, വാഹനം പരിശോധിക്കാൻ യാതൊരു അധികാരവുമില്ല! തീയും പുകയും കെടുമ്പോൾ പൊലീസും മോട്ടോർ വാഹന വകുപ്പും രംഗത്തിറങ്ങും. ഇതെവിടത്തെ ന്യായമാണെന്നാണ് ഫയർഫോഴ്സുകാരുടെ ചോദ്യം. തീപിടിച്ച വണ്ടികൾ പരിശോധിക്കാനും കേസെടുക്കാനുമുള്ള അനുമതി തങ്ങൾക്കുകൂടി നൽകണമെന്ന ആവശ്യവും അധികൃതർക്കു മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല.
റൂട്ടെങ്കിലും അറിയിക്കണം
പുല്ലിനായാലും ഗ്യാസ് ടാങ്കറിനായാലും തീപിടിച്ചാൽ ഉടൻ വിളിക്കുന്നത് നൂറ്റി ഒന്നിലേക്ക്. നിമിഷങ്ങൾക്കുള്ളിൽ ഫയർഫോഴ്സുകാർ സംഭവസ്ഥലത്ത് എത്തിയില്ലെങ്കിൽ ചീത്തവിളി ഉറപ്പ്. പരമ്പരാഗതമായുള്ള ഇത്തരം 'ആചാര'ങ്ങളിൽ പരാതിയില്ലെങ്കിലും തങ്ങൾക്ക് അധികാരം ലഭിക്കേണ്ട പ്രവൃത്തികളിൽ നിന്ന് ഒഴിവാക്കുന്നതിലാണ് പ്രതിഷേധം. ഗ്യാസ് ടാങ്കറുകൾ പോവുന്ന റൂട്ടിനെപ്പറ്റി അതത് ഫയർ സ്റ്റേഷനുകളിൽ അറിയിക്കാനുള്ള സംവിധാനമുണ്ടാക്കിയാൽ മുൻകരുതൽ കൈക്കൊള്ളാനാവുമെന്ന നിർദേശവും ഫയർഫോഴ്സ് മുന്നോട്ടുവയ്ക്കുന്നു. ഇക്കാര്യവും നേരത്തേ ഉന്നയിച്ചതാണ്. ഒന്നുകിൽ എണ്ണക്കമ്പനികളിൽ നിന്ന് അറിയിപ്പ് നൽകണം. അതല്ലെങ്കിൽ ഡ്രൈവർമാർ വിവരം കൈമാറിയാലും മതി. പറഞ്ഞു കുഴയുന്നതല്ലാതെ പരിഗണന കിട്ടുന്നില്ലെന്ന് ഫയർഫോഴ്സുകാർ പരിതപിക്കുന്നു.
No comments:
Post a Comment