Friday, 27 April 2018

കേരളം രാജ്യത്തിന്റെ മാനംകെടുത്തി

അതിഥികളെ ദേവന്മാരായി കാണുന്ന സംസ്‌കാരമാണ് ഭാരതത്തിന്റേത്. ഭരണമേതായാലും ആ സങ്കല്പത്തിന് അധികം കോട്ടമൊന്നും ഉണ്ടാകാറില്ല. ദൈവത്തിന്റെ സ്വന്തം നാടെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ പലപ്പോഴും സംസ്‌കാരത്തിന് ഭംഗം വരാറുണ്ട്. വിദേശ വനിതകളെ കളിയാക്കാനും ചിലപ്പോള്‍ കൈകാര്യം ചെയ്യാന്‍ പോലും തയ്യാറായ ചരിത്രമുണ്ട്. അതെല്ലാം പിന്‍തള്ളി, കൊലപ്പെടുത്തുന്ന അവസ്ഥയില്‍ കേരളം എത്തിയിരിക്കുന്നു. ലാത്വിയ സ്വദേശി ലിഗയെ കാണാതായിട്ട് ഏതാണ്ട് ഒന്നരമാസമായി. വിഷാദരോഗത്തിനുള്ള ചികിത്സക്കാണ് അവര്‍ കേരളത്തിലെത്തിയത്. ഭര്‍ത്താവും സഹോദരിയും ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരം പോത്തന്‍കോട് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് കോവളത്ത് എത്തിയ അവരെ മാര്‍ച്ച് 14-നാണ് കാണാതായത്. അന്നുതന്നെ പോലീസില്‍ പരാതി നല്‍കിയെങ്കിലും ജാഗ്രതാപൂര്‍ണമായ ഒരന്വേഷണവും നടന്നില്ല.  പോത്തന്‍കോട് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നടപടി ഇല്ലാതായപ്പോഴാണ് വിഴിഞ്ഞം, കോവളം സ്റ്റേഷനുകളില്‍ പരാതി നല്‍കിയത്. ലിഗയെ കാണാനില്ലെന്ന വിവരം പോലും ഈ സ്റ്റേഷനുകളിലെത്തിയിരുന്നില്ല.
വിദേശികളുടെ മുഖ്യ ആകര്‍ഷണകേന്ദ്രമാണ് കോവളം. അവിടെയെത്തുന്ന അതിഥികള്‍ക്ക് സഹായവും സംരക്ഷണവും നല്‍കാന്‍ പോലീസിന് ബാധ്യതയുണ്ട്. പക്ഷേ കൈമലര്‍ത്തുകയാണ് പോലീസ് ചെയ്തത്. ഇതിനിടയില്‍ മുഖ്യമന്ത്രിയെ കണ്ട് സങ്കടം ബോധിപ്പിക്കാന്‍ ലിഗയുടെ സഹോദരി ആഗ്രഹിച്ചു. നിയമസഭാ മന്ദിരത്തിലെത്തി കാണാമെന്ന വിവരം ലഭിച്ചു. മണിക്കൂറുകള്‍ കാത്തിരുന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്താന്‍ അനുവാദം ലഭിച്ചില്ല. അവരുടെ മുന്നില്‍ക്കൂടി മുഖ്യമന്ത്രി സ്ഥലം വിടുകയും ചെയ്തു. എന്നാല്‍ കാണാന്‍ വിസമ്മതിച്ചില്ലെന്നാണ് മുഖ്യമന്ത്രി ഒരുമാസത്തിനുശേഷം വിശദീകരിക്കുന്നത്. ഡിജിപിയെ കാണാന്‍ ചെന്നപ്പോഴും നിരാശയായിരുന്നു ഫലം. ആവലാതി കേട്ട് ആശ്വസിപ്പിക്കുന്നതിന് പകരം ശകാരമാണ് ലഭിച്ചതെന്ന പരാതിയും ലിഗയുടെ സഹോദരി പറയുന്നു. ഒരു മാസത്തോളം കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണ്ണാടത്തിലും ലിഗയ്ക്കുവേണ്ടി ഭര്‍ത്താവും സഹോദരിയും അന്വേഷിച്ചു നടന്നതാണ്. ലിഗയുടെ ചിത്രം സഹിതം സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യം ചെയ്തു. ഒരു തുമ്പും കണ്ടെത്താനായില്ല.
ഒടുവില്‍ കഴിഞ്ഞദിവസം കോവളത്തിനടുത്ത് കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സാധാരണനിലയ്ക്ക് ഒരാള്‍ക്ക് പ്രത്യേകിച്ച് വിദേശവനിതയ്ക്ക് കടന്നുചെല്ലാന്‍ പറ്റാത്ത സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം പരിശോധന പൂര്‍ത്തിയായാലേ വ്യക്തമാകൂ. സംഭവം ഏതായാലും ദുഃഖകരമാണ്. കേരളത്തിലെ ക്രമസമാധാനനില ആശ്വാസകരമല്ല. കസ്റ്റഡിമരണങ്ങള്‍ വര്‍ധിക്കുന്നു. പോലീസ് സ്റ്റേഷനില്‍ മൂന്നാംമുറ പ്രയോഗിക്കുന്നു. വരാപ്പുഴയില്‍നിന്ന് അനുദിനം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പീഡനത്തിന്റെയും ക്രൂരതയുടെയും ഭയപ്പെടുത്തുന്ന വാര്‍ത്തകളില്‍ ഇടപെട്ട് നടപടി സ്വീകരിക്കാന്‍ മുന്നോട്ടുവരുന്ന മനുഷ്യാവകാശ കമ്മീഷനെ വിരട്ടുന്ന മുഖ്യമന്ത്രിയെയാണ് കേരളം കാണുന്നത്. ഇതൊക്കെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്ന ആശ്വാസത്തിലിരിക്കാം. എന്നാല്‍ വിദേശ വനിതയുടെ ദുരൂഹമരണം കേരളത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ മാനക്കേടാണുണ്ടാക്കിയത്. കേരളത്തിലേക്ക് വരുന്ന വിദേശികള്‍ക്ക് ഭയപ്പാട് സൃഷ്ടിക്കുന്ന സംഭവത്തില്‍ തക്കസമയത്ത് ഇടപെടാന്‍ കഴിയാത്തതില്‍ സംസ്ഥാന സര്‍ക്കാര്‍, പ്രത്യേകിച്ച് മുഖ്യമന്ത്രി മാപ്പുറയുകയാണ് വേണ്ടത്.

ആത്മീയത വില്‍പനച്ചരക്കാവരുത്

ഭാരതത്തിന്റെ ആത്മാവ് ആത്മീയതയാണ്. ആര്‍ഷ സംസ്‌കാരത്തിന്റെ അവിഭാജ്യഘടകമായ ആത്മീയത സന്മാര്‍ഗദര്‍ശനമാണ്. അത് വില്പന ചരക്കോ വ്യാജവ്യാപാരത്തിനുള്ള ഉപാധിയോ അല്ല. നിര്‍ഭാഗ്യവശാല്‍ ചിലര്‍ കാവിയും കമണ്ഡലുകളുമൊക്കെ സ്വാര്‍ത്ഥലാഭത്തിനായി ദുരുപയോഗപ്പെടുത്തുന്നു. അത്തരത്തില്‍ പലരും ഇതിനകം തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. അതില്‍ ഏറെ പ്രധാനപ്പെട്ടതാണ് മരണംവരെ തടവ് ശിക്ഷ ലഭിച്ച ആസാറാം ബാപ്പു. 
2013ല്‍ രാജസ്ഥാനിലെ ജോധ്പൂര്‍ ആശ്രമത്തില്‍ പതിനാറ് വയസ്സുകാരിയെ പീഡിപ്പിച്ചതാണ് കേസ്. ഉത്തര്‍പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടി ആശ്രമത്തില്‍ താമസിച്ച് പഠിക്കവെയാണ് പീഡനം. ഗുജറാത്തിലും ആസാറാമിനെതിരെ പീഡനക്കേസുണ്ട്. സൂറത്തിലുള്ള രണ്ട് സഹോദരിമാരാണ് ആസാറാമിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ പരാതി നല്‍കിയത്. അനുയായികള്‍ അക്രമമഴിച്ചുവിടാന്‍ സാധ്യതയുണ്ടായതിനാല്‍ കനത്ത സുരക്ഷയിലായിരുന്നു വിധി പ്രസ്താവം. കഴിഞ്ഞ ആഗസ്തില്‍ ഗുര്‍മീത് റാം റഹീമിനെ ശിക്ഷിച്ചപ്പോള്‍ ഹരിയാനയില്‍ അക്രമം അരങ്ങേറിയിരുന്നു. ആസാറാം ബാപ്പുവും ഗുര്‍മിതും ഏറെ അനുയായികളും അതിലേറെ സമ്പത്തുമുള്ള ആശ്രമ ഉടമകളുമായിരുന്നു. അവയൊന്നും കുറ്റകൃത്യത്തിനെതിരെ നടപടി സ്വീകരിക്കുന്നതിന് തടസമല്ലെന്നാണ് ഇരുവരുടെയും അറസ്റ്റും നടപടികളും വ്യക്തമാക്കുന്നത്. ലക്ഷക്കണക്കിന് അനുയായികളുള്ള ആള്‍ദൈവമായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്ത ആസാറാം തന്നെ മാനഭംഗപ്പെടുത്തിയെന്നു 16 വയസ്സുകാരിയായ അന്തേവാസി വിളിച്ചുപറഞ്ഞതോടെയാണ് ആശ്രമത്തിലെ കൊള്ളരുതായ്മകള്‍ പുറംലോകമറിഞ്ഞത്. 2008 ല്‍ രണ്ട് ആണ്‍കുട്ടികളുടെ മൃതദേഹം വെട്ടിമുറിച്ചനിലയില്‍ ആശ്രമത്തിനു സമീപമുള്ള അഴുക്കുചാലില്‍ നിന്നു ലഭിച്ചതു മുതല്‍ ആസാറാം സംശയത്തിന്റെ നിഴലിലായിരുന്നു. പക്ഷേ, അവയ്‌ക്കൊന്നും വ്യക്തമായ തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചില്ല. ആഭിചാരക്രിയകള്‍ ചെയ്യുന്നതിനിടെയാണ് അസാറാം തന്നെ മാനഭംഗപ്പെടുത്തിയതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ശാരീരിക ബന്ധത്തിലൂടെ ദൈവത്തിലേക്ക് അടുക്കാന്‍ സാധിക്കുമെന്നു പറഞ്ഞ ആസാറാം പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തി. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. തനിക്കെതിരെ സംസാരിച്ചവരെയൊക്കെ ദുരൂഹസാഹചര്യത്തില്‍ കാണാതായതിന്റെ കഥകളും മുന്നറിയിപ്പിന്റെ സ്വരത്തില്‍  പറഞ്ഞ് 'നിനക്കും വരും അവരുടെ വിധി'യെന്ന താക്കീതും. എന്നാല്‍, ധൈര്യം കൈവിടാതിരുന്ന പെണ്‍കുട്ടി ഇക്കാര്യം മാതാപിതാക്കളെയും പിന്നീടു പൊലീസിനെയും അറിയിച്ചു. രണ്ടു മാസത്തിനുശേഷം ആസാറാമിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ മാനഭംഗ പരാതിയുമായി രണ്ടു സഹോദരിമാര്‍ രംഗത്തെത്തി. ഇരുവരും ചേര്‍ന്ന് അഞ്ചുവര്‍ഷം തങ്ങളെ തുടര്‍ച്ചയായി മാനഭംഗപ്പെടുത്തിയെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍.
രാജ്യത്തിനകത്തും പുറത്തും ആത്മീയ പ്രവര്‍ത്തനങ്ങളും ആശ്രമങ്ങളും നിരവധിയുണ്ട്. അവയില്‍ മഹാഭൂരിപക്ഷവും ത്യാഗവും സേവനവും നടത്തുന്നവയാണ്. ധര്‍മ്മത്തെയാണ് അവയെല്ലാം മുറുകെപിടിക്കുന്നത്. പൗരാണിക കാലത്തെപ്പോലെ ആത്മീയതയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും പരിപാലിക്കുകയും ജീവിതത്തിലും സത്യസന്ധമായി പുലര്‍ത്തുകയും ചെയ്യുന്നവര്‍ക്ക് കളങ്കമായി ചില കള്ളനാണയങ്ങള്‍ പലേടത്തുമായി നിലനിന്നതിന്റെ ഉദാഹരണമായിരുന്നു റാം റഹിമും ആസാറാം ബാപ്പുമാരുമൊക്കെ. അധികാരവര്‍ഗത്തിന്റെ പരിലാളനയില്‍ ശക്തിയും സ്വാധീനവും വര്‍ധിപ്പിച്ച ഇത്തരക്കാരെ തൊടാന്‍ പോലും കെല്‍പ്പില്ലാത്ത കാലമുണ്ടായിരുന്നു. ചന്ദ്രസ്വാമിയെപ്പോലുള്ളവരുടെ ചരിത്രം വിസ്മരിക്കാനാവില്ല. കൂടാതെ, മന്ത്രിമാരുടെയും എന്തിന് പ്രധാനമന്ത്രിമാരുടെയെല്ലാം സ്വന്തക്കാരും സംരക്ഷകരുമായി വിലസിയ ഒരുപാട് പേരുകള്‍ പറയാന്‍ സാധിക്കും. അവരുടെ അംഗുലീചലനത്തിനൊത്ത് ഭരണചക്രം കറങ്ങിയ കാലവും ഉണ്ടായിരുന്നു. ഇന്നതിന് പ്രസക്തിയില്ല. കള്ളപ്പണമെന്നപോലെ കപടവേഷധാരികളും പിടിക്കപ്പെടുന്നു. സത്യമേവ ജയതേ എന്ന ആപ്തവാക്യം വര്‍ത്തമാന കാലത്ത് അക്ഷരാര്‍ത്ഥത്തില്‍ പാലിക്കപ്പെടുമെന്നാണ് ആസാറാം ബാപ്പുവിനെതിരായ വിധി വ്യക്തമാക്കുന്നത്.

Wednesday, 25 April 2018

അധികാരത്തിന് ദളിതരെ ബലിയാടുകളാക്കരുത്

ദളിത് പ്രക്ഷോഭമെന്നാണ് പേരെങ്കിലും ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള കോണ്‍ഗ്രസിന്റെ ഹീനബുദ്ധിയാണ് ഇതിനുപിന്നിലെന്ന് വ്യക്തം. അക്രമങ്ങള്‍ കുത്തിപ്പൊക്കുന്നതില്‍ മായാവതിയുടെ ബിഎസ്പിയും വലിയ പങ്കുവഹിച്ചു. അക്രമികളെ പ്രോത്‌സാഹിപ്പിച്ചതിന് ഉത്തര്‍പ്രദേശിലെ മുന്‍ ബിഎസ്പി എംഎല്‍എ യോഗേഷ് വെര്‍മ അറസ്റ്റിലാവുകയും ചെയ്തു.
നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കുന്നതിനുവേണ്ടി ഏതറ്റംവരേയും പോയി, എന്തും ചെയ്യാമെന്ന അപകടകരമായ മാനസികാവസ്ഥയിലാണ് കോണ്‍ഗ്രസ്സും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും. ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്ന എസ്‌സി-എസ്ടി നിയമപ്രകാരം കേസെടുക്കുന്നതില്‍ ചില മാര്‍ഗരേഖകള്‍ നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ 'ചില ദളിത് സംഘടനകള്‍' നടത്തിയ ഭാരതബന്ദില്‍ പതിനൊന്ന് പേര്‍ മരിച്ചത് അത്യന്തം നിര്‍ഭാഗ്യകരമാണ്. വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിഷ്‌ക്രിയത പാലിക്കുന്നു എന്നാരോപിച്ച് പ്രക്ഷോഭത്തിനിറങ്ങിയവര്‍ ആസൂത്രിതമായി അക്രമങ്ങള്‍ കുത്തിപ്പൊക്കുകയാണുണ്ടായത്. പലയിടങ്ങളിലും ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടുകയായിരുന്നു. വാഹനങ്ങള്‍ക്ക് തീയിട്ടും പോലീസ്‌സ്‌റ്റേഷന്‍ ആക്രമിച്ചും കരുതിക്കൂട്ടി വെടിയുതിര്‍ത്തും അന്തരീക്ഷം കലാപകലുഷിതമാക്കി. സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്ന് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞതില്‍ ആശ്വസിക്കാം.
ദളിത് പ്രക്ഷോഭമെന്നാണ് പേരെങ്കിലും ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള കോണ്‍ഗ്രസിന്റെ ഹീനബുദ്ധിയാണ് ഇതിനുപിന്നിലെന്ന് വ്യക്തം. അക്രമങ്ങള്‍ കുത്തിപ്പൊക്കുന്നതില്‍ മായാവതിയുടെ ബിഎസ്പിയും വലിയ പങ്കുവഹിച്ചു. അക്രമികളെ പ്രോത്‌സാഹിപ്പിച്ചതിന് ഉത്തര്‍പ്രദേശിലെ മുന്‍ ബിഎസ്പി എംഎല്‍എ യോഗേഷ് വെര്‍മ അറസ്റ്റിലാവുകയും ചെയ്തു. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന്, ബിജെപിയും ആര്‍എസ്എസും ദളിത്‌വിരുദ്ധരാണെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നടത്തിയ നിരുത്തരവാദപരവും ദുരുപദിഷ്ടവുമായ പ്രസ്താവന ഒരര്‍ത്ഥത്തില്‍ കലാപത്തിനുള്ള ആഹ്വാനമായിരുന്നു. വിധിക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാലതാമസം വരുത്തിെയന്ന ആരോപണം അടിസ്ഥാനരഹിതമാണ്. മാര്‍ച്ച് ഇരുപതിനാണ് കോടതിവിധി ഉണ്ടായത്. ഇരുപത്തിയഞ്ചിനുതന്നെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോടതി ദിവസങ്ങളോളം അവധിയിലുമായിരുന്നു. വിധിന്യായം സസൂക്ഷ്മം പഠിക്കേണ്ടതുണ്ടായിരുന്നു. ഈ വസ്തുതകളൊക്കെ ബോധപൂര്‍വ്വം വിസ്മരിച്ച്, ദളിതര്‍ക്കെതിരെ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. 
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണുവച്ചാണ് ബിജെപിയും നരേന്ദ്ര മോദി സര്‍ക്കാരും ദളിത്‌വിരുദ്ധമാണെന്നു വരുത്താന്‍ പ്രതിപക്ഷം ശ്രമിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ബിജെപി അധികാരത്തില്‍ തുടരുന്നത് തടയാനാണ് ശ്രമം. ഇത് വിജയിക്കാന്‍ പോകുന്നില്ല. കാരണം കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടി അടിമുടി ദളിത്‌വിരുദ്ധമാണ്. ഗാന്ധിജിയുടെ ഹരിജനോദ്ധാരണം കൊടിലുകൊണ്ടുപോലും തൊടാന്‍ അറച്ചവരാണവര്‍. ദളിതരുടെ വിമോചകനായ ഡോ. ബി.ആര്‍. അംബേദ്കറെ മുംബൈയില്‍നിന്ന് ലോക്‌സഭയിലേക്ക് ജയിക്കാന്‍ കോണ്‍ഗ്രസ് അനുവദിച്ചില്ല. 1990 വരെ അദ്ദേഹത്തിന്റെ ഛായാചിത്രം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വയ്ക്കാന്‍പോലും കോണ്‍ഗ്രസ്സ് ഇഷ്ടപ്പെട്ടില്ല. അംബേദ്കര്‍ക്ക് 'ഭാരതരത്‌ന' കൊടുക്കാനും തയ്യാറായില്ല.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്രയിലെ കൊറേഗാവിലും ജാതീയമായ കലാപങ്ങളുണ്ടാക്കി കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചതിന്റെ തുടര്‍ച്ചയാണ് സുപ്രീംകോടതിവിധിയുടെ മറപിടിച്ച് ഇപ്പോള്‍ ആ പാര്‍ട്ടി ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ എതിര്‍ധ്രുവത്തിലാണ് ബിജെപിയും നരേന്ദ്ര മോദിയും. ദളിതരുടെ സംരക്ഷണം ഉറപ്പുവരുത്തുകയും, അവരുടെ അഭിമാനം ഉയര്‍ത്തുകയും ചെയ്യുന്ന സര്‍ക്കാരാണ് മോദിയുടേത്. പാര്‍ലമെന്റില്‍ ദളിത് വിഭാഗങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ എംപിമാരുള്ളത് ബിജെപിക്കാണ്. ഇവരില്‍ എട്ടുപേര്‍ ജനറല്‍ സീറ്റില്‍നിന്നാണ് ജയിച്ചിട്ടുള്ളതെന്നോര്‍ക്കണം. ദളിതരെ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്നതിലല്ല, ശാക്തീകരിക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്. മോദിയുടെ ഭരണത്തിന്‍കീഴില്‍ അതാണ്  നടക്കുന്നത്. ദളിതരുടെ പേരില്‍ കലാപങ്ങള്‍ സൃഷ്ടിച്ച് ഇതൊക്കെ തകിടംമറിക്കാമെന്നും ദളിതരുടെ മൃതദേഹങ്ങളില്‍ ചവിട്ടി  അധികാരത്തിലേറാമെന്നും കോണ്‍ഗ്രസ്സും പ്രതിപക്ഷ പാര്‍ട്ടികളും വ്യാമോഹിക്കേണ്ട. കാലം മാറിയിരിക്കുന്നു; ദൡത് ജനവിഭാഗങ്ങളും.

വിദ്യാഭ്യാസ മണ്ടരി

ജാതിയും മതവുമില്ലാത്ത ഒന്നരലക്ഷം പിള്ളാരെ കേരളത്തിലെ പള്ളിക്കൂട മുറ്റത്തുനിന്ന് കണ്ടെത്തി 'യുറേക്ക' എന്ന് ആര്‍ത്തുവിളിക്കുകയാണ് പിണറായി സര്‍ക്കാരിലെ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. നിയമസഭാസമ്മേളനത്തില്‍ ജില്ല തിരിച്ച് ജാതിയും മതവുമില്ലാത്ത പിള്ളാരുടെ എണ്ണക്കണക്ക് വിളിച്ചുകൂവി പുരോഗമന മതേതര വിപ്ലവകാരിയുടെ കുപ്പായക്കോളര്‍ വലിച്ചിട്ട് ഞെളിഞ്ഞ് നിവരുമ്പോഴേക്ക് പറഞ്ഞതത്രയും കളവാണെന്ന് ഓരോ ജില്ലയില്‍ നിന്നും വിവരമെത്തുന്നു. അതെന്താണങ്ങനെ എന്ന് പഴയ ശാസ്ത്രസാഹിത്യ യുക്തിയില്‍ പ്രൊഫസര്‍ക്ക് ഒന്ന് അന്വേഷിച്ചുനോക്കാവുന്നതാണ്. 
കമ്മ്യൂണിസ്റ്റുകള്‍ ജാതിക്കും മതത്തിനും എതിരെ നില്‍ക്കുന്ന ഒന്നാന്തരം പുണ്യാളന്‍ ആഗര്‍ബത്തീസ് ആണെന്ന് വരുത്തിത്തീര്‍ക്കുകയാണ് യുറേക്ക പരീക്ഷ നടത്തി വിദ്യാഭ്യാസവിചക്ഷണനായ മന്ത്രിയുടെ ശ്രമമെന്ന് ഇപ്പോള്‍ അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം അറിയാം. മരിയന്‍ അലക്‌സാണ്ടര്‍ ബേബിയെന്ന കുഞ്ഞാട് വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ് മതമില്ലാത്ത ജീവന്‍ കേരളത്തിലെ പാഠപുസ്തകത്തില്‍ പ്രത്യക്ഷപ്പെട്ടത്. ബേബിക്കും ബേബിയുടെ ഇടവകയിലെ കുടുംബക്കാര്‍ക്കും മതമുള്ള ജീവന്‍, ബേബിയുടെ പിന്നാലെ കൊടിപിടിച്ചു നടന്ന ഗോപാലന്റെയും ശങ്കരന്റെയും പിള്ളാര്‍ക്ക് മതമില്ലാത്ത ജീവന്‍... എന്നിങ്ങനെയായിരുന്നു പാഠഭാഗം വായിച്ചുപഠിപ്പിച്ചുവന്നപ്പോള്‍ പള്ളിക്കൂടങ്ങളായ പള്ളിക്കൂടങ്ങളിലൊക്കെ ഈ മാര്‍ക്‌സിസ്റ്റ് അഭ്യാസത്തിന് ഇരകളാകേണ്ടിവന്ന കുട്ടികള്‍ക്ക് തിരിഞ്ഞത്. അതിനെയാണല്ലോ സഖാവ് പ്രൊഫസറുടെ പാര്‍ട്ടിക്കാര്‍ വൈരുദ്ധ്യാത്മക ഭൗതികവാദം എന്നൊക്കെ വായില്‍ക്കൊള്ളാത്ത പേരിട്ട് വിളിക്കുന്നത്.
അന്നത്തെ മതമില്ലാത്ത ജീവന്‍ പെണ്ണുകെട്ടി കുട്ടികളുണ്ടായതിന്റെ കണക്കാകണം ഇപ്പോള്‍ യുറേക്ക വിശാരദന്‍ നിയമസഭയില്‍ ഒന്നരലക്ഷം എന്ന് വിളിച്ചുപറയുന്നതെന്ന് വേണം നമ്മള്‍ മനസ്സിലാക്കാന്‍. 
ബേബിയും കെഎസ്ടിഎക്കാരും കൂടി മതമില്ലാത്ത ജീവനുമായി ക്‌ളാസ് മുറികളില്‍ കയറിയിറങ്ങിയ അതേകാലത്താണ് സച്ചാര്‍കമ്മിറ്റിയിലെ പോരായ്മകള്‍ നികത്താന്‍ പാലോളി മുഹമ്മദ് കുട്ടി അന്ന് വേറെയൊരു റിപ്പോര്‍ട്ട് പടച്ചത്. ദാരിദ്ര്യത്തിലാണ്ടുപോയ ഞമ്മന്റെ ആളോള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ മെച്ചപ്പെട്ട ഒരു ജീവിതം അത്രേ പാര്‍ട്ടി വിചാരിച്ചിട്ടുള്ളൂ..... 'മതമല്ല മതമല്ല മതമല്ല പ്രശ്‌നം എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം' എന്നാണല്ലോ മുദ്രാവാക്യം. അങ്ങനെ തീയെരിയുന്ന വയറുകളുടെയെല്ലാം തലയെണ്ണം നോക്കി തിട്ടപ്പെടുത്തി, കൊന്തയിട്ടതെത്ര, തട്ടമിട്ടതെത്ര, ചന്ദനക്കുറിയണിഞ്ഞതെത്ര എന്നിങ്ങനെ തരം തിരിച്ചു. പിള്ളാര്‍ക്കെല്ലാം സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി. സഖാക്കള്‍ ശങ്കരനും ഗോപാലനും പിള്ളാരെ ത്രിസന്ധ്യയ്ക്ക് വിളിച്ചിരുത്തി മതമില്ലാത്ത ജീവന്‍ പഠിപ്പിച്ചപ്പോള്‍ അവരുടെ അതേ ബെഞ്ചിലിരുന്ന് പഠിക്കുന്ന ജോസഫും അവുക്കാദറും സര്‍ക്കാര്‍ വക സ്‌കോളര്‍ഷിപ്പ് എണ്ണിവാങ്ങി അപ്പനെയും ബാപ്പയെയും ഏല്‍പിച്ചു. അവര്‍ പള്ളിക്കൂടത്തിലേക്ക് ചേരുമ്പോള്‍ മതം വൃത്തിയായും വെടിപ്പായും നാലാള് കാണുന്ന തരത്തില്‍ എഴുതിവച്ചു. പാലോളിയും ജലീലും ബേബിയും വിപ്ലവകാരികളായി. ജാതിയും മതവുമില്ലാത്ത കുട്ടികളുടെ എണ്ണപ്പെരുക്കം കാട്ടി രവീന്ദ്രന്‍ സാറും വിപ്ലവകാരിയായി. സംഗതി പച്ചക്കള്ളമാണെന്ന് തെളിഞ്ഞിട്ടും വിപ്ലവകാരികളും പുരോഗമനവാദികളും തങ്ങളാണ് നവോത്ഥാനത്തിന്റെ കാവലാളുകള്‍ എന്ന് പോസ്റ്റര്‍ പ്രചാരണം നടത്തുകയാണ് നാടെങ്ങും. 
മനുഷ്യനെ മതം തിരിച്ച്, ജാതി തിരിച്ച് വെവ്വേറെ കോണുകളിലാക്കി, തമ്മിലടിപ്പിച്ച് ചോര കുടിച്ച് തെഴുത്ത പാര്‍ട്ടിക്കാര്‍ക്ക് വേണ്ടിയാണ് രവീന്ദ്രന്‍ സാര്‍ ഈ ശാസ്ത്രസാഹിത്യാഭാസം അത്രയും കാട്ടുന്നതെന്ന് ഓര്‍മ്മ വേണം. അടച്ചിട്ട മുറിയില്‍ കാറ്റും വെളിച്ചവും കയറിയാല്‍ അപ്പോള്‍ ഇടിഞ്ഞുവീഴുന്നത്ര ദുര്‍ബലമാണ് രവീന്ദ്രന്‍ സാറിന്റെ പാര്‍ട്ടി. അകത്തും പുറത്തും അത്രയ്ക്ക് ജാതി ഭ്രാന്താണ്. പട്ടിണിയുടെ തടവുകാരെക്കുറിച്ച് പാടുകയും പട്ടിണിക്കാരെ കണ്ടാല്‍ കൂട്ടം ചേര്‍ന്ന് തല്ലിക്കൊല്ലുകയും ചെയ്യുന്ന ഇടപാടിന് മേലാണ് പാര്‍ട്ടിക്കുപ്പായവും വെന്തിങ്ങയുമിട്ട് എകെജി സെന്ററില്‍ സഭായോഗം ചേരുന്നത്.
പള്ളിക്കൂടരജിസ്റ്ററില്‍ ഒന്നരലക്ഷം മതമില്ലാത്ത ജീവനുകളെ തെരഞ്ഞുപിടിച്ച രവീന്ദ്രന്‍ സാറ് അത്ര കേമനാണേല്‍ ഒരുകാര്യം ആദ്യം ചെയ്യണം. സ്വന്തം പാര്‍ട്ടിയിലെ അംഗത്വ രജിസ്റ്റര്‍ പരിശോധിച്ച് ജാതിയും മതവുമില്ലാത്ത എത്ര സഖാക്കന്മാര്‍ (സഖാത്തികളും) ചെങ്കൊടി പിടിച്ച് നടപ്പുണ്ടെന്ന് പറയാന്‍ തയ്യാറാകണം. അതിന് ആവുന്നില്ലെങ്കില്‍ ഇത്തരം ഉഡായിപ്പ് ഇടപാടുകള്‍ക്കിറങ്ങരുത്.
കേരളത്തിന്റെ നവോത്ഥാനത്തിന് വലിയ ഒരു ചരിത്രമുണ്ട്. ഇന്ന് സമുദായ സംഘടനകള്‍ എന്ന് അറിയപ്പെടുന്നെങ്കിലും എന്‍എസ്എസും എസ്എന്‍ഡിപിയും അടക്കമുള്ള മുന്നേറ്റങ്ങളെല്ലാം രൂപം കൊണ്ടതും പ്രവര്‍ത്തിച്ചതും ജാതിക്കതീതമായ സമാജ ഏകീകരണം ലക്ഷ്യമിട്ടായിരുന്നുവെന്ന് രവീന്ദ്രന്‍ സാറിന് നന്നായി അറിയാം. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും അയ്യാ വൈകുണ്ഠസ്വാമികളും മന്നത്ത് പത്മനാഭനുമൊക്കെ ജാതിക്കുമപ്പുറം സ്വധര്‍മ്മസംരക്ഷണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചവരാണ്. ആ മുന്നേറ്റമാണ് കേരളത്തില്‍ തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കും ജാതീയ വിവേചനങ്ങള്‍ക്കും അവസാനമുണ്ടാക്കിയത്. 
പേരുകേട്ട ഈ നവോത്ഥാനപരിശ്രമങ്ങളുടെ സദ്ഫലങ്ങളെ ഇല്ലാതാക്കുകയും ജാതികേന്ദ്രീകൃത രാഷ്ട്രീയത്തിലൂടെ അധികാരം നേടുകയും ചെയ്ത ഒരു പാര്‍ട്ടിയാണിപ്പോള്‍ നാണംകെട്ട കളികളുമായി വീണ്ടും രംഗത്തിറങ്ങുന്നത്. ജാതീയതയ്‌ക്കെതിരെ കേരളത്തില്‍ നടന്ന നവോത്ഥാനസമരങ്ങള്‍ക്ക് ഐക്യപ്പെടലിനുള്ള ദാഹം പൊതുസ്വഭാവമായിരുന്നു. നവോത്ഥാനനായകന്മാര്‍ മുന്നോട്ടുവച്ച ഈ സാമാജിക ഏകത എന്ന സൂത്രവാക്യത്തില്‍ വിഘടനവാദത്തിന്റെ നഞ്ഞ് കലക്കുകയാണ് ഇഎംഎസ് അടക്കമുള്ള കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ ചെയ്തത്. 
വിശാലമായ സ്വാതന്ത്ര്യദാഹത്തേയും സാമാജിക ബോധത്തെയും തിരസ്‌കരിച്ച് സങ്കുചിതമായ ജാതിവാദത്തിലേക്കും താണവനും ഉയര്‍ന്നവനും എന്ന ഭേദവിചാരത്തിലേക്കും കേരളത്തെ നയിച്ചത് കമ്മ്യൂണിസ്റ്റുകളുടെ ഇടപെടലാണ്. ഒരേ സമയം നവോത്ഥാനത്തിന്റെ നേരവകാശികളെന്ന് വിളിച്ചുകൂവുകയും ജാതിസമവാക്യങ്ങളോട് അധികാരത്തിനുവേണ്ടി ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തു ആ പാര്‍ട്ടി. പട്ടികജാതിക്കാരന്റെ ചാളകളില്‍ നിന്ന് വളര്‍ന്നതെന്ന് ഊറ്റംകൊണ്ടവരുടെ പാര്‍ട്ടികമ്മിറ്റികളില്‍ നിന്ന് ആ വിഭാഗത്തെ തന്ത്രപൂര്‍വം ഒഴിവാക്കി. പട്ടികജാതിക്കാരന് വേണ്ടി പുതിയ വര്‍ഗബഹുജന സംഘടന (പട്ടികജാതി ക്ഷേമസമിതി) സൃഷ്ടിച്ചു. പട്ടികജാതിക്കാരനായ സഖാവ് വളര്‍ന്നാല്‍ ഇപ്പറഞ്ഞ സമിതിയുടെ സെക്രട്ടറിയാകാം എന്നതിനപ്പുറം ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് സാരം. 
വാറ്റുകാരന്‍ മദ്യവിരുദ്ധസമരം ചെയ്യുന്നതുപോലെ ഒരിനം പരിപാടിയാണ് രവീന്ദ്രന്‍സാറിന്റെ ഈ ജാതിയും മതവുമില്ലാത്തവന്റെ കണക്കെടുപ്പെന്ന് ചൂണ്ടിക്കാണിക്കാന്‍ ഒരുപാടുണ്ട് ഉദാഹരണങ്ങള്‍. പി. ജയരാജന്റെ സമാധാനപ്രസംഗം പോലെ, തോമസ്ചാണ്ടിയുടെ പരിസ്ഥിതിപ്രണയം പോലെ, കെ.എം. മാണിയുടെ അധ്വാനവര്‍ഗ സിദ്ധാന്തം പോലെ, പിണറായി വിജയന്‍ വിനയാന്വിതനാകുന്നതുപോലൊക്കെയുള്ള ഒരിടപാടാണ് കമ്മ്യൂണിസ്റ്റ് വിദ്യാഭ്യാസ മന്ത്രിയുടെ ജാതിക്കെതിരായ ഗിരിപ്രസംഗമെന്ന് സാരം.